ADVERTISEMENT

ചെന്നൈ ∙ മലബാറിലേക്കുള്ള യാത്രാപ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ.രാഘവൻ എംപി വീണ്ടും ദക്ഷിണ റെയിൽവേ ആസ്ഥാനത്തെത്തി. ജനറൽ മാനേജർ ആർ.എൻ.സിങ്ങിനെ സന്ദർശിച്ച എംപി, ഷൊർണൂർ - മംഗളൂരു മേഖലയോടുള്ള റെയിൽവേയുടെ അവഗണനയും ട്രെയിനുകളുടെ അഭാവം മൂലമുള്ള തിരക്കും അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചു.

ദേശീയപാതയുടെ നിർമാണം നടക്കുന്നതിനാൽ കൂടുതൽ ആളുകൾ ട്രെയിനുകളെയാണ് ആശ്രയിക്കുന്നതെന്ന് എംപി പറഞ്ഞു. കാലുകുത്താൻ ഇടമില്ലാത്ത വിധമാണ് ട്രെയിനുകളിലെ തിരക്ക്. ആളുകൾ കുഴഞ്ഞുവീഴുന്ന സാഹചര്യം പോലുമുണ്ട്. കോഴിക്കോട് നിന്ന് കാസർകോട്, മംഗളൂരു ഭാഗത്തേക്ക് ഉച്ചയ്‌ക്ക് 2.45 മുതൽ വൈകുന്നേരം 5 വരെ ട്രെയിനുകളില്ല. മംഗളൂരു– കോഴിക്കോട് എക്സ്പ്രസ് (16610) നേരത്തെയാക്കുക, പരശുറാം എക്സ്പ്രസ് വൈകിട്ട് ഒരു മണിക്കൂറോളം കോഴിക്കോട് പിടിച്ചിടുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും എംപി ഉന്നയിച്ചു.

രാവിലെ മംഗളൂരുവിൽ നിന്ന് കോഴിക്കോട് എത്തുന്ന പാസഞ്ചർ ഉച്ചയ്ക്ക് തിരികെ പോകുന്നതിനാൽ യാത്രക്കാരുടെ എണ്ണം വളരെ കുറവാണ്. ഇതിന്റെ സമയം വൈകുന്നേരത്തേക്ക് മാറ്റുന്നതു വഴി വളരെയേറെ യാത്രക്കാർക്ക് ആശ്വാസമാകും. വൈകിട്ടത്തെ കോയമ്പത്തൂർ - കണ്ണൂർ പാസഞ്ചർ 6.15ന് വടക്കോട്ട് പോയാൽ പിന്നീട്, രാത്രി 10 ന് ശേഷമേ ഈ റൂട്ടിൽ ട്രെയിനുകളുള്ളൂ. ഈ ഇടവേളയിൽ ഒരു ട്രെയിൻ അനുവദിക്കണം. ടൂറിസം സാധ്യതകൾ കണക്കിലെടുത്ത് കടലുണ്ടിയിൽ കുടുതൽ എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു. ഫറോക്ക്, എലത്തൂർ, കല്ലായി, വെള്ളയിൽ സ്റ്റേഷനുകളിലെ പ്രശ്നങ്ങളും ചർച്ചയായി. 

കേരളത്തിന് അനുവദിച്ച 12 മെമു സർവീസുകളിൽ ഒന്നു മാത്രമാണു മലബാറിലേക്ക് സർവീസ് നടത്തുന്നത്. ബെംഗളൂരുവിലെ മലയാളികളിൽ പകുതിയും മലബാറുകാരായിട്ടും ഒരു ട്രെയിൻ മാത്രമാണ് മലബാറിലേക്ക് ഓടുന്നതെന്നും എംപി ചൂണ്ടിക്കാട്ടി. ബെംഗളൂരുവിൽ നിന്ന് മംഗളൂരു വഴി കണ്ണൂരിലേക്കുള്ള ട്രെയിൻ (16511/ 12) കോഴിക്കോട്ടേക്ക് നീട്ടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മലബാറിന്റെ യാത്രാ ദുരിതങ്ങൾ പരിഹരിക്കാനുള്ള നടപടി അടിയന്തരമായി കൈക്കൊള്ളുമെന്ന് ജനറൽ മാനേജർ ഉറപ്പു നൽകിയതായി എം.കെ.രാഘവൻ എംപി പറഞ്ഞു.

English Summary:

M.K. Raghavan MP seeks steps to bring down rush in north Kerala trains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com