ഗുണ്ടാനേതാവിന്റെ കാമുകി; കൊല്ലപ്പെട്ട മോഡൽ ദിവ്യ പഹൂജയുടെ മൃതദേഹം കണ്ടെത്തി
Mail This Article
ന്യൂഡൽഹി∙ ഗുരുഗ്രാമിൽ കൊല്ലപ്പെട്ട മുൻമോഡലിന്റെ മൃതദേഹം കണ്ടെത്തി. ദിവ്യ പഹൂജ (27)ന്റെ മൃതദേഹമാണ് ഹരിയാനയിലെ കനാലിൽ നിന്ന് ലഭിച്ചത്. കഴിഞ്ഞ ജനുവരി രണ്ടിന് ഹോട്ടൽ മുറിയില്‍ കൊല്ലപ്പെട്ട ദിവ്യയുടെ മൃതദേഹം കണ്ടെത്തുന്നതിനായി വ്യാപക പരിശോധനയാണ് ഗുരുഗ്രാം പൊലീസ് നടത്തിയിരുന്നത്.
കൊലപാതകത്തിൽ ഹോട്ടൽ ഉടമ അഭിജിത്ത് സിങ് ഉൾപ്പെടെ നാലുപേര്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിലായിരുന്നു. അഭിജിത്ത്, ഓംപ്രകാശ്, ഹേംരാജ് എന്നിവർ സംഭവം നടന്ന് തൊട്ടടുത്ത ദിവസവും ബാൽരാജ് ഗിൽ എന്നൊരാൾ വെള്ളിയാഴ്ചയുമാണ് അറസ്റ്റിലായത്. പ്രതികൾ അഭിജിത്തിന്റെ ഹോട്ടലിലെ ജീവനക്കാരാണ്. ബാൽ രാജിന്റെ കുറ്റസമ്മതത്തിലാണ് മൃതദേഹം പഞ്ചാബിലെ ഭക്ര കനാലിൽ എറിഞ്ഞതായി തെളിഞ്ഞത്.
അഭിജിത്ത് സിങ്ങുമായുള്ള വഴിവിട്ട ബന്ധത്തിന്റെ ദൃശ്യങ്ങൾ ദിവ്യ പഹൂജ രഹസ്യമായി പകർത്തി അതു കാണിച്ച് പണം തട്ടാൻ ശ്രമിച്ചതിനെ തുടർന്നായിരുന്നു കൊല.
ജനുവരി രണ്ടിന് അഭിജിത്തിന്റെ ഉടമസ്ഥതയിലുള്ള സിറ്റി പോയിന്റ് ഹോട്ടലിലായിരുന്നു കൊലപാതകം. ദിവ്യയുടെ മൃതദേഹം സംസ്കരിക്കുന്നതിനായി കൂട്ടുപ്രതികള്‍ക്ക് അഭിജിത്ത് 10ലക്ഷം രൂപ വീതം നൽകിയിരുന്നു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ മൃതദേഹം കാറിൽ കയറ്റി പോകുന്നതിന്റെയടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ദിവ്യയും അഭിജിത്തും മറ്റൊരാളും ജനുവരി രണ്ടിന് ഹോട്ടലിൽ എത്തുന്നതും, അന്നുരാത്രിയിൽ അഭിജിത്തും കൂട്ടാളികളും ചേർന്ന് ദിവ്യയുടെ മൃതദേഹം വലിച്ചുകൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങളും സിസിടിവിയിലുണ്ട്.
2016ലെ ഗുണ്ടാനേതാവ് സന്ദീപ് ഗഡോലി വ്യാജ ഏറ്റുമുട്ടൽ കേസിലെ മുഖ്യപ്രതിയാണ് ദിവ്യ പഹൂജ. സന്ദീപ് ഗഡോലിയുടെ കാമുകിയായിരുന്നു ദിവ്യ. 2016 ഫെബ്രുവരി 6ന് മുംബൈയിലെ ഒരു ഹോട്ടലിൽ വച്ചുനടന്ന വ്യാജ ഏറ്റുമുട്ടലിൽ ഗഡോലി കൊല്ലപ്പെട്ട സംഭവത്തിൽ ദിവ്യ, ദിവ്യയുടെ അമ്മ, അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ പൊലീസ് പ്രതിചേർത്തിരുന്നു. ഇവർക്ക് കഴിഞ്ഞ വർഷം ജൂണിലാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ദിവ്യയുടെ കൊലപാതകത്തിൽ രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്.