ആഡംബരങ്ങളും അവകാശവാദങ്ങളുമില്ല; ആശ്വസിപ്പിച്ചും പരിഹരിച്ചും സിദ്ധരാമയ്യയുടെ ജനസമ്പർക്കം
Mail This Article
ബെംഗളൂരു∙ ആഡംബരങ്ങളും അവകാശവാദങ്ങളുമില്ലാതെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ‘ജനതാ ദർശൻ’ ജനസമ്പർക്ക പരിപാടിക്ക് തുടക്കമായി. ഒൗദ്യോഗിക വസതിയിലെ ഓഫിസായ കൃഷ്ണയിൽ ഇന്നലെ ആയിരങ്ങൾ അദ്ദേഹത്തെ കണ്ട് പരാതികളും അപേക്ഷകളും സമർപ്പിച്ചു.
മുൻ സിദ്ധരാമയ്യ സർക്കാരിന്റെ (2013–18) കാലത്തും ജനതാ ദർശൻ ഏറെ ജനപ്രീതി നേടിയിരുന്നു. ഇക്കുറി അധികാരമേറ്റ ശേഷം ഇത്ര വിപുലമായി ഇതാദ്യമായാണ് സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവരുടെ നീണ്ട ക്യൂ അതിരാവിലെ തന്നെയുണ്ടായിരുന്നു.
തൊഴിലില്ലായ്മ, ഭൂമി തർക്കങ്ങൾ, ചികിത്സാച്ചെലവ്, നഷ്ടപരിഹാരം വൈകൽ, വീടില്ലായ്മ, കാർഷിക കടം എഴുതിത്തള്ളൽ, ജലസേചന സൗകര്യമൊരുക്കൽ ,വൈദ്യുതി വിതരണത്തിലെ അപാകത, വാർധക്യ പെൻഷൻ, സ്വത്തുതർക്കം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങളിലേക്കാണ് ജനം മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചത്.
കാലങ്ങളായി പരിഹാരമില്ലാതെ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്ന പരാതികൾക്കാണു മുൻഗണന ലഭിച്ചത്. 31 ജില്ലകളിലെ കലക്ടർമാരും മറ്റു മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. ഉദ്യോഗസ്ഥർക്കു പരാതി സമർപ്പിക്കുന്നതിനെ തുടർന്ന് ലഭിക്കുന്ന രസീതുമായി മുഖ്യമന്ത്രിയെ നേരിൽ കാണാൻ അവസരം നൽകുകയായിരുന്നു. വൈകിട്ട് 6 വരെ കേട്ട 1805 പരാതികളിൽ 37 എണ്ണം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ തന്നെ തീർപ്പാക്കി.
സഹായമൊരുക്കി ‘ജനതാ ദർശൻ’
∙ പിഎച്ച്ഡി നേടിയിട്ടും ജോലി ലഭിച്ചില്ലെന്നതാണ് മുഖ്യമന്ത്രിയെ കാണാനെത്തിയ ബെംഗളൂരുസ്വദേശി ചന്ദ്രശേഖരന്റെ (40) പരാതി. സർക്കാർ കോളജുകളിൽ താൽക്കാലിക അധ്യാപകനായ ഇദ്ദേഹം മുഖ്യമന്ത്രിയോട് നേരിട്ട് സങ്കടമുണർത്തിക്കാൻ അവസരം ലഭിച്ചതിന്റെ ആശ്വാസത്തിലാണ്.
∙ ഉന്തുവണ്ടി കച്ചവടക്കാരിയായ നിഗമ്മയ്ക്ക് പൊലീസിന്റെയും ബിബിഎംപിയുടെയും ഭാഗത്തു നിന്നു നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചാണ് പറഞ്ഞത്. ഇത്തരം ചെറുകിട കച്ചവടക്കാരെ ഉപദ്രവിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
∙ കേൾവിത്തകരാറുള്ള സവിതയുടെ ജീവിതവ്യഥ കേട്ടയുടൻ മുഖ്യമന്ത്രി ജോലി ഉറപ്പു നൽകി. ഭിന്നശേഷിക്കാരായ 148 പേർക്ക് ഉടൻ മുച്ചക്ര സൈക്കിളുകൾ നൽകാൻ ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥിനു നിർദേശം നൽകി. ഇവർക്ക് ജീവിതോപാധി കണ്ടെത്താനുള്ള വായ്പ 15 ദിവസത്തിനകം നൽകുമെന്ന് ഉറപ്പു നൽകി.
∙വൃക്കരോഗത്തിനു ചികിത്സ തേടുന്ന വെങ്കടരാജിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 1 ലക്ഷം രൂപ അടിയന്തരസഹായം അനുവദിച്ചു. വെങ്കടരാജിനായി സഹോദരൻ ബസവരാജാണ് പരാതിയുമായി എത്തിയത്.