‘ആരാധനാലങ്ങളിൽ അനിയന്ത്രിതമായുള്ള ഉച്ചഭാഷിണികൾക്ക് വിലക്ക്’; ആദ്യ ഉത്തരവുമായി മോഹൻ യാദവ്
Mail This Article
ഭോപ്പാൽ∙ മധ്യപ്രദേശിൽ ആരാധനാലയങ്ങളിലും പൊതുസ്ഥലങ്ങളിലും അനിയന്ത്രിതമായി ഉച്ചഭാഷിണികൾ പ്രവർത്തിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷം പുറത്തിറക്കുന്ന ആദ്യ ഉത്തരവാണിത്. ഇതിനുപുറമെ പരസ്യമായി പൊതുസ്ഥലങ്ങളിൽ മാംസക്കച്ചവടം നടത്തുന്നതിനും നിരോധനം ഏർപ്പെടുത്തി.
അനുവദനീയമായതിനും അളവിലുള്ള ഉച്ചഭാഷിണി ഉപയോഗത്തിനും ആരാധനാലയങ്ങളിലെ ഡിജെകൾക്കും നിരോധനം ബാധകമാണ്.
ഉച്ചഭാഷിണികളുടെ ശബ്ദതീവ്രതപരിശോധിക്കുന്നതിനായി പ്രത്യേകസംഘത്തെയും സംസ്ഥാനത്ത് നിയോഗിക്കും. നിരോധനം നടപ്പാക്കുന്നതിനായി മാർഗരേഖ തയ്യാറാക്കാനും ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പരസ്യമായി മാംസക്കച്ചവടം നടത്തുന്ന പ്രദേശങ്ങളെ സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കാനും മോഹൻ യാദവ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഉച്ചഭാഷണികൾ ഉപയോഗിക്കുന്നതിനായി സുപ്രീംകോടതിയും ദേശീയഹരിത ട്രിബ്യൂണലും നിർദേശിച്ച പ്രത്യേക മാനദണ്ഡങ്ങൾ സംസ്ഥാനത്ത് കർശനമായി നടപ്പാക്കുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി (ആഭ്യന്തരം) ഡോ.രാജേഷ് രജോറ വാർത്താ ഏജൻസിസായ പിടിഐയോട് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ സാന്നിധ്യത്തിലാണ് മോഹൻ യാദവ് മുഖ്യമന്ത്രിയായി അധികാരമേറ്റത്. മുൻവിദ്യാഭ്യാസ മന്ത്രിയും മധ്യപ്രദേശിലെ ഉജ്‌ജയിൻ സൗത്തിൽ നിന്ന് മൂന്നുതവണ എംഎൽഎയുമായ ആളാണ് മോഹൻ യാദവ്. 230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി 163 സീറ്റുകൾ നേടിയാണ് അധികാരം നിലനിർത്തിയത്.