ഒരു വഴിമുട്ടിയാല്‍ പെരുവഴി; ബ്രിട്ടിഷുകാര്‍ വരേണ്ടി വരുമോ വയനാട് ചുരത്തിന് ബദല്‍ നിര്‍മിക്കാന്‍ ?
വയനാട് ചുരത്തിന് ബദല്‍ പാത വേണമെന്നത് ദശാബ്ദങ്ങളായുള്ള ആവശ്യമാണ്. പല പഠനങ്ങള്‍ നടത്തുകയും പല പാതകള്‍ കണ്ടെത്തുകയും ചെയ്തതുമാണ്. തറക്കല്ലിടലും ഉദ്ഘാടന മാമാങ്കവും നടത്തിയതല്ലാതെ ഒന്നും സംഭവിച്ചില്ല. ഒരോ സര്‍ക്കാര്‍ വരുമ്പോളും പുതിയ പഠനങ്ങള്‍ നടത്തുകയും റിപ്പോര്‍ട്ടുകള്‍ ഭദ്രമായി സൂക്ഷിക്കുകയും
വയനാട് ചുരത്തിന് ബദല്‍ പാത വേണമെന്നത് ദശാബ്ദങ്ങളായുള്ള ആവശ്യമാണ്. പല പഠനങ്ങള്‍ നടത്തുകയും പല പാതകള്‍ കണ്ടെത്തുകയും ചെയ്തതുമാണ്. തറക്കല്ലിടലും ഉദ്ഘാടന മാമാങ്കവും നടത്തിയതല്ലാതെ ഒന്നും സംഭവിച്ചില്ല. ഒരോ സര്‍ക്കാര്‍ വരുമ്പോളും പുതിയ പഠനങ്ങള്‍ നടത്തുകയും റിപ്പോര്‍ട്ടുകള്‍ ഭദ്രമായി സൂക്ഷിക്കുകയും
വയനാട് ചുരത്തിന് ബദല്‍ പാത വേണമെന്നത് ദശാബ്ദങ്ങളായുള്ള ആവശ്യമാണ്. പല പഠനങ്ങള്‍ നടത്തുകയും പല പാതകള്‍ കണ്ടെത്തുകയും ചെയ്തതുമാണ്. തറക്കല്ലിടലും ഉദ്ഘാടന മാമാങ്കവും നടത്തിയതല്ലാതെ ഒന്നും സംഭവിച്ചില്ല. ഒരോ സര്‍ക്കാര്‍ വരുമ്പോളും പുതിയ പഠനങ്ങള്‍ നടത്തുകയും റിപ്പോര്‍ട്ടുകള്‍ ഭദ്രമായി സൂക്ഷിക്കുകയും
വയനാട് ചുരത്തിന് ബദല്‍ പാത വേണമെന്നത് ദശാബ്ദങ്ങളായുള്ള ആവശ്യമാണ്. പല പഠനങ്ങള്‍ നടത്തുകയും പല പാതകള്‍ കണ്ടെത്തുകയും ചെയ്തതുമാണ്. തറക്കല്ലിടലും ഉദ്ഘാടന മാമാങ്കവും നടത്തിയതല്ലാതെ ഒന്നും സംഭവിച്ചില്ല. ഓരോ സര്‍ക്കാര്‍ വരുമ്പോളും പുതിയ പഠനം നടത്തുകയും അതിന്റെ റിപ്പോര്‍ട്ട് ഭദ്രമായി സൂക്ഷിക്കുകയും ചെയ്യും. ഏറ്റവും ഒടുവില്‍, നൂറുദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയനാട്ടിലേക്കു തുരങ്കപാത നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചു. വര്‍ഷം മൂന്നു കഴിഞ്ഞിട്ടും തുരങ്കം നിര്‍മിക്കുന്നതിന് കാടു വെട്ടാന്‍ കത്തിയുമായിപ്പോലും ആരും ഈ വഴി വന്നില്ല.
