കമൽനാഥിന്റെ അമിത ആത്മവിശ്വാസം ചതിച്ചു?; രാജി ആവശ്യപ്പെട്ടുവെന്ന് റിപ്പോർട്ട്
Mail This Article
ഭോപ്പാൽ∙ മധ്യപ്രദേശിലെ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും രാജിവയ്ക്കണമെന്ന് കമൽ നാഥിനോട് നേതൃത്വം ആവശ്യപ്പെട്ടെന്ന് റിപ്പോർട്ട്. 230 സീറ്റിൽ 163 സീറ്റ് നേടിയാണ് ബിജെപി മധ്യപ്രദേശിൽ അധികാരം പിടിച്ചത്. കോൺഗ്രസിന് ജയിക്കാൻ അനുകൂല സാഹചര്യമുണ്ടായിരുന്നിട്ടും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് എങ്ങനെയെന്ന് പാർട്ടി പരിശോധിക്കുകയാണ്. ഭോപ്പാലില്‍ 230 സ്ഥാനാര്‍ഥികളുടേയും യോഗം വിളിച്ചുചേര്‍ത്തു. ഈ യോഗത്തിലും കമൽനാഥിന്റെ രാജി ആവശ്യം ഉയരുമെന്നാണ് റിപ്പോർട്ട്.
കമല്‍നാഥിനെ കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തിയതും ആഭ്യന്തരപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തതും തോല്‍വിക്ക് കാരണമായെന്ന വിലയിരുത്തല്‍ പാര്‍ട്ടിക്കുള്ളിലുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് മോശമായിരുന്നെന്നും വിമർശനം ഉയര്‍ന്നിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നിലവിലെ നേതൃത്വത്തിന് കീഴില്‍തന്നെ നേരിടണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും.
ബിജെപിക്കെതിരെ വൻ പ്രതിഷേധം ഉയർത്താൻ കോൺഗ്രസിനായില്ലെന്ന് പാർട്ടിക്കുള്ളിൽ വിമർശനമുണ്ട്. ബിജെപി നടത്തിയ പൊതുയോഗങ്ങളുടെയും റാലികളുടെയും എണ്ണത്തിൽ പകുതി പോലും നടത്താൻ കോൺഗ്രസിനായില്ല. വോട്ടർമാരുമായി മികച്ച ആശയവിനിമയം നടത്താൻ സാധിച്ചില്ല. ഇന്ത്യ മുന്നണി പങ്കാളിയായ സമാജ്‌വാദി പാർട്ടിക്ക് വാഗ്ദാനം ചെയ്ത സീറ്റുകൾ നിഷേധിച്ച കമൽ നാഥിന്റെ നടപടിയും കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. കമൽനാഥിന്റെ അമിത ആത്മവിശ്വാസവും വിട്ടുവീഴ്ചയ്ക്ക് തയാറാകാതിരുന്ന നിലപാടുകളുമാണ് പാർട്ടിയെ കനത്ത തോൽവിയിലേക്ക് നയിച്ചതെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ആരോപണം.