മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിനു ബിഹാറിൽ സ്വീകരണം; ലക്ഷ്യം യാദവ വോട്ടുകൾ
Mail This Article
പട്ന ∙ ബിഹാറിലെ യാദവ വോട്ടു ലക്ഷ്യമിട്ടു മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിനു പട്നയിൽ സ്വീകരണം. ശ്രീകൃഷ്ണ ചേതനാ സമിതിയുടെ പേരിലാണ് ബിഹാർ ബിജെപി മോഹൻ യാദവിനു സ്വീകരണമൊരുക്കിയത്. മധ്യപ്രദേശിൽ ശ്രീകൃഷ്ണന്റെ പാദമുദ്ര പതിഞ്ഞ സ്ഥലങ്ങളെല്ലാം തീർഥാടന കേന്ദ്രങ്ങളായി വികസിപ്പിക്കുമെന്നു മോഹൻ യാദവ് പ്രഖ്യാപിച്ചു. മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും കഥകൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.
ആർജെഡിയുടെ യാദവ വോട്ടു ബാങ്കിൽ വിള്ളലുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ ഭാഗമായാണു മോഹൻ യാദവിനെ ബിഹാറിൽ അവതരിപ്പിച്ചത്. ബിജെപിയുടെ സാധാരണ പ്രവർത്തകനായിരുന്ന മോഹൻ യാദവ് മധ്യപ്രദേശിൽ മുഖ്യമന്ത്രി പദത്തിലേക്ക് ഉയർന്നതിനെ ആർജെഡിയിലെ ലാലു കുടുംബാധിപത്യവുമായി താരതമ്യം നടത്തിയാണ് ബിജെപിയുടെ പ്രചാരണം. ആർജെഡിയിൽ അധികാര സ്ഥാനത്തെത്താൻ ലാലു കുടുംബാംഗങ്ങൾക്കു മാത്രമേ കഴിയുകയുള്ളുവെന്നു ബിജെപി ചൂണ്ടിക്കാട്ടുന്നു.