ചുരം ബ്ലോക്ക് ഒഴിവാക്കുമെന്നും ബദല്‍ പാത നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നുമുള്ള മോഹനവാഗ്ദാനം കേട്ടുകേട്ടു മടുത്ത ജനമാണ് വയനാട്ടിലും കോഴിക്കോടിന്റെ മലയോര മേഖലയിലുമുള്ളത്. വയനാടിന്റെയും കോഴിക്കോടിന്റെയും മാത്രം പ്രശ്‌നമായി ഒഴിവാക്കി നിര്‍ത്തിയിരുന്ന ഗതാഗതക്കുരുക്ക് ഗുരുതരമായ സാഹചര്യത്തിലെത്തി. നടുറോഡില്‍ ആളുകള്‍ പട്ടിണി കിടക്കേണ്ട അവസ്ഥയായി.
ഇത്രയൊക്കെയായിട്ടും സര്‍ക്കാരിന്റെ അനങ്ങാപ്പാറ നയത്തിന് യാതൊരു മാറ്റവുമില്ല. ഈ സാഹചര്യത്തിലാണ് ബദല്‍ പാതകളുടെ നിര്‍മാണമുള്‍പ്പെടെയുള്ള കാര്യങ്ങളുമായി രാഷ്ട്രീ പാര്‍ട്ടികളും സംഘടനകളും പ്രത്യക്ഷ സമരത്തിനിറങ്ങിയത്. വിലങ്ങാട്- കുഞ്ഞോം, മേപ്പാടി- നിലമ്പൂര്‍, പടിഞ്ഞാറത്തറ- പൂഴിത്തോട്, ആനക്കാം പൊയില്‍ -കള്ളാടി തുരങ്കപാത തുടങ്ങി പല ബദല്‍ പാതകളും ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്.
ആനക്കാം പൊയില്‍ -കള്ളാടി തുരങ്കപാത എന്ന സ്വപ്‌ന പദ്ധതി
വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച് ഏഴു കിലോമീറ്ററോളം ദൂരമുള്ള തുരങ്കത്തിലൂടെയാണ് ആനക്കാം പൊയില്‍ -കള്ളാടി തുരങ്കപാത ആസൂത്രണം ചെയ്തത്. 2020 സെപ്റ്റംബറില്‍, 100 ദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്നു പ്രഖ്യാപിച്ചു. പ്രാഥമിക പഠനങ്ങളും പരിശോധനകളും നടത്തിയല്ലാതെ പ്രത്യേകിച്ചൊന്നും നടന്നില്ല.
കള്ളാടി- ആനക്കാംപൊയില്‍ തുരങ്ക പാത എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നിരന്തര സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ 2014 ല്‍ പൊതുമരാമത്ത് വകുപ്പ് സാധ്യതാ പഠനം നടത്തി തുരങ്കപാത നിര്‍മിക്കാന്‍ അനുയോജ്യമെന്ന് കണ്ടെത്തി. 2016 ല്‍ സര്‍ക്കാര്‍ ഇ.ശ്രീധരനുമായി ചര്‍ച്ച നടത്തുകയും ചെയ്തു. 2017 ലെ സംസ്ഥാന ബജറ്റില്‍ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ 20 കോടി രൂപ വകയിരുത്തി. തുടര്‍ന്ന് തുരങ്കപാതയുടെ വിശദ പഠന റിപ്പോര്‍ട്ട് തയാറാക്കലും നിര്‍മാണവും കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷനെ ഏല്‍പിച്ചു. കൊങ്കണ്‍ റെയില്‍വേ പ്രാഥമിക പരിശോധന നടത്തി പാതയുടെ അലൈന്‍മെന്റ് തയാറാക്കി.
