മോഹന്‍ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; മോദിയുൾപ്പെടെ വേദിയിൽ
Mail This Article
ഭോപാൽ∙ മധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹൻ യാദവ് അധികാരമേറ്റു. ഗവർണർ മങ്കുഭായ് പട്ടേൽ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഉപമുഖ്യമന്ത്രിമാരായി രാജേന്ദ്ര ശുക്ല, ജഗ്ദിഷ് ദേവ്ദ എന്നിവരും അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ പങ്കെടുത്തു.
മുൻ വിദ്യാഭ്യാസ മന്ത്രിയും മധ്യപ്രദേശിലെ ഉജ്ജയിൻ സൗത്തിൽ നിന്ന് മൂന്ന് തവണ എംഎൽഎയുമായ ആളാണ് മോഹൻ യാദവ്. ദേവ്ദ പട്ടികജാതിയിൽ പെട്ടയാളാണ്. വിന്ധ്യപ്രദേശ് മേഖലയിലെ ബ്രാഹ്മണ മുഖമാണ് രാജേന്ദ്ര ശുക്ല. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, കേന്ദ്ര മന്ത്രിമാർ തുടങ്ങിയവരും പങ്കെടുത്തു.
58-കാരനായ മോഹന്‍ യാദവ് ദക്ഷിണ ഉജ്ജയിന്‍ മണ്ഡലത്തില്‍നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. നാലുതവണ മധ്യപ്രദേശ് മുഖ്യമന്ത്രിയായ ശിവ് രാജ് സിങ് ചൗഹാനെ മാറ്റിയാണ് മോഹന്‍ യാദവിനെ തിങ്കളാഴ്ച ബിജെപി നേതൃത്വം മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ശിവ് രാജ് സിങ് ചൗഹാന്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന മോഹന്‍ യാദവിനെ നിയമസഭാ കക്ഷി യോഗത്തില്‍ ഏകകണ്ഠമായാണ് തിരഞ്ഞെടുത്തത്. 230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി 163 സീറ്റുകള്‍ നേടിയാണ് അധികാരം നിലനിര്‍ത്തിയത്.