പൊതുസ്ഥലത്ത് മാംസം വിറ്റു; 10 ഇറച്ചിക്കടകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി മധ്യപ്രദേശ് സർക്കാർ
Mail This Article
ഭോപ്പാൽ/ഉജ്ജയിൻ∙ ഉജ്ജയിനിൽ അനധികൃതമായി ഇറച്ചി വിൽപന നടത്തിയിരുന്ന പത്തു കടകളും ഭോപ്പാലിൽ ബിജെപി പ്രവർത്തകനെ ആക്രമിച്ച കേസിലെ മൂന്നു പ്രതികളുടെ വീടുകളും മധ്യപ്രദേശ് സർക്കാർ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി. മുഖ്യമന്ത്രി മോഹൻ യാദവ് അധികാരമേറ്റതിനു പിന്നാലെ പൊതുസ്ഥലത്ത് മാംസം വിൽക്കുന്നതിന് മധ്യപ്രദേശിൽ വിലക്കേർപ്പെടുത്തിയിരുന്നു.
ഇതിന്റെ ഭാഗമായാണ് ഉജ്ജയിനിലെ നടപടി. നാഗ്‌ജിരി പ്രദേശത്ത് പ്രവർത്തിച്ച കടകളാണ് പട്ടാപ്പകൽ ഇടിച്ചുനിരത്തിയത്. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന എല്ലാ കടകളും അടച്ചുപൂട്ടാണമെന്നും അല്ലെങ്കിൽ നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ഭോപ്പാലിൽ ഫാറൂഖ് റെയ്ൻ, ബിലാൽ, അസ്‌ലം എന്നീ മൂന്നു പേരുടെ വീടുകളാണ് ഇടിച്ചുനിരത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഭോപ്പാൽ മധ്യ മണ്ഡലത്തിൽ കോൺഗ്രസിന്റെ ആരിഫ് മസൂദ് വിജയിച്ചതിനു പിന്നാലെ ബിജെപി പ്രവർത്തകൻ ദേവേന്ദ്ര ഠാക്കൂറിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയാണ് ഫാറൂഖ് റെയ്ൻ.
റെയ്‌നും മറ്റു പ്രതികളും ചേർന്ന് ഠാക്കൂറിന്റെ കൈപ്പത്തി വാൾ കൊണ്ട് വെട്ടുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഭോപ്പാലിലെ ഹബീബ്ഗഞ്ച് പൊലീസ് സ്റ്റേഷന്റെ ഗുണ്ടാ ലിസ്റ്റിലും ഫാറൂഖിന്റെ പേരുണ്ടെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. പൊളിച്ച വീടുകൾ അനധികൃതമായി കൈയേറിയ ഭൂമിയിൽ നിർമിച്ചതാണെന്നാണ് അധികൃതരുടെ വിശദീകരണം.