‘സാധാരണയേക്കാൾ പത്തിരട്ടി മഴ; മരങ്ങളൊക്കെ വീഴുന്നത് ബാൽക്കണിയിലൂടെ കണ്ടു’
Mail This Article
തിരുവനന്തപുരം∙ കനത്ത മഴയിൽ ചെന്നൈ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിയെന്നും ചുഴലിക്കാറ്റിൽ മരങ്ങൾ ഒടിഞ്ഞു വീഴുന്നത് ബാൽക്കണിയിലൂടെ കണ്ടെന്നും നടൻ റഹ്മാൻ. താൻ താമസിക്കുന്നത് താരതമ്യേന സുരക്ഷിത മേഖലയിലാണെന്നും അഭിനേതാക്കൾ വാട്സാപ്പിലൂടെ പരസ്പരം വിവരങ്ങൾ കൈമാറുന്നുണ്ടെന്നും റഹ്മാൻ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. അപ്പാർട്ട്മെന്റിനു താഴെ പാർക്കു ചെയ്തിരുന്ന കാറുകൾ വെള്ളത്തിൽ ഒഴുകിപോകുന്ന വിഡിയോ റഹ്മാൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. താരം സുരക്ഷിതനാണോയെന്ന് നിരവധിപേർ കമന്റിലൂടെ ചോദിച്ചിരുന്നു.
Read more: തീവ്രചുഴലിക്കാറ്റായി മിഷോങ്: ചെന്നൈയിൽ കനത്ത മഴ; റോഡിൽ മുതലയിറങ്ങി, ജാഗ്രതാ നിർദ്ദേശം – വിഡിയോ
‘ഞാൻ താമസിക്കുന്ന പ്രദേശം നിലവിൽ സുരക്ഷിതമാണ്. മഴ ഇന്നലെ രാത്രി രണ്ടു മണിയോടെ തുടങ്ങി. രാത്രി തന്നെ കറന്റ് പോയി. ചെന്നൈ നഗരത്തിൽ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചിട്ടില്ല. എന്റെ വീടിന്റെ താഴെയുള്ള ദൃശ്യമല്ല സമൂഹമാധ്യമത്തിൽ ഇട്ടത്. സുഹൃത്തിന്റെ വീടിന്റെ താഴത്തെ ദൃശ്യമാണ്. ആ വീട് ചെന്നൈ നഗരത്തിന്റെ മധ്യത്തിലാണ്. എന്റെ വീട് അണ്ണാ നഗറിലാണ്. ഞങ്ങൾ കുറച്ചുകൂടി സുരക്ഷിതമായ മേഖലയിലാണ്. വീടിനടുത്ത് ഇത്രയും വെള്ളമില്ലെങ്കിലും വെള്ളമുണ്ട്. മഴ പെയ്തുകൊണ്ടിരിക്കുകയാണ്. നല്ല കാറ്റുമുണ്ട്. മരങ്ങളൊക്കെ വീഴുന്നത് ബാൽക്കണിയിലൂടെ കണ്ടു. ഇന്നും നാളെയും മഴ തുടരുമെന്നാണ് അറിയിപ്പ്’–റഹ്മാൻ പറഞ്ഞു.
‘അധികൃതർ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിരുന്നു. 10 ദിവസം മുൻപുതന്നെ മഴ അറിയിപ്പ് ലഭിച്ചു. ചുഴലിക്കാറ്റിന്റെ സാധ്യതയും അറിയിച്ചിരുന്നു. ചെന്നൈ നഗരത്തിൽ വെള്ളം ഒഴുകിപ്പോകാൻ ഡ്രൈനേജ് സംവിധാനമൊക്കെയുണ്ട്. പക്ഷേ, പതിവില്ലാത്ത മഴയാണുണ്ടായത്. സാധാരണ ലഭിക്കുന്നതിനേക്കാൾ പത്തിരട്ടി മഴ ലഭിച്ചു. ഓടകൾ നിറഞ്ഞു കവിഞ്ഞു. പലയിടത്തും വെള്ളം കെട്ടി. എൺപതുകളിലെ അഭിനേതാക്കൾക്ക് ഒരു വാട്സാപ് ഗ്രൂപ്പുണ്ട്. വാട്സാപ്പിലൂടെ പരസ്പരം വിവരം കൈമാറുന്നുണ്ട്. ആർക്കെങ്കിലും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അറിയിക്കുകയും ചെയ്യുന്നുണ്ട്’–റഹ്മാൻ പറഞ്ഞു.