‘അസമയം’ രാത്രി 10 മുതൽ രാവിലെ 6 മണിവരെ; വെടിക്കെട്ട് നിരോധിച്ച ഉത്തരവ് ഭാഗികമായി റദ്ദാക്കി; പൂരത്തെ ബാധിക്കില്ല
Mail This Article
കൊച്ചി∙ ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് നടത്തുന്നത് നിരോധിച്ച സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഭാഗികമായി റദ്ദാക്കി. ആരാധനാലയങ്ങളിൽ അസമയത്ത് പടക്കം പൊട്ടിക്കരുതെന്ന ഉത്തരവിൽ വ്യക്തത വരുത്തിയ ഡിവിഷൻ ബെഞ്ച്, രാത്രി 10 മുതൽ രാവിലെ 6 മണിവരെയുള്ള സമയത്ത് നിരോധനം സുപ്രീം കോടതി ഏർപ്പെടുത്തിയിട്ടുള്ളത് ചൂണ്ടിക്കാട്ടി.
ഈ നിരോധനം നിലനിൽക്കുമെന്നും എന്നാൽ ഓരോ ആരാധനാലയങ്ങളുടെയും സാഹചര്യം പരിഗണിച്ച് സർക്കാരിന് വെടിക്കെട്ടിന് അനുമതി നൽകാമെന്നും ജസ്റ്റിസ് എ.ജെ.ദേശായി, ജസ്റ്റിസ് വി.ജി.അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തൃശൂർ പൂരത്തിന് വെട്ടിക്കെട്ട് നടത്താമെന്നുള്ള സുപ്രീം കോടതിയുടെ പ്രത്യേക വിധിയും കോടതി ചൂണ്ടിക്കാട്ടി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലാണു പരിഗണിച്ചത്.
എല്ലാ ജില്ലകളിലെയും ആരാധനാലയങ്ങളിൽ പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന പടക്കങ്ങൾ പിടിച്ചെടുക്കാനുള്ള സിംഗിൾ ബെഞ്ച് നിർദേശവും റദ്ദാക്കിയിട്ടുണ്ട്. മരട് മരട്ടിൽ കൊട്ടാരം ഭഗവതി ക്ഷേത്രത്തിലും പരിസരത്തുമുള്ള വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു പരിസരവാസികൾ നൽകിയ ഹർജിയിൽ സിംഗിൾ ബെഞ്ച് ഹർജിയുടെ പരിധിക്കു പുറത്തുള്ള കാര്യങ്ങളും പരിഗണിച്ചെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. സിംഗിൾ ബെഞ്ചിൽ എതിർകക്ഷികൾ സത്യവാങ്മൂലം നൽകണമെന്നും ഹൈക്കോടതി ഡിവിഷൻ നിർദേശിച്ചു.