ക്ഷേത്രം സർക്കാരിന്റെ കാര്യമല്ല; രാമക്ഷേത്ര പ്രതിഷ്ഠ വൻ സംഭവമാക്കുന്നത് ഭരണപരാജയം മറയ്ക്കാൻ: തരൂർ
ന്യൂഡൽഹി ∙ വ്യക്തിപരമായി ഗുണം നൽകുന്ന ഒന്നായാണു മതത്തെ കാണുന്നതെന്നും, രാഷ്ട്രീയ ദുരുപയോഗത്തിനുള്ളതല്ലെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂർ എംപി.
ന്യൂഡൽഹി ∙ വ്യക്തിപരമായി ഗുണം നൽകുന്ന ഒന്നായാണു മതത്തെ കാണുന്നതെന്നും, രാഷ്ട്രീയ ദുരുപയോഗത്തിനുള്ളതല്ലെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂർ എംപി.
ന്യൂഡൽഹി ∙ വ്യക്തിപരമായി ഗുണം നൽകുന്ന ഒന്നായാണു മതത്തെ കാണുന്നതെന്നും, രാഷ്ട്രീയ ദുരുപയോഗത്തിനുള്ളതല്ലെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂർ എംപി.
ന്യൂഡൽഹി ∙ വ്യക്തിപരമായി ഗുണം നൽകുന്ന ഒന്നായാണു മതത്തെ കാണുന്നതെന്നും, രാഷ്ട്രീയ ദുരുപയോഗത്തിനുള്ളതല്ലെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂർ എംപി. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് തരൂർ ഇക്കാര്യം പറഞ്ഞത്. ക്ഷണം ലഭിച്ചില്ലെന്നു വ്യക്തമാക്കിയ തരൂർ, മറ്റുകാര്യങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി അയോധ്യയെ വലിയ വാർത്തയാക്കുന്നതെന്നും വിമർശിച്ചു.
‘‘ജനുവരി 22ന് അയോധ്യയിലേക്ക് പോകുന്നുണ്ടോ എന്ന ചോദ്യവുമായി മാധ്യമപ്രവർത്തകർ വന്നിരുന്നു. ക്ഷണം കിട്ടിയില്ലെന്നും, മതത്തെ വ്യക്തിപരമായ ഗുണമായാണ് കാണുന്നതെന്നും രാഷ്ട്രീയ ദുരുപയോഗത്തിനുള്ള ഒന്നല്ലെന്നും ഞാൻ അവരോട് പറഞ്ഞു. രാമക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരത്തേതന്നെ വാർത്തകളിലൂടെ ആളുകൾ അറിഞ്ഞതാണ്.
എന്നാൽ ഇതിലൂടെ രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നവർ വീണ്ടും വലിയ സംഭവമാക്കുകയും ഭരണ പരാജയത്തെ മറയ്ക്കുകയുമാണ് ചെയ്യുന്നത്. ക്ഷേത്രങ്ങൾ സർക്കാരിന്റെ കാര്യമല്ല; തൊഴിലില്ലായ്മ, പണപ്പെരുപ്പം, ജനക്ഷേമം, ദേശീയ സുരക്ഷ എന്നിവയിലാണ് ശ്രദ്ധിക്കേണ്ടത്. എന്നാൽ ആ വിഷയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാൻ മാധ്യമങ്ങളും സഹായിക്കുന്നു’’ –തരൂർ എക്സിൽ കുറിച്ചു.
രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖരുൾപ്പെടെ ആയിരക്കണക്കിനു പേരെയാണ് രാമക്ഷേത്ര ഉദ്ഘാടനത്തിനായി ക്ഷണിച്ചിട്ടുള്ളത്. മുതിർന്ന കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്‍ജുൻ ഖർഗെ, അധീർ രഞ്ജന്‍ ചൗധരി എന്നിവർക്കും ക്ഷണമുണ്ട്. ഇവർ പങ്കെടുക്കുമോ എന്ന കാര്യത്തിൽ പാർട്ടി വ്യക്തത വരുത്തിയിട്ടില്ല.
മതവും രാഷ്ട്രീയവും തമ്മിൽ കലര്‍ത്താനാണു ബിജെപിയുടെ ശ്രമമെന്ന് ആരോപിച്ചു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ക്ഷണം നിരസിച്ചിരുന്നു. കോൺഗ്രസ് നേതാവ് സാം പിത്രോദയും സമാന നിലപാടുമായി രംഗത്തെത്തി.