ADVERTISEMENT

ന്യൂഡൽഹി∙ ഏറെ നീണ്ട ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ജമ്മു കശ്മീരിനു മറ്റു സംസ്ഥാനങ്ങള്‍ക്കില്ലാത്ത പരമാധികാരം ഇല്ലെന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നുമുള്ള സുപ്രീംകോടതി വിധി ഏറെ നിര്‍ണായകമായി. ജമ്മു കശ്മീരിന് സംസ്ഥാനപദവി തിരിച്ചു നല്‍കണമെന്നും 2024 സെപ്റ്റംബര്‍ 30നകം ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പു നടത്തണമെന്നും അഞ്ചംഗ ഭരണഘടന ബെഞ്ച് നിര്‍ദേശിച്ചതും ശ്രദ്ധേയമായെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ജമ്മുകശ്മീരിന്റെ പ്രത്യേകപദവി സംബന്ധിച്ച് വര്‍ഷങ്ങളായി നിലനിന്ന രാഷ്ട്രീയ, നിയമ പോരാട്ടങ്ങള്‍ക്കാണ് ഉത്തരമായിരിക്കുന്നത്. പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം കശ്മീരില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് അവകാശപ്പെടുന്ന കേന്ദ്രസര്‍ക്കാരിന് വലിയ ആശ്വാസമാണ് കോടതി വിധി നല്‍കുന്നത്. അഞ്ചംഗ ഭരണഘടന ബെഞ്ചിൽ നിന്ന് 3 പ്രത്യേക വിധിന്യായങ്ങളുണ്ടായെങ്കിലും എല്ലാവരും 370–ാം വകുപ്പു റദ്ദാക്കിയ നടപടിയോടു യോജിച്ചു. 

കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെക്കുറിച്ചു പ്രത്യേക വിധിന്യായത്തിൽ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ പരാമർശിച്ചു. വിഭജനകാലത്തു പോലും ഇത്രയധികം വർഗീയ ചിന്ത ഉണ്ടായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 1980നു ശേഷം സംസ്ഥാനത്തു നടന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു സൂചിപ്പിച്ച ജസ്റ്റിസ് കൗൾ ഇതേക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതി നിയോഗിക്കണമെന്നും നിർദേശിച്ചു. 

അതേസമയം, ഭരണഘടന വകുപ്പുകളുടെ വ്യാഖ്യാനം സംബന്ധിച്ച 367–ാം വകുപ്പിനെ ആശ്രയിച്ചു കൊണ്ട് 370 –വകുപ്പിൽ വരുത്തിയ മാറ്റം അധികാരപരിധിക്കു പുറത്തുള്ളതായി കോടതി നിരീക്ഷിച്ചു. ഭരണഘടന ഭേദഗതിക്കു വേണ്ടിയുള്ള എളുപ്പവഴിയായി വ്യാഖാനം സംബന്ധിച്ച 367–ാം വകുപ്പിനെ കാണാനാകില്ല. ഈ രീതിയിലുള്ള ഭേദഗതി അനുവദിക്കുന്നതു അപകടകരമാകുമെന്നും കോടതി നിരീക്ഷിച്ചു. 

സുപ്രധാന നിരീക്ഷണങ്ങൾ ഇങ്ങനെ: 

∙ ഇന്ത്യയുടെ ഭാഗമായ ശേഷം ഏതെങ്കിലും തരത്തിലുള്ള ആഭ്യന്തര പരമാധികാരം ജമ്മു കശ്മീരിനില്ല. ഇന്ത്യൻ ഭരണഘടന മറ്റുള്ളവയെ മറികടക്കുമെന്നും ഇവയുടെ പ്രാബല്യവും മഹാരാജ ഹരിസിങ്ങിന്റെ വിളംബരത്തിൽ വ്യക്തമാണ്. 
∙ ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാനപ്പെട്ട ഭാഗമാണെന്ന കാര്യം ഭരണഘടനയുടെ ഒന്നു മുതൽ 370 വകുപ്പുകളിൽ പ്രകടമാണ്. 
∙ 370 വകുപ്പു താൽക്കാലിക സ്വഭാവമുള്ളതു മാത്രമായിരുന്നു. സംസ്ഥാനത്തെ യുദ്ധസാഹചര്യത്തെ തുടർന്നുള്ള താൽക്കാലിക സംവിധാനം മാത്രമായിരുന്നു ഇത്. വകുപ്പിലെ വരികളില ‍ഇതു വ്യക്തമാണ്. 
∙ 370 1(ഡി) ഉപവകുപ്പിലെ വ്യവസ്ഥ പ്രകാരം, ഇന്ത്യൻ ഭരണഘടനയുടെ എല്ലാ വകുപ്പുകളും ജമ്മു കശ്മീരിൽ ഒറ്റയടിക്കു നടപ്പാക്കാവുന്നതേയുള്ളു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായ ഐക്യം ആവശ്യമില്ല. ഇതുകൊണ്ടു തന്നെ കേന്ദ്ര സർക്കാരിന്റെ അഭിപ്രായപ്രകാരമുള്ള തീരുമാനം നിയമവിരുദ്ധമല്ല. 
∙ 370–ാം വകുപ്പിന്റെ പ്രാബല്യം ഇല്ലാതാക്കിക്കൊണ്ടു 370(3) വകുപ്പുപ്രകാരം വിജ്ഞാപനമിറക്കാനുള്ള രാഷ്ട്രപതിയുടെ അധികാരം ഭരണഘടന അസംബ്ലി പിരിച്ചുവിട്ട ശേഷവും നിലനിൽക്കുന്നു.  ഭരണഘടന അസംബ്ലി പിരിച്ചുവിട്ട ശേഷവും 370–ാം വകുപ്പു നിലനിന്നത് സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ്. ഭരണഘടന അസംബ്ലി ഇല്ലാതായതോടെ രാഷ്ട്രപതിക്കു വിജ്ഞാപനം ഇറക്കാൻ അധികാരമില്ലെന്നു പറയുന്നത് ജമ്മു കശ്മീരിന്റെ ഇന്ത്യ ലയനത്തിന്റെ പ്രാബല്യം തന്നെ ഇല്ലാതാക്കും. 
∙ 370–ാം വകുപ്പ് ഇല്ലാതാക്കിയത് ജമ്മു കശ്മീരിനെ ഇന്ത്യയിലേക്കു ലയിപ്പിക്കുന്നതിന്റെ അവസാനത്തെ നടപടിയാണ്. ഭരണഘടനാപരമായ ലയനം ഘട്ടംഘട്ടമായി ഉണ്ടായിട്ടില്ലെന്നു ചരിത്രത്തിൽ വ്യക്തമാണ്. 
∙ രാഷ്ട്രപതി ഭരണം സംബന്ധിച്ച 2018ലെ വിജ്ഞാപനത്തിന്റെ സാധുത കോടതി പരിശോധിച്ചില്ല. ഇതു ഹർജിക്കാർ ചോദ്യം ചെയ്തില്ലെന്നതും 2019 ഒക്ടോബറോടെ രാഷ്ട്രപതി ഭരണം അവസാനിച്ചെന്നതും കോടതി കാരണമായി പരിഗണിച്ചു. രാഷ്ട്രപതി ഭരണകാലത്ത് കേന്ദ്ര സർക്കാർ കൈക്കൊണ്ട എല്ലാ നടപടികളെയും ചോദ്യം ചെയ്യാനാകില്ല. ഇതു ഭരണസ്തംഭനാവസ്ഥ സൃഷ്ടിക്കും. 
∙ രാഷ്ട്രപതിഭരണത്തിനുള്ള ഭരണഘടന ഉത്തരവ് ഭരണഘടനാപരമായി നിലനിൽക്കുന്നതാണ്. ചർച്ചയും സഹകരണവും ഉറപ്പാക്കി വേണമെന്ന തത്വം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്ന കാര്യത്തിൽ ആവശ്യമില്ല. 
∙ രാഷ്ട്രപതിഭരണത്തിനിടെ കേന്ദ്ര സർക്കാരിനു പരിഹരിക്കാൻ കഴിയാത്ത പ്രത്യാഘാതമുള്ള നടപടികൾ സ്വീകരിക്കാൻ കഴിയില്ലെന്ന ഹർജിക്കാരുടെ വാദം അംഗീകരിക്കാനാകില്ല. 
∙ ലഡാക്കിനെ കേന്ദ്ര ഭരണപ്രദേശമാക്കിയ നടപടിയിൽ തെറ്റില്ല. സംസ്ഥാനത്തിന്റെ ഒരുഭാഗത്തെ കേന്ദ്ര ഭരണപ്രദേശമാക്കുന്നതു ഭരണഘടനയുടെ മൂന്നാം വകുപ്പ് അനുവദിക്കുന്നുണ്ട്. എന്നാൽ, ഇതു പാർലമെന്റിനു കഴിയുമോയെന്നതാണ് ചോദ്യം. ജമ്മു കശ്മീർ സംസ്ഥാനത്തിനു പരമാധികാരമില്ല. ആഭ്യന്തര പരമാധികാരവുമില്ല. ഫെഡറൽ സ്വഭാവം തന്നെയാണ് 370–ാം വകുപ്പിലും പ്രകടമാകുന്നത്.
∙ രാഷ്ട്രപതി ഭരണം ഹർജിക്കാർ ചോദ്യം ചെയ്തിട്ടില്ല. അതേസമയം, രാഷ്ട്രപതി ഭരണം സംബന്ധിച്ച വിജ്ഞാപനം കോടതികളുടെ പരിശോധനയ്ക്കു വിധേയമാണ്. 
∙ സംസ്ഥാന സർക്കാരിനു വേണ്ടി അധികാരം വിനിയോഗിക്കാൻ പാർലമെന്റിന് അനുവാദം നൽകുന്ന 356(1) വകുപ്പ് നിയമനിർമാണ കാര്യങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. 370 –ാം വകുപ്പു താൽക്കാലിക സ്വാഭാവമുള്ളതാണ്. ഭരണഘടന അസംബ്ലി ഇല്ലാതായതോടെ, 370 വകുപ്പു റദ്ദു ചെയ്യുന്നതിനുള്ള രാഷ്ട്രപതിയുടെ അധികാരം–370(3) വകുപ്പ്) ഇല്ലാതായി തീരുന്നില്ല. 
∙ ഇന്ത്യൻ ഭരണഘടനയിലെ എല്ലാ വ്യവസ്ഥകളും ഭരണഘടന ഉത്തരവു വഴി ജമ്മു കശ്മീരിൽ പ്രാബല്യത്തിൽ കൊണ്ടുവന്നതിനു സാധുതയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com