‘അടിസ്ഥാനരഹിതം’: യുവനടിയുടെ പീഡനപരാതിയിൽ പ്രതികരണവുമായി സജ്ജൻ ജിൻഡല്‍
Mail This Article
മുംബൈ∙ തനിക്കെതിരെ യുവനടി നൽകിയ പീഡന പരാതി തീർത്തും തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് വൻകിട വ്യവസായ സ്ഥാപനമായ ജെഎസ്ഡബ്ല്യുവിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ സജ്ജൻ ജിൻഡല്‍. ജിൻഡാലിനെ ഉദ്ധരിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് പരാതി ‘തെറ്റും അടിസ്ഥാനരഹിതവുമാണ്’ എന്ന് വ്യക്തമാക്കിയത്. കേസിന്റെ അന്വേഷണവുമായി ജിൻഡാൽ പൂർണമായി സഹകരിക്കുമെന്നും, എന്നാൽ അന്വേഷണം നടക്കുന്നതിനാൽ വിഷയത്തിൽ കൂടുതൽ പ്രതികരിക്കുന്നതിൽ നിന്ന് അദ്ദേഹം വിട്ടുനിൽക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
64കാരനായ ജിൻഡാലിനെതിരെ മുംബൈ സ്വദേശിയായ മുപ്പതുകാരിയാണ് പരാതി നൽകിയത്. 2022 ജനുവരിയിൽ മുംബൈ ബാന്ദ്ര–കുർള കോംപ്ലക്സിൽ, കമ്പനിയുടെ കേന്ദ്ര ഓഫിസിനു മുകളിലെ പെന്റാ ഹൗസിൽ വച്ച് പീഡിപ്പിച്ചെന്നാണ് ആരോപണം. ഇൗ വർഷം ഫെബ്രുവരിയിൽ പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിക്കാതെ വന്നതോടെ യുവതി ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കോടതിയുടെ നിർദേശപ്രകാരമാണ് മുംബൈ പൊലീസ് കേസെടുത്തത്.
2021ൽ ദുബായിൽ ഐപിഎൽ മത്സരത്തിനിടെ സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ വച്ചാണ് സജ്ജൻ ജിൻഡലിനെ ആദ്യമായി കാണുന്നതെന്ന് യുവതി പരാതിയിൽ പറയുന്നു. പിന്നീട് എൻസിപി നേതാവ് പ്രഫുൽ പട്ടേലിന്റെ മകന്റെ വിവാഹവേദിയിൽ വച്ചു കണ്ടു. തുടർന്ന് സൗഹൃദം സ്ഥാപിക്കാനെത്തിയ അദ്ദേഹം തന്റെ സഹോദരൻ ദുബായിൽ നടത്തുന്ന റിയൽ എസ്റ്റേറ്റ് കമ്പനി മുഖേന കെട്ടിടം വാങ്ങാൻ താൽപര്യം അറിയിച്ചെന്നു നടി പറയുന്നു. മൊബൈൽ നമ്പർ കൈമാറിയതിനു പിന്നാലെ കൂടിക്കാഴ്ച പതിവായി.
കൂടുതൽ സ്വാതന്ത്ര്യമെടുത്ത് അദ്ദേഹം പെരുമാറാൻ തുടങ്ങിയത് അസ്വസ്ഥതയുണ്ടാക്കിയെന്നും പലപ്പോഴും അനുവാദവമില്ലാതെ ചേർത്തുപിടിച്ചെന്നും നടി ആരോപിച്ചു. ഭാര്യയുമായുള്ള പ്രശ്നങ്ങളും മറ്റും വിശദീകരിച്ച് തന്നോട് പ്രണയം നടിച്ചു. ഇതിനിടെ, കഴിഞ്ഞ വർഷം ജനുവരിയിൽ ജെഎസ്ഡബ്ല്യു ആസ്ഥാനത്ത് കൂടിക്കാഴ്ചയ്ക്ക് പോയപ്പോൾ പെന്റാ ഹൗസിൽ എത്തിച്ചു പീഡിപ്പിച്ചെന്നാണു പരാതി.
അതിനു ശേഷം സ്വഭാവരീതി മാറി. സൗഹൃദം നിലനിർത്താൻ ശ്രമിച്ചിട്ടും അകലം പാലിക്കാൻ ശ്രമിച്ച അദ്ദേഹം ഫോൺ നമ്പർ ബ്ലോക്ക് ചെയ്തെന്നും പൊലീസിൽ പരാതി നൽകിയാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.