ADVERTISEMENT

ന്യൂഡൽഹി∙ മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്ന് ആംആദ്മി പാർട്ടി (എഎപി) നേതാക്കൾ. സമൂഹമാധ്യമത്തിലൂടെയാണ് നേതാക്കൾ ഇക്കാര്യം അറിയിച്ചത്. 

കേജ്‌രിവാളിന്റെ വീട്ടിൽ ഇന്ന് റെയ്ഡുണ്ടായേക്കുമെന്ന് മന്ത്രിമാരും അറിയിച്ചു. കേസിൽ ചോദ്യചെയ്യുന്നതിനായി ഇന്നലെ ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും കേജ്‌രിവാൾ ഹാജരായിരുന്നില്ല.   അറസ്റ്റ് വാർത്ത പ്രചരിച്ചതോടെ കേജ്‌രിവാളിന്റെ വീടിന് പൊലീസ് സുരക്ഷ വർധിപ്പിച്ചു. ആംആദ്മി പാർട്ടി പ്രവർത്തകർ കൂട്ടത്തോടെ കേജ്‌രിവാളിന്റെ വീട്ടിലേക്ക് എത്തുകയാണ്. ഇതിനിടെ  ജനുവരി 6ന് മൂന്നുദിവസത്തെ പര്യടനത്തിനായി കേജ്‌രിവാൾ ഗുജറാത്തിലേക്കു പോകുമെന്ന റിപ്പോർട്ടും ഉണ്ട്. 

ഏതു സാഹചര്യവും നേരിടാൻ പാർട്ടി തയാറാണെന്ന് എഎപി നേതാക്കൾ അറിയിച്ചു. ‘‘രാവിലെ ഇ.ഡി അരവിന്ദ് കേജ്‌രിവാളിന്റെ വീട്ടിൽ റെയ്ഡ് നടത്തുമെന്നതു സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നു. അറസ്റ്റ് ഉണ്ടാകാനും സാധ്യതയുണ്ട്.’’- എന്നാണ് ആംആദ്മി പാർട്ടി മുതിർന്ന നേതാവ് അതിഷി സമൂഹമാധ്യമത്തിൽ കുറിച്ചത്. പാര്‍ട്ടിയിലെ മുതിർന്ന നേതാക്കളായ സൗരഭ് ഭരദ്വാജ്, ജാസ്മിൻ ഷാ, സന്ദീപ് പഥക് എന്നിവരും ഇക്കാര്യം പങ്കുവച്ചു. 

ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ഇ.ഡി മൂന്നുതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും കേജ്‌രിവാൾ ഹാജരായിരുന്നില്ല.  രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകളിലാണെന്നാണ് കേജ്‌രിവാൾ ഇഡിക്കു മറുപടി നൽകിയത്. ഇ.ഡി നൽകുന്ന ഏത് ചോദ്യാവലിക്കും മറുപടി നൽകാൻ ഒരുക്കമാണെന്നും അറിയിച്ചു. ഇ.ഡി അനാവശ്യമായ രഹസ്യാത്മകത സൂക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നവംബർ 2, ഡിസംബർ 21, ജനുവരി 3 എന്നീ തീയതികളിലാണു കേജ്‍രിവാൾ ഹാജരാകാൻ ഇ.ഡി നോട്ടിസ് നൽകിയത്.

English Summary:

Enforcement Directorate May Arrest Arvind Kejriwal In Delhi Liquor Scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com