വയനാട് മേപ്പാടി ഭാഗത്തും ചൂരല്‍മല ഭാഗത്തും അവസാനിക്കുന്ന നാല് അലൈന്‍മെന്റുകളാണ് തയാറാക്കിയത്. മേപ്പാടി കള്ളാടി ഭാഗത്ത് അവസാനിക്കുന്ന അലൈന്‍മെന്റ് പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ചു. പരമാവധി കാട് ഒഴിവാക്കിയുള്ള അലൈന്‍മെന്റാണ് തിരഞ്ഞെടുത്തത്. അതു പ്രകാരം മറിപ്പുഴ ഭാഗത്ത് 70 മീറ്റര്‍ നീളത്തില്‍ പാലവും അനുബന്ധ റോഡും നിര്‍മിക്കും. സ്വര്‍ഗംകുന്ന് മുതല്‍ വയനാട്ടിലെ കള്ളാടി വരെ 6.8 കിലോമീറ്റര്‍ ദൂരത്തില്‍ തുരങ്കവും പിന്നീട് കള്ളാടി ഭാഗത്തേക്ക് അനുബന്ധറോഡും രണ്ടുവരി പാതയായി നിര്‍മിക്കും. ഇങ്ങനെയാണ് തുരങ്ക പാതാ പദ്ധതി.
പഴശ്ശിരാജയുടെ കാലത്തുള്ള കുഞ്ഞോം- വിലങ്ങാട് പാത
നാലു പതിറ്റാണ്ടായി ചര്‍ച്ചയിലുള്ളതാണ് കുഞ്ഞോ-വിലങ്ങാട് പാത. തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോം, കുങ്കിച്ചിറ വഴി കോഴിക്കോട് ജില്ലയിലെ വിലങ്ങാട് പാനോത്ത് എത്തുന്ന നിര്‍ദിഷ്ട ചുരമില്ലാ പാതയാണിത്. 1977 ല്‍ അന്നത്തെ വനംമന്ത്രി കാന്തലോട്ട് കുഞ്ഞമ്പുവാണ് ഈ റോഡിന്റെ സാധ്യത പഠിക്കാനും തുടര്‍നടപടി സ്വീകരിക്കാനുമായി ഫണ്ട് അനുവദിച്ചത്. 6.94 കിലോമീറ്റര്‍ മാത്രമാണ് പുതിയതായി റോഡ് നിര്‍മിക്കേണ്ടത്. പഴശ്ശിരാജയുടെ കാലത്ത് സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഇടംപിടിച്ച പാതയാണിത്. ബ്രിട്ടിഷ് കാലത്തോളം പഴക്കമുള്ള റോഡാണിത്.
2004 ല്‍ തൊണ്ടര്‍നാട് പഞ്ചായത്ത് ഈ റോഡ് വിഷയവുമായി ബന്ധപ്പെട്ട് അടിയന്തര യോഗം ചേർന്ന്, റോഡ് നിര്‍മിക്കാനാവശ്യമായ വനം ഭൂമിക്ക് പകരം ഭൂമി വിലകൊടുത്തു വാങ്ങി കൈമാറാൻ തീരുമാനിച്ചു. വനം മന്ത്രിക്ക് പഞ്ചായത്ത് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സര്‍വേ നടത്തി, സംസ്ഥാന പാതയായി വികസിപ്പിക്കാവുന്ന പാതയാണിതെന്നു കണ്ടെത്തി. റോഡ് നിര്‍മിച്ചാല്‍ ചുരമില്ലാത്ത പാത വഴി കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളെ എളുപ്പത്തില്‍ ബന്ധിപ്പിക്കാന്‍ കഴിയും. ഈ റോഡിനു വേണ്ടി നാട്ടുകാര്‍ ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചെങ്കിലും ഫയലുകള്‍ നീങ്ങിയില്ല.
തേക്ക് കടത്തിയിരുന്ന നിലമ്പൂര്‍- മേപ്പാടി റോഡ്
സ്വാതന്ത്ര്യം ലഭിക്കുന്നതിുമുമ്പ് തന്നെ ഉപയോഗത്തിലുണ്ടായിരുന്ന റോഡാണ് നിലമ്പൂര്‍- മേപ്പാടി റോഡ്. മുണ്ടേരി കാടുകളില്‍നിന്ന് നിലമ്പൂര്‍ റെയില്‍ പാതയിലേക്ക് തേക്കും മറ്റും കടത്തിയത് ഈ വഴിയായിരുന്നു. നിലമ്പൂരിലേക്ക് പോകാന്‍ ഒരുകാലത്ത് ആളുകള്‍ ഈ വഴി ഉപയോഗിച്ചിരുന്നു. ഈ റോഡിനും വിലങ്ങുതടിയായിരിക്കുന്നത് വനംവകുപ്പാണ്. 57 കിലോമീറ്ററില്‍ 22 കിലോമീറ്റര്‍ റോഡ് നിര്‍മാണം കഴിഞ്ഞതാണ്. ഇതില്‍ 7 കിലോമീറ്ററാണ് വനപാത വരുന്നത്. ഇത് വിട്ടുനല്‍കാന്‍ വനംവകുപ്പ് തയാറല്ല. വനപാതയിലൂടെ റോഡ് നിര്‍മിക്കാന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് 2019ലും നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ, ഫോറസ്റ്റ് കണ്‍സര്‍വേറ്റർക്ക് കത്ത് അയച്ചിരുന്നു.
നിലവില്‍ നിലമ്പൂരില്‍നിന്ന് നാടുകാണി വഴി 100 കിലോമീറ്റര്‍ ആണ് മേപ്പാടിയിലേക്ക്. എന്നാല്‍ ബദല്‍ പാത യാഥാർഥ്യമായാല്‍ 48 കിലോമീറ്റര്‍ കൊണ്ട് വയനാട്ടില്‍ എത്താം. ഇതില്‍ മുണ്ടേരി ഫാം മുതല്‍ 7 കിലോമീറ്റര്‍ വനഭൂമിയാണ്. പകരം ഭൂമി ഏറ്റെടുത്തു നല്‍കാമെന്ന് അറിയിച്ചിട്ടും സ്ഥലം വിട്ടുനല്‍കാന്‍ വനംവകുപ്പ് തയാറാകുന്നില്ല.
70 ശതമാനം പൂര്‍ത്തിയായ പൂഴിത്തോട്- പടിഞ്ഞാറത്ത റോഡ്
ബദല്‍പാതകളില്‍ വളരെ സജീവമായി ചര്‍ച്ചയിലുള്ളതാണ് പൂഴിത്തോട്- പടിഞ്ഞാറത്തറ റോഡ്. ബാണാസുരമലയ്ക്കും തരിയോട് മലയ്ക്കും ഇടയിലൂടെ വലിയ കയറ്റങ്ങളും വളവുകളുമില്ലാതെ നിര്‍മിക്കാന്‍ സാധിക്കുന്നതാണ് ഈ പാത. കോഴിക്കോട്ട്നിന്ന് 58 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പൂഴിത്തോടെത്താം. പൂഴിത്തോട് അങ്ങാടിയില്‍നിന്ന് ഒൻപതു കിലോമീറ്ററാണ് വയനാട് അതിര്‍ത്തിയിലേക്കുള്ളത്. ബാക്കിയുള്ള 18 കിലോമീറ്റര്‍ റോഡ് വയനാട് ജില്ലയിലൂടെയാണ് കടന്നു പോകുന്നത്.
1988 ലാണ് പടിഞ്ഞാറത്തറ –പൂഴിത്തോട് റോഡിനെക്കുറിച്ചുള്ള ചര്‍ച്ച സജീവമായത്. 1991ല്‍ പൊതുമരാമത്ത് വകുപ്പ് ഇടപെട്ടു റോഡിന്റെ സര്‍വേ പൂര്‍ത്തിയാക്കി. 52 ഏക്കര്‍ വനഭൂമിക്ക് പകരം 104 ഏക്കര്‍ സ്ഥലം വനംവകുപ്പിനു വിട്ടുകൊടുക്കാന്‍ ധാരണയായി. 1993ല്‍ പൊതുമരാമത്ത് വകുപ്പ് റോഡ് നിര്‍മാണത്തിനായി വടകരയില്‍ ഡിവിഷന്‍ ഓഫിസ് തുടങ്ങി. 1994ല്‍ ഈ റോഡിന് ഭരണാനുമതി ലഭിച്ചു. റോഡ് വരുമെന്ന പ്രതീക്ഷയില്‍ 200ല്‍ അധികം കുടുംബങ്ങള്‍ 54 ഏക്കറോളം ഭൂമി സര്‍ക്കാരിനു വിട്ടുനല്‍കി.
1994ല്‍ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍ ചുരമില്ലാ ബദല്‍പ്പാതയുടെ പ്രവൃത്തി പടിഞ്ഞാറത്തറയില്‍ ഉദ്ഘാടനം ചെയ്തു. 27 കിലോമീറ്റര്‍ വരുന്ന ബദല്‍പ്പാതയില്‍ വയനാട് ജില്ലയിലെ കാപ്പിക്കളം വരെയും കോഴിക്കോട് ജില്ലയില്‍ പൂഴിത്തോട് വരെയുമാണ് 14.2 കിലോമീറ്റര്‍ റോഡ് നിര്‍മിച്ചത്. ബാക്കി 12.9 കിലോമീറ്റര്‍ വനഭൂമിയിലൂടെയാണ് കടന്നുപോവേണ്ടത്.
സ്വകാര്യ വ്യക്തികളുടെ ഭൂമിയിലൂടെ നിര്‍മാണം പൂര്‍ത്തിയാക്കി വനഭൂമിയുടെ അടുത്തെത്തിയതോടെ പ്രശ്‌നങ്ങള്‍ തുടങ്ങി. വനം വകുപ്പ് നല്‍കിയ റിപ്പോര്‍ട്ട് ബദല്‍പാതയുടെ മരണമണിയായി. ഇതോടെ ഏഴുപത് ശതമാനത്തോളം പൂര്‍ത്തിയായ റോഡ് രണ്ടറ്റം കൂട്ടിമുട്ടാതെ നില്‍ക്കുന്നു.
റോഡിനായി സ്വകാര്യ വ്യക്തികളുടെ 52 ഏക്കറോളം ഭൂമി സൗജന്യമായാണ് വിട്ടുകൊടുത്തത്. വനംവകുപ്പിന്റെ കീഴിലുള്ള 20.9 ഏക്കര്‍ ഭൂമിക്ക് പകരം ഇരട്ടി ഭൂമി വനവല്‍ക്കരണത്തിനും വിട്ടുകൊടുത്തു. ഇതിനു ശേഷമാണ് വനംവകുപ്പ് റോഡിന് പ്രതികൂലമായി റിപ്പോര്‍ട്ട് നല്‍കിയത്. സ്ഥലത്ത് അപൂര്‍വയിനം ജന്തുക്കളുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടിലെ പരാമര്‍ശം.
വയനാട് ചുരം ബൈാസുകള്‍
വയനാട് ചുരത്തിന് പ്രധാനമായും മൂന്ന് ബൈപാസ് റോഡുകളുടെ രൂപരേഖയാണുള്ളത്. ഇതില്‍ ഒന്നാമത്തേത് ചിപ്പിലത്തോട് - മരുതിലാവ്- കലമാന്‍ പാറ- തളിപ്പുഴ റോഡാണ്. 14 കിലോമീറ്ററാണ് ഈ റോഡ്. പല തവണ ഈ റോഡിനെക്കുറിച്ച് പഠനം നടത്തി. എളുപ്പത്തില്‍ നടപ്പാക്കാന്‍ സാധ്യമാണെന്നും കണ്ടെത്തി. ഒറ്റ വര്‍ഷം കൊണ്ടു നിര്‍മാണം പൂര്‍ത്താക്കാന്‍ സാധിക്കുന്ന റോഡാണിത്.
തുഷാരഗിരി- മരുതിലാവ്- ലക്കിടി റോഡും ചുരം ബൈപാസ് റോഡായി പരിഗണനയിലുള്ളതാണ്. ഇതില്‍ തുഷാരഗിരി വരെ ഉന്നത നിലവാരത്തില്‍ നിര്‍മിച്ച റോഡുണ്ട്.
മരുതിലാവ്- ലക്കിടി ടണല്‍ റോഡാണ് മറ്റൊന്ന്. മരുതിലാവില്‍നിന്ന് 2.75 കിലോമീറ്റര്‍ ദൂരം തുരങ്കത്തിലൂടെയാണ് ഈ റോഡ് കടന്നു പോകേണ്ടത്. തുരങ്ക നിര്‍മാണം തന്നെയാണ് ഇവിടെയും പ്രധാന പ്രശ്‌നം. ഇങ്ങനെ മൂന്ന് പദ്ധതികള്‍ ചുരം ബൈപാസ് നിര്‍മാണത്തിനുണ്ടെങ്കിലും സര്‍വെ നടപടികള്‍ക്കപ്പുറത്തേക്ക് ഒന്നും നടക്കുന്നില്ല.
വഴികള്‍ പലത്; പരിഹാരം അകലെ
വയനാട്ടിലുള്ള പ്രായം ചെന്ന ആള്‍ക്കാര്‍ കോഴിക്കോടിനെ ‘താഴെ രാജ്യം’ എന്നാണ് വിളിച്ചിരുന്നത്. കോഴിക്കോട്ടേക്കു പോകുക എന്നത് മറ്റൊരു രാജ്യത്തേക്കു പോകുന്നതു പോലെയായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. ഇപ്പോള്‍ ദിവസവും കല്‍പറ്റയില്‍നിന്നു കോഴിക്കോട്ട് പോയി ജോലി ചെയ്തു വരുന്നവരുണ്ട്. ദിവസവും കോഴിക്കോട്ടുനിന്നു വയനാട്ടില്‍ വന്ന് ജോലി ചെയ്തുപോകുന്നവരും നിരവധിയാണ്. അപ്പോഴും കാര്യമായ മാറ്റമുണ്ടാകാത്തത് വയനാട്ടിലേക്കുള്ള റോഡുകള്‍ക്കാണ്. പുതിയ ഒരു റോഡിന്റെ നിര്‍മാണം പോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. എല്ലാം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു.
നാമമാത്രമായ കെഎസ്ആര്‍ടിബസും ചരക്കുലോറികളും മാത്രം ഓടിയിരുന്ന വയനാട് ചുരത്തിലൂടെ ഇന്ന് വാഹനപ്രവാഹമാണ്. ഇത്രയും വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ ചുരം റോഡിന് സാധിക്കില്ല. അതുകൊണ്ട് പുതിയ റോഡുകള്‍ നിര്‍മിക്കുക മാത്രമാണ് ഗതാഗതക്കുരുക്കിനുള്ള പരിഹാര മാര്‍ഗം. കരിന്തണ്ടന്റെ സഹായത്തോടെ ബ്രിട്ടിഷുകാരാണ് വയനാട് ചുരം നിര്‍മിച്ചത്. ഇനി ബദല്‍ റോഡും നിര്‍മിക്കാന്‍ ബ്രിട്ടിഷുകാര്‍ തന്നെ വരേണ്ടി വരുമോ എന്നാണ് നാട്ടുകാരുടെ ചോദ്യം. നല്ല റോഡുകളാണ് ഒരു നാടിന്റെ വികസനത്തിന്റെ മുഖം എന്നു പറയാറുണ്ട്. പക്ഷേ വയനാട് എന്ന വിനോദ സഞ്ചാര കേന്ദ്രത്തിന്റെ ദുരന്തമുഖമായി ചുരം റോഡ് മാറിയിരിക്കുകയാണ്.