‘ഇത്തരം നക്സലൈറ്റ് തന്ത്രങ്ങൾ ഞങ്ങളുടെ സംസ്കാരത്തിന് അന്യം’; രാഹുലിനെതിരെ കേസെടുക്കാൻ നിർദേശിച്ച് അസം മുഖ്യമന്ത്രി
Mail This Article
ഗുവാഹത്തി∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എതിരെ കേസെടുക്കാൻ ഡിജിപിക്ക് നിർദേശം നൽകി അസം മുഖ്യമന്ത്രി. കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് പൊളിച്ച സംഭവത്തിലാണു നടപടി. പ്രവർത്തകരെ രാഹുൽ പ്രകോപിപ്പിച്ചെന്നും ദൃശ്യങ്ങൾ തെളിവായി എടുക്കുമെന്നും മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രയുമായി ബന്ധപ്പെട്ടാണു നടപടി.
‘‘ഇത് അസം സംസ്കാരത്തിന്റെ ഭാഗമല്ല. സമാധാനമുള്ള സംസ്ഥാനമാണ് അസം. ഇത്തരം നക്സലൈറ്റ് തന്ത്രങ്ങൾ ഞങ്ങളുടെ സംസ്കാരത്തിന് അന്യമാണ്. ആൾക്കൂട്ടത്തെ പ്രകോപിപ്പിച്ചതിന് രാഹുലിന് എതിരെ കേസെടുക്കാൻ ഡിജിപിക്ക് നിർദേശം നൽകി’’– ഹിമന്ദ ബിശ്വ ശർമ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. മാർഗനിർദേശങ്ങൾ പാലിക്കാത്തതുമൂലവും അച്ചടക്കമില്ലായ്മയും മൂലം ഗുവാഹത്തിയില്‍ വലിയ ഗതാഗതകുരുക്കു രൂപപ്പെട്ടതായും മുഖ്യമന്ത്രി വിമർശിച്ചു.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ഗുവാഹത്തിയിൽ വച്ചു സംഘർഷമുണ്ടായിരുന്നു. അസം പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിലാണു സംഘര്‍ഷത്തിലേർപ്പെട്ടത്. ഗുവാഹത്തിയിലേക്ക് യാത്ര കടക്കാന്‍ ശ്രമിച്ചതാണു സംഘർഷത്തിനു കാരണം. പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് പ്രവർത്തകർ പൊളിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തിചാർജ് നടത്തി. നിരവധി പ്രവർത്തകർക്ക് പരുക്കേറ്റെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
പ്രവർത്തകരെ അഭിസംