ഓർമയായി കുഞ്ഞൂഞ്ഞും കാനവും, ഉടക്കിട്ട് ഗവർണർ, എഐ ക്യാമറ: സംഭവബഹുലമായ 2023
തിരുവനന്തപുരം∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അഥവാ നിർമിത ബുദ്ധി എന്ന വാക്കു പഠനത്തിലൂടെയല്ലാതെ അനുഭവത്തിലൂടെ മലയാളികൾ മനസിലാക്കിയ വർഷമാണു കടന്നുപോകുന്നത്. എഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്നു എന്ന അവകാശവാദത്തോടെ റോഡിലെ നിയമലംഘനങ്ങള്‍ പിടികൂടാൻ സർക്കാർ സ്ഥാപിച്ച 726 ക്യാമറകൾ മിഴി തുറന്നതു
തിരുവനന്തപുരം∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അഥവാ നിർമിത ബുദ്ധി എന്ന വാക്കു പഠനത്തിലൂടെയല്ലാതെ അനുഭവത്തിലൂടെ മലയാളികൾ മനസിലാക്കിയ വർഷമാണു കടന്നുപോകുന്നത്. എഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്നു എന്ന അവകാശവാദത്തോടെ റോഡിലെ നിയമലംഘനങ്ങള്‍ പിടികൂടാൻ സർക്കാർ സ്ഥാപിച്ച 726 ക്യാമറകൾ മിഴി തുറന്നതു
തിരുവനന്തപുരം∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അഥവാ നിർമിത ബുദ്ധി എന്ന വാക്കു പഠനത്തിലൂടെയല്ലാതെ അനുഭവത്തിലൂടെ മലയാളികൾ മനസിലാക്കിയ വർഷമാണു കടന്നുപോകുന്നത്. എഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്നു എന്ന അവകാശവാദത്തോടെ റോഡിലെ നിയമലംഘനങ്ങള്‍ പിടികൂടാൻ സർക്കാർ സ്ഥാപിച്ച 726 ക്യാമറകൾ മിഴി തുറന്നതു
തിരുവനന്തപുരം∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അഥവാ നിർമിത ബുദ്ധി എന്ന വാക്കു പഠനത്തിലൂടെയല്ലാതെ അനുഭവത്തിലൂടെ മലയാളികൾ മനസിലാക്കിയ വർഷമാണു കടന്നുപോകുന്നത്. എഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്നു എന്ന അവകാശവാദത്തോടെ റോഡിലെ നിയമലംഘനങ്ങള്‍ പിടികൂടാൻ സർക്കാർ സ്ഥാപിച്ച 726 ക്യാമറകൾ മിഴി തുറന്നതു പിഴയ്ക്കൊപ്പം പഴിയിലേക്കു കൂടിയാണ്. പലസ്തീനു പുറത്ത് ഇസ്രയേലിന്റെ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധമുയർന്ന ഇടങ്ങളിലൊന്നു കൊച്ചു കേരളമായിരിക്കും. പലസ്തീൻ ഐക്യദാർഢ്യം പതിവുള്ളതാണെങ്കിലും അതിനോടനുബന്ധിച്ചു കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിലുണ്ടായ പ്രതികരണങ്ങൾ പുതുമയുള്ളതായി. ഗവർണറും സർക്കാരും ഒരിക്കലും അടുക്കാത്ത ഇഴകൾപോലെ പോരാട്ടം തുടരുന്നു. ഖജനാവിൽ അഞ്ചു പൈസയില്ലെന്നു മുൻ മുഖ്യമന്ത്രി പറഞ്ഞ അവസ്ഥയിൽ കാര്യമായ മാറ്റമില്ല. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആനുകൂല്യങ്ങൾ ലഭിക്കാത്തതിൽ സർക്കാർ ഉദ്യോഗസ്ഥർ അടക്കം അതൃപ്തിയിൽ. കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾ തുറന്നു കാട്ടാൻ മന്ത്രിസഭ ഒരു ബസിൽ സഞ്ചരിക്കുന്ന കാഴ്ചയും വർഷാവസാനം കാണാനായി. ജനനേതാവായിരുന്ന ഉമ്മൻചാണ്ടിക്കു ജനലക്ഷങ്ങൾ യാത്രയയപ്പ് നൽകിയ കാഴ്ചയും കേരളം കണ്ടു. ആലുവ സ്ഫോടനത്തിലൂടെ കേരളം ഞെട്ടി. ചെറിയ സംസ്ഥാനമെങ്കിലും വലിയ വാർത്തകളിലൂടെ കേരളം നിറഞ്ഞുനിന്ന വർഷമാണ് കടന്നുപോകുന്നത്.
∙ എഐ ക്യാമറ വന്നു, കൂടെ പിഴയും വിവാദവും
റോഡ് അപകടങ്ങൾ കുറയ്ക്കാൻ 726 ക്യാമറകൾ പ്രവർത്തനം ആരംഭിച്ചതു ജൂൺ 5ന്. 692 ക്യാമറകളാണ് തുടക്കത്തിൽ പ്രവർത്തന സജ്ജമായത്. പിഴ നോട്ടിസ് എസ്എംഎസായി ഫോണിലെത്തുമെന്നും വിഐപി വാഹനങ്ങൾക്ക് ഇളവില്ലെന്നും സർക്കാർ പ്രഖ്യാപിച്ചു. പിഴ ഓൺലൈനായി അടയ്ക്കാനുള്ള സൗകര്യവും ഏർപ്പെടുത്തി. ആദ്യദിനത്തിൽ 28,891പേർ നിയമലംഘനം നടത്തിയതിനു ക്യാമറയിൽ കുടുങ്ങി. 24 മണിക്കൂറിൽ 84000പേർ കുടുങ്ങി. പദ്ധതിയിൽ അഴിമതിയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. പ്രവൃത്തിപരിചയമില്ലാത്ത തട്ടിക്കൂട്ടു കമ്പനികൾക്കാണ് ടെണ്ടർ നൽകിയതെന്നും കോടികളുടെ അഴിമതി നടന്നെന്നും പ്രതിപക്ഷം ആരോപിച്ചു. ഹൈക്കോടതി കരാറുകാർക്കു പണം നൽകുന്നതു തൽക്കാലത്തേക്ക് തടഞ്ഞു. വ്യാവസായ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. റിപ്പോർട്ട് ഇതുവരെ പുറത്തു വിട്ടിട്ടില്ല.
വിവാദങ്ങളെ തള്ളിയ സർക്കാർ, ക്യാമറ സ്ഥാപിച്ചതോടെ റോഡ് അപകടങ്ങളും മരണങ്ങളും കുറഞ്ഞതായി വിശദീകരിച്ചു. എന്നാൽ, ഇതു സംബന്ധിച്ച വ്യത്യസ്ത കണക്കുകൾ പുറത്തു വന്നു. കേരളം സ്ഥാപിച്ച ക്യാമറ സംവിധാനത്തെക്കുറിച്ചു പഠിക്കാൻ വിവിധ സംസ്ഥാനങ്ങളെത്തി. പദ്ധതി നടത്തിപ്പിനു കെൽട്രോണിനു നൽകേണ്ട 11.5 കോടിരൂപ ഇതുവരെ സർക്കാർ നൽകിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയാണു കാരണമായി പറയുന്നത്. സ്വന്തം കയ്യിൽനിന്നു പണം മുടക്കിയാണു കെൽട്രോൺ ചല്ലാനുകൾ അയയ്ക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട കേസുകൾ കോടതിയുടെ പരിഗണനയിൽ.
∙ ഉമ്മൻചാണ്ടിയും പുതുപ്പള്ളിയും
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കു കേരളം നൽകിയത് ചരിത്രത്തിൽ ഇല്ലാത്ത വിധത്തിലുള്ള യാത്രയയപ്പ്. ഉമ്മൻചാണ്ടിയെ കാണാനെത്തിയ ജനക്കൂട്ടം അദ്ഭുതപ്പെടുത്തുന്നതായി. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന നേതാവിന് അതേ സ്നേഹം നൽകി ജനം യാത്രയാക്കി. ചികിത്സയിലിരിക്കെ ജൂലൈ 18നു പുലർച്ചെയാണ് ഉമ്മൻചാണ്ടി ബെംഗളൂരുവിൽ അന്തരിച്ചത്. തലസ്ഥാനത്തു മൃതദേഹം എത്തിച്ചപ്പോൾ കാണാനായി ആയിരങ്ങൾ ഒഴുകിയെത്തി. കോട്ടയത്തേക്കു മൃതദേഹം കൊണ്ടുപോകുന്ന വഴികളിൽ പതിനായിരങ്ങളെത്തി. വിലാപയാത്ര 100 കിലോമീറ്റർ പിന്നിടാനെടുത്തത് 17 മണിക്കൂറാണ്. കോട്ടയത്തു പുതുപ്പള്ളിയിൽ സംസ്കരിച്ചശേഷവും കല്ലറ കാണാനായി ദിവസേന ആയിരങ്ങളെത്തി. 53 വർഷം പുതുപ്പള്ളി എംഎൽഎയായിരുന്ന ഉമ്മൻചാണ്ടിയുടെ മണ്ഡലം നിലനിർത്തുക യുഡിഎഫിന് അഭിമാനപോരാട്ടമായിരുന്നു. മകൻ ചാണ്ടി ഉമ്മനെയാണ് യുഡിഎഫ് സ്ഥാനാർഥിയാക്കിയത്. എൽഡിഎഫ്, ഉമ്മൻചാണ്ടിയുടെ എതിരാളിയായിരുന്ന ജയ്ക്ക് സി.തോമസിനെ രംഗത്തിറക്കി. 37,719 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മനു പുതുപ്പള്ളിക്കാർ നൽകിയത്. സിപിഎമ്മിനു വോട്ടു കുറഞ്ഞപ്പോൾ ബിജെപിക്കു കെട്ടിവച്ച കാശുപോയി. 99 എംഎൽഎമാരുള്ള എൽഡിഎഫിന് സെഞ്ചറി തികയ്ക്കാനായില്ല.
∙ മന്ത്രിമാർ ബസിൽ; പുതുമയായി നവകേരള സദസ്
പിണറായി സർക്കാർ നടപ്പിലാക്കിയ നേട്ടങ്ങൾ വിവരിച്ചും കേന്ദ്രസർക്കാരിന്റെ നയങ്ങളെ വിമർശിച്ചും നവകേരള സദസ്സിന് തുടക്കം കുറിച്ചത് നവംബർ 18ന് കാസർകോട്. മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും പങ്കെടുക്കുന്ന ചടങ്ങിൽ പരാതികൾ സ്വീകരിക്കാൻ കൗണ്ടറുകളും സജ്ജീകരിച്ചു. മന്ത്രിസഭയുടെ യാത്രയ്ക്കുള്ള ബസിന്റ ആഡംബരത്തെക്കുറിച്ചാണ് വിമർശനം ഉയർന്നത്. 1.5 കോടിരൂപയാണു ബസിനായി ചെലവഴിച്ചത്. മന്ത്രിമാരുടെ വാഹനവും അകമ്പടിവാഹനവും ഒഴിവാക്കി ചെലവു നിയന്ത്രിക്കാനാണു ബസ് യാത്രയെന്നു സർക്കാർ വിശദീകരിച്ചെങ്കിലും സർക്കാർ വാഹനങ്ങൾ കൂട്ടത്തോടെ ബസിനെ പിന്തുടരുന്ന കാഴ്ചയാണ് കണ്ടത്.
ജനപങ്കാളിത്തം ഉറപ്പിക്കാൻ സർക്കാരിനു കഴിയുന്നുണ്ടെങ്കിലും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സംഘാടകരും കൈക്കൊള്ളുന്ന വഴിവിട്ട നടപടികളാണു വിവാദത്തിലാകുന്നത്. കണ്ണൂർ പഴയങ്ങാടിയിൽ തനിക്കു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച ഡിവൈഎഫ്ഐ അംഗങ്ങളെ മുഖ്യമന്ത്രി പ്രശംസിച്ചതു വിവാദമായി. നവകേരള സദസിനായി അച്ചടക്കമുള്ള കുട്ടികളെ മാത്രം അയച്ചാൽ മതിയെന്നു തിരൂരങ്ങാടി ഡിഡിഒയുടെ നിർദേശം. ഒടുവിൽ വ്യാപക പ്രതിഷേധത്തെത്തുടർന്നു നിർദേശം പിൻവലിച്ചു. ചടങ്ങ് നടത്താൻ തദ്ദേശ സ്ഥാപനങ്ങളോട് പണം ചോദിച്ചതും പരിപാടിക്കായി സ്കൂൾ ബസുകൾ ഉപയോഗിച്ചതും വിവാദമായി. കുട്ടികളെ വെയിലത്തുനിർത്തിയതിനെതിരെ ഹൈക്കോടതി പരാമർശമുണ്ടായി. നവകേരള സദസിനായി സ്കൂൾ മതിലുകൾ പൊളിക്കുന്നതിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. ഡിസംബർ 23ന് തിരുവനന്തപുരത്താണ് നവകേരള സദസ് അവസാനിക്കുന്നത്.
∙ അവസാനിക്കാതെ സർക്കാർ–ഗവർണർ തർക്കം
സർവകലാശാലകളിലെ നിയമനങ്ങളുടെ പേരിലാണു ഗവർണറും സർക്കാരും തമ്മിൽ തർക്കം തുടങ്ങിയത്. ഗവർണറുടെ സർവകലാശാലകളിലെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലുകൾ നിയമസഭ പാസാക്കിയതോടെ തർക്കം രൂക്ഷമായി. സർവകലാശാലകളിലെ വിഷയത്തിൽ മുഖ്യമന്ത്രിയും ഗവർണറും പരസ്യമായി ഏറ്റുമുട്ടി. കണ്ണൂർ സർവകലാശാല വിസിയെ നിയമിച്ചതു മുഖ്യമന്ത്രിയുടെ അഭ്യർഥന പ്രകാരമാണെന്നു ഗവർണർ തുറന്നടിച്ചു. സുപ്രീംകോടതി ഈ നിയമനം റദ്ദാക്കി. ഗവർണർക്കും കോടതിയുടെ വിമർശനമുണ്ടായി. ബില്ലുകൾ തടഞ്ഞുവയ്ക്കുന്ന ഗവർണറുടെ നടപടിക്കെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചു. അനിശ്ചിതകാലത്തേക്കു ബില്ലുകൾ തടഞ്ഞുവയ്ക്കാനാകില്ലെന്നു കോടതി പറഞ്ഞതോടെ 7 ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയച്ചു. സർവകലാശാലകളിൽ ഗവർണറുടെ അധികാരം കുറയ്ക്കുന്ന ബില്ലുകളും ലോകായുക്ത ഭേദഗതിബില്ലും കൂട്ടത്തിൽ. ഇതോടെ, ബില്ലുകൾ അടുത്തെങ്ങും നിയമമാകില്ലെന്ന് ഉറപ്പായി. സർവകലാശാലകളിൽ ഗവർണറുടെ അധികാരം വിപുലമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയതോടെ സെനറ്റിലേക്ക് സർക്കാരുമായി കൂടിയാലോചിക്കാതെ ഗവർണർ നാമനിർദേശം നടത്തി. സംഘപരിവാർ സഹയാത്രികരെ നാമനിർദേശം ചെയ്തതായി ആരോപിച്ച് സമർപിക്കപ്പെട്ട ഹർജിയിൽ ഗവർണറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സംഘപരിവാർ അനുഭാവികളെ സർവകലാശാലകളിൽ നിയമിക്കുന്നതിനെതിരെ എസ്എഫ്ഐ ഗവർണറെ വഴിയിൽ തടഞ്ഞു പ്രതിഷേധിച്ചു. കാറിൽ നിന്നിറങ്ങിയ ഗവർണർ എസ്എഫ്ഐക്കാരെ വെല്ലുവിളിച്ചത് കേരളത്തിനു പുതിയ കാഴ്ചയായി. ഗവർണറെ തടഞ്ഞ 7 എസ്എഫ്ഐ പ്രവർത്തകരെ റിമാൻഡ് ചെയ്തു. തനിക്കു നേരെയുണ്ടായ അക്രമത്തിൽ ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും ഗവർണർ റിപ്പോർട്ട് തേടി. സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന പരാതിയിലും റിപ്പോർട്ട് തേടിയിട്ടുണ്ട്.
∙ നയാപൈസയില്ല, ഖജനാവിൽ നയാപൈസയില്ല
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നു പോകുന്നതെന്ന് സർക്കാർ തന്നെ സമ്മതിക്കുന്നു. കേന്ദ്രനയങ്ങളും കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതുമാണ് പ്രതിസന്ധിക്കു കാരണമെന്ന് സർക്കാർ പറയുന്നു. പണം നൽകാത്തത് കേരളം കണക്കുകൾ നൽകാത്തതിനാലാണെന്നും കണക്കു നൽകിയവയ്ക്കു കൃത്യസമയത്ത് പണം അനുവദിച്ചെന്നുമായിരുന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ മറുപടി. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെ സംബന്ധിച്ച് മന്ത്രി പരാമർശിച്ചില്ല. യുജിസി കുടിശിക ലഭിക്കാൻ കേരളം അപേക്ഷ നൽകിയില്ല എന്നായിരുന്നു മന്ത്രിയുടെ ആരോപണം. സാമൂഹിക ക്ഷേമപെൻഷൻ നൽകാൻ കേന്ദ്രം കൃത്യസമയത്ത് പണം നൽകുന്നുണ്ട്. ധനകാര്യ കമ്മിഷന്റെ മാനദണ്ഡങ്ങൾ പാലിച്ചാലേ പണം നൽകാനാകു. കേരളം മാനദണ്ഡം പാലിക്കുന്നില്ല. എജിയുടെ കണക്കു നൽകാതെ ജിഎസ്ടി നഷ്ടപരിഹാര സെസിൽനിന്നുള്ള പണം നൽകാനാകില്ല. ധനകാര്യ കമ്മിഷൻ ഗ്രാന്റായി കൂടുതൽ പണം കേരളത്തിനു നൽകിയത് ബിജെപി സർക്കാരാണെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രത്തിന്റെ നയങ്ങൾ കാരണം കേരളത്തിന് ഈ വർഷം മാത്രം 57000 കോടിരൂപയാണു നഷ്ടമായതെന്ന് സംസ്ഥാന ധനവകുപ്പ് പറയുന്നു. യുജിസി കുടിശികയ്ക്കായി കേരളം 2022ൽ അപേക്ഷ നൽകിയിരുന്നു. വിഹിതം നിഷേധിക്കരുതെന്ന് ആവശ്യപ്പെട്ട് കത്തു നൽകിയെങ്കിലും മറുപടിയുണ്ടായില്ല. ക്ഷേമപെൻഷനിൽ മൂന്നര വർഷത്തെ കുടിശിക 579 കോടിരൂപയാണ്. നെല്ലു സംഭരിച്ച വകയിൽ 790 കോടിരൂപ കിട്ടാനുണ്ട്. പതിനഞ്ചാം ധനകമ്മിഷൻ ഗ്രാന്റായി 833 കോടിരൂപ ലഭിക്കാനുണ്ടെന്നും ധനവകുപ്പ് പറയുന്നു. സർക്കാരിന്റെ കയ്യിൽ പണമില്ലാത്തതിനാൽ പല പദ്ധതികളും മുന്നോട്ടുപോകുന്നില്ല. ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 2019 ലെ ശമ്പള പരിഷ്ക്കരണ കുടിശ്ശികയും ഡിഎയുമടക്കം 24000 കോടി രൂപയുടെ കുടിശ്ശിക നൽകാനുണ്ട്. കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാർക്കു കൃത്യമായി ശമ്പളം നൽകാൻ കഴിയുന്നില്ല. റിട്ടയർ ചെയ്യുന്നവരുടെ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞു വച്ചിരിക്കുന്നു. സർക്കാർ ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിൽ കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫൈനാൻസ് കോർപ്പറേഷൻ സമാഹരിച്ച സ്ഥിരനിക്ഷേപങ്ങൾ കാലാവധി പൂർത്തിയായിട്ടും മടക്കി ലഭിക്കാത്തതു മൂലം നിക്ഷേപകർ കോടതിയെ സമീപിച്ചിരിക്കുകയാണ്. സപ്ലൈക്കോയ്ക്ക് 4000 കോടിരൂപയുടെ ബാധ്യത തീർക്കാനുണ്ട്. കോൺട്രാക്ടർമാർക്ക് 16,000 കോടി രൂപ കുടിശിക ഇനത്തിൽ നൽകാനുണ്ട്.
∙ കേരളത്തെ ഞെട്ടിച്ച ആലുവ സ്ഫോടനം
കളമശേരിയിൽ ‘യഹോവയുടെ സാക്ഷികൾ’ സഭാവിഭാഗത്തിന്റെ കൺവെൻഷൻ വേദിയിലുണ്ടായ സ്ഫോടനത്തിൽ 8 പേരാണ് കൊല്ലപ്പെട്ടത്. കൊച്ചി കടവന്ത്ര എളംകുളം സ്വദേശി ഡൊമനിക് മാർട്ടിൻ ഉത്തരവാദിത്തം ഏറ്റെടുത്ത് തൃശൂർ കൊടകര സ്റ്റേഷനിൽ കീഴടങ്ങി. നിയന്ത്രിത ഐഇഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) സ്ഫോടനമാണ് നടത്തിയത്. 2500 പേരുണ്ടായിരുന്ന ഹാളിന്റെ മധ്യഭാഗത്തായിരുന്നു സ്ഫോടനം. യഹോവ സാക്ഷികളുമായുള്ള അഭിപ്രായ വ്യത്യാസമാണു സ്ഫോടനത്തിലേക്ക് നയിച്ചതെന്നാണു പൊലീസ് പറയുന്നത്. ഒറ്റയ്ക്ക് ഒരാൾക്ക് ഇത്തരം സ്ഫോടനം നടത്താനാകുമോയെന്ന ചോദ്യം നിലനിൽക്കുന്നു.
∙ സിപിഎമ്മും ലീഗും യുഡിഎഫും
പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് മുസ്ലീം ലീഗിനെ ക്ഷണിക്കുമെന്ന് സിപിഎം നേതൃത്വത്തിന്റെ പ്രസ്താവനയാണ് ലീഗ്–സിപിഎം സഹകരണത്തെക്കുറിച്ചുള്ള ചർച്ചകൾക്കു വഴി തുറന്നത്. റാലിയിലേക്ക് ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞത് രാഷ്ട്രീയ ചർച്ചകൾക്ക് ചൂടു പടർത്തി. ലീഗിന്റെ അപ്രതീക്ഷിത താൽപര്യം യുഡിഎഫിലും അമ്പരപ്പുണ്ടാക്കി. ലീഗിനെ വിളിക്കും കോൺഗ്രസിനെ വിളിക്കില്ല എന്ന് സിപിഎം വ്യക്തമാക്കിയതോടെ ക്ഷണത്തിനു പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങളും ചർച്ചയായി. ലീഗ് യുഡിഎഫിൽ അതൃപ്തരാണെന്ന തരത്തിൽ പ്രചാരണമുണ്ടായി. മുസ്ലീം ലീഗ് കോൺഗ്രസിന്റെ കക്ഷത്തിലെ കീറ സഞ്ചിയല്ലെന്നു പ്രതികരിച്ച് സിപിഎം നേതാവ് എ.കെ.ബാലൻ ലീഗ് നിലപാടിനെ ന്യായീകരിച്ചു. പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്ന് ഇ.ടി. പിന്നീട് തിരുത്തി. കോഴിക്കോട്ടെ റാലിയിലൂടെ കോൺഗ്രസിനെ പ്രതിരോധത്തിലാക്കാനായെന്ന് സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തി. സമ്മേളനത്തിൽ പങ്കെടുക്കാനുള്ള സിപിഎം ക്ഷണം ലീഗ് തള്ളി. സിപിഎമ്മിന്റെ ക്ഷണത്തിനു നന്ദിയുണ്ടെന്നും യുഡിഎഫിൽ ഭിന്നതയുണ്ടാക്കാൻ ലീഗിനു താൽപര്യമില്ലെന്നും ലീഗ് നേതൃത്വം വിശദീകരിച്ചതോടെ രാഷ്ട്രീയ വിവാദങ്ങൾ അവസാനിച്ചു. ലീഗിനെ എൽഡിഎഫിലേക്ക് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും വ്യക്തമാക്കി.
∙ നടുക്കി കുസാറ്റ് ദുരന്തം
ആലുവ സ്ഫോടനത്തിന്‍റെ മുറിവുകൾ ഉണങ്ങുന്നതിനു മുമ്പെ കൊച്ചിയെ നടുക്കി അടുത്ത ദുരന്തം എത്തി. കളമശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയാണ് ദുരന്ത ഭൂമിയായിയ മാറിയത്. ക്യാംപസിലെ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 3 വിദ്യാര്‍ഥികൾ ഉൾപ്പെടെ 4 പേർ മരിച്ചു.
∙ കാനത്തിന്റെ വിടപറയൽ
പ്രമേഹത്തെ തുടർന്നു വലതു കാൽമുട്ടിനു താഴെ മുറിച്ചു മാറ്റി ചികിത്സയിലായിരിക്കെയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. 2015 മുതൽ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായിരുന്നു. കാനത്തിന്റെ നിര്യാണത്തെത്തുടർന്നു ബിനോയ് വിശ്വം എംപിയെ സെക്രട്ടറിയായി നിയമിച്ചു. ബിനോയ് വിശ്വത്തിനു താൽക്കാലിക ചുമതല നൽകണമെന്നു മരിക്കുന്നതിനു മുൻപ് കാനം കേന്ദ്ര നേതൃത്വത്തിനു കത്തു നൽകിയിരുന്നു.
∙ സജി ചെറിയാൻ മന്ത്രി സ്ഥാനത്തേക്ക്
2022 ജൂലൈ ആറിന് ഭരണഘടനയെ അധിക്ഷേപിച്ചെന്ന വിവാദ പ്രസംഗത്തിന്റെ പേരില്‍ രാജിവച്ച സജി ചെറിയാൻ മന്ത്രിസഭയിലേക്ക് തിരിച്ചെത്തി. സജി ചെറിയാനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണര്‍ അംഗീകരിച്ചു. സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ രേഖകളുടെ അടിസ്ഥാനത്തിലാണ് ശുപാർശയെന്ന് മുഖ്യമന്ത്രി ഗവർണറെ അറിയിച്ചു. ജനുവരി 4ന് സത്യപ്രതിജ്ഞ നടന്നു.