ഇന്ത്യ പരാജയപ്പെട്ടത് ഫൈനൽ മത്സരം ഇന്ദിരാ ഗാന്ധിയുടെ ജന്മദിനത്തിൽ നടന്നതിനാൽ: അസം മുഖ്യമന്ത്രി
Mail This Article
ന്യൂഡൽഹി∙ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയുടെ പരാജയത്തെ തുടർന്നുള്ള കോൺഗ്രസ് – ബിജെപി വാക്പോര് തുടരുന്നു. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജന്മദിനത്തിൽ ഫൈനൽ മത്സരം നടന്നതിനാലാണ് ഇന്ത്യ പരാജയപ്പെട്ടതെന്നാണ് പുതിയ ആരോപണം. ബിജെപി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമയാണ് ഇത്തരത്തിൽ ആരോപണം ഉന്നയിച്ചത്.
‘‘നമ്മൾ എല്ലാ മത്സരവും വിജയിച്ചുവന്ന് ഫൈനലിൽ പരാജയപ്പെട്ടു. എന്തുകൊണ്ടാണ് നമ്മൾ പരാജയപ്പെട്ടതെന്ന് ഞാൻ ഏറെ അന്വേഷിച്ചു, ഇന്ദിരാ ഗാന്ധിയുടെ ജന്മദിനത്തിന്റെ അന്നാണ് ഫൈനൽ മത്സരം അരങ്ങേറിയത് എന്നതാണ് കാരണമായി കണ്ടെത്തിയത്. ഇന്ദിരാ ഗാന്ധിയുടെ ജന്മദിനത്തിൽ ഫൈനൽ മത്സരം കളിച്ചു, രാജ്യം പരാജയപ്പെടുകയും ചെയ്തു. എനിക്ക് ബിസിസിഐയോട് ഒരു അപേക്ഷയുണ്ട്. ഗാന്ധി കുടുംബത്തിലെ ആരുടെയെങ്കിലും ജന്മദിനത്തിന്റെ അന്ന് ഇന്ത്യയുടെ മത്സരങ്ങൾ നടത്തരുത്. ലോകകപ്പ് ഫൈനലിൽനിന്നാണ് എനിക്കിത് മനസ്സിലായത്’’–ഹിമന്ത ശർമ പറഞ്ഞു.
നവംബർ 19ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ – ഓസ്ട്രേലിയ ക്രിക്കറ്റ് ഫൈനൽ മത്സരത്തിൽ ആറു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തുവന്നിരുന്നു. ഇന്ത്യ ലോകകപ്പ് നേടേണ്ടതായിരുന്നു എന്നും ‘അപശകുനം’ എത്തിയതോടെയാണ് പരാജയപ്പെട്ടതെന്നും ലോകകപ്പ് ഫൈനലിലെ മോദിയുടെ സാന്നിധ്യത്തെ രാഹുൽ പരോക്ഷമായി പരിഹസിച്ചിരുന്നു.
രാഹുലിന്റെ പരാമർശത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷനു പരാതിയും നൽകി. 1982ലെ ഏഷ്യാഡ് ഹോക്കി ഫൈനലിൽ ഇന്ത്യ പാക്കിസ്ഥാനോടു ഗോൾനിലയിൽ പിന്നിട്ടു നിൽക്കുമ്പോൾ ഇന്ദിരാ ഗാന്ധി ഇറങ്ങിപ്പോയത് ടീമിനെ അവഹേളിക്കുന്നതായിരുന്നെന്നും അന്നാരും അപശകുനം എന്നു വിളിച്ചില്ലെന്നും ബിജെപി ജനറൽ സെക്രട്ടറി രാധാമോഹൻ അഗർവാൾ പറഞ്ഞു.