'അമ്മാ ആ പോസ്റ്റിനടുത്ത് ഒരു വെള്ളക്കാര്‍ കിടപ്പുണ്ട്'; കുട്ടികള്‍ കാറിനെ നോക്കിയിരുന്നത് പേടിയോടെ
Mail This Article
കൊല്ലം ∙ മക്കള്‍ ആ വെള്ളക്കാറിനെക്കുറിച്ച് നേരത്തേ കുടുംബത്തോട് പറഞ്ഞിരുന്നുവെന്ന് കൊല്ലം ഓയൂരില്‍നിന്ന് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ അബിഗേലിന്റെ മുത്തശ്ശി. തട്ടിക്കൊണ്ടു പോയെന്നു കരുതുന്ന കാര്‍ കുറഞ്ഞത് 5 ദിവസമായി ഇവരുടെ വീടിനു സമീപത്തുണ്ടായിരുന്നെന്നാണ് ജോനാഥനും നാട്ടുകാരില്‍ ചിലരും പറയുന്നത്. എന്നാല്‍ ഈ നാട്ടില്‍ അത്തരം സംശയങ്ങളോ ദുരൂഹതകളോ ഒന്നും ഇല്ലെന്ന് പറഞ്ഞ് കുട്ടികളെ ആശ്വസിപ്പിച്ചതായും മുത്തശ്ശി വ്യക്തമാക്കുന്നു. 'അമ്മാ ആ പോസ്റ്റിനടുത്ത് ഒരു വെള്ളക്കാര്‍ കിടപ്പുണ്ട്. അതില്‍ രണ്ടുപേരുണ്ട്. അവര്‍ ഞങ്ങളെ നോക്കുന്നുണ്ട് എന്നാണ് അബിഗേലിന്റെ സഹോദരന്‍ നേരത്തേ കുടുംബത്തോട് പറഞ്ഞത്. ആ കാറിനെ പേടിയോടെയാണ് കുട്ടികള്‍ നോക്കിയത്. അതുകൊണ്ട് വടിയെടുത്തു കൊണ്ടാണ് ഇരുവരും കാറിനെ സമീപിച്ചതെന്നു ജോനാഥന്‍ പറഞ്ഞു.
കൊല്ലം ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയെ 15 മണിക്കൂര്‍ പിന്നിട്ടിട്ടും കണ്ടെത്താനായിട്ടില്ല. സംസ്ഥാനവ്യാപകമായ തിരച്ചില്‍ തുടരുകയാണ്. പ്രതിയുടേതെന്ന് സംശയിക്കുന്ന രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. കൊല്ലത്ത് ഐ.ജി ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ട് തിരച്ചിലിന് നേതൃത്വം നല്‍കുന്നു. പ്രതികള്‍ ഫോണ്‍ ചെയ്യാനെത്തിയ കടയിലെ ആളുകള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയാറാക്കിയത്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി ഐ.ജി ജി.സ്പര്‍ജന്‍കുമാര്‍ വ്യക്തമാക്കി. തട്ടിക്കൊണ്ടുപോയവരെന്ന് സംശയിക്കുന്നവര്‍ ഇന്നലെ വൈകിട്ട് രണ്ടുതവണ കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചിരുന്നു. ആദ്യം അഞ്ചുലക്ഷം രൂപയും രണ്ടാമത് 10 ലക്ഷം രൂപയും മോചനദ്രവ്യം ആവശ്യപ്പെട്ടു.
പുലര്‍ച്ചെ വേളമാനൂരില്‍ റബര്‍ തോട്ടത്തിനു നടുവിലുള്ള ആളൊഴിഞ്ഞ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ഒരു ഓട്ടോറിക്ഷ അവിടേയ്ക്കു വന്നുവെന്നും പിന്നീട് കണ്ടില്ലെന്നും പൊലീസിനു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാല്‍ ഇവിടെ ആളില്ലെന്ന് ഉറപ്പാക്കി പൊലീസ് മടങ്ങുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ആറരമണിക്കു ശേഷം അതിവേഗത്തില്‍ ഒരു കാര്‍ പാഞ്ഞുപോകുന്നത് കണ്ടത്.