കെസിആറിന്റെ മഹാരാഷ്ട്ര മോഹത്തിന് തെലങ്കാനയിലെ തോൽവി തിരിച്ചടി
മുംബൈ ∙ തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിൽ കെ.ചന്ദ്രശേഖർ റാവുവിനേറ്റ (കെസിആർ) കനത്ത തിരിച്ചടി അതിർത്തി സംസ്ഥാനമായ മഹാരാഷ്ട്രയിൽ വേരുപടർത്താനുള്ള അദ്ദേഹത്തിന്റെ പദ്ധതികളുടെയും പാളം തെറ്റിച്ചേക്കും. ദേശീയ രാഷ്ട്രീയത്തിൽ സജീവമാകാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഒരു വർഷം മുൻപ്

മുംബൈ ∙ തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിൽ കെ.ചന്ദ്രശേഖർ റാവുവിനേറ്റ (കെസിആർ) കനത്ത തിരിച്ചടി അതിർത്തി സംസ്ഥാനമായ മഹാരാഷ്ട്രയിൽ വേരുപടർത്താനുള്ള അദ്ദേഹത്തിന്റെ പദ്ധതികളുടെയും പാളം തെറ്റിച്ചേക്കും. ദേശീയ രാഷ്ട്രീയത്തിൽ സജീവമാകാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഒരു വർഷം മുൻപ് മഹാരാഷ്ട്രയിൽ അദ്ദേഹത്തിന്റെ ബിആർഎസ് പ്രവർത്തനം സജീവമാക്കിയത്.
മറാഠ്‌വാഡ, വിദർഭ, പശ്ചിമ മഹാരാഷ്ട്ര തുടങ്ങിയ കാർഷിക മേഖലകളിൽ അതൃപ്തരായ കർഷകരെ തടുത്തുകൂട്ടി മുന്നേറാനായിരുന്നു പദ്ധതി. കർഷകർക്ക് സൗജന്യ വൈദ്യുതി, വെള്ളം, ഏക്കറിനു പതിനായിരം രൂപ എന്നിങ്ങനെ തെലങ്കാനയിൽ പ്രഖ്യാപിച്ച പദ്ധതികൾ മഹാരാഷ്ട്രയിലും താൻ കൊണ്ടുവരുമെന്നു വാഗ്ദാനം നൽകിയ അദ്ദേഹം കർഷകരുടെ സർക്കാർ രൂപീകരിക്കുമെന്നാണു പ്രഖ്യാപിച്ചിരുന്നത്.
തെലങ്കാനയോടു ചേർന്നുള്ള നാന്ദേഡ് ഉൾപ്പെടെയുള്ള ജില്ലകളിൽ ഇതു കർഷകർക്കിടെ ചലനമുണ്ടാക്കി. മഹാരാഷ്ട്രയിൽ പലയിടങ്ങളിലും കെസിആറിന്റെ റാലികളിൽ മികച്ച പങ്കാളിത്തമുണ്ടായിരുന്നത് കോൺഗ്രസും എൻസിപിയുമടക്കമുള്ള പാർട്ടികൾക്ക് ചെറിയ ആശങ്കയുണ്ടാക്കിയിരുന്നു. അടുത്തയിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഏതാനും ഇടങ്ങളിൽ ബിആർഎസിനു വിജയിക്കാനുമായി.
നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം വന്നാൽ ചിലയിടങ്ങളിലെങ്കിലും വിജയം നിർണയിക്കാനുള്ള ശക്തിയായി കെസിആറിന്റെ പാർട്ടി മാറിയേക്കാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകർ പ്രവചിച്ചിരുന്നു. കർഷകക്കുടുംബങ്ങളിൽ നിന്ന് അയ്യായിരം വോട്ട് പിടിച്ചാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ അതു സ്വാധീനമുണ്ടാക്കുമെന്ന ചർച്ചകൾ സജീവമായിരിക്കെയാണ് ഇപ്പോൾ സ്വന്തം സംസ്ഥാനം പോലും കെസിആറിനെ കൈവിട്ടത്.
അതേസമയം, മഹാരാഷ്ട്രാ ദൗത്യത്തിൽ നിന്നു പിന്നോട്ടില്ലെന്നും തിരിച്ചടികളിൽ നിന്നു പാഠം ഉൾക്കൊണ്ടു മുന്നോട്ടുപോകുമെന്നും ബിആർഎസ് മഹാരാഷ്ട്ര ഘടകം നേതാക്കൾ പറഞ്ഞു. ബിആർഎസ് മഹാരാഷ്ട്രയിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ മുന്നോട്ടുപോയാൽ കോൺഗ്രസിനും എൻസിപിക്കും ഏതാനും മണ്ഡലങ്ങളിൽ അതു വെല്ലുവിളിയാകും. ഇരുപാർട്ടികൾക്കും സ്വാധീനമുള്ള കർഷകരിൽ ഒരു വിഭാഗത്തെ ഒപ്പം നിർത്താനായാൽ വോട്ട് വിഭജിക്കപ്പെടും. അത് ബിജെപി സഖ്യത്തിന്റെ വഴി സുഗമമാക്കും.
ഛത്തീസ്ഗഡിൽ അടക്കം കോൺഗ്രസിന് വേരോട്ടമുള്ള ഗോത്രവർഗമേഖലയിലെ ചെറുപാർട്ടികളെ ബിജെപി സ്വാധീനിച്ചതാണ് അവിടെ കോൺഗ്രസിന് തിരിച്ചടിക്ക് ഒരു കാരണമായതെന്നാണ് വിലയിരുത്തൽ. സമാനരീതിയിൽ ബിആർഎസിനെ മഹാരാഷ്ട്രയിൽ ഉപയോഗിക്കാൻ കഴിഞ്ഞാൽ പല നിയമസഭാ മണ്ഡലങ്ങളിലും വിജയത്തിലേക്കുള്ള വഴി ബിജെപിക്കു സുഗമമാകും. ബിആർഎസ് ബിജെപിയുടെ ബി ടീം ആണെന്നാണ് കോൺഗ്രസും എൻസിപിയും ആരോപിക്കുന്നത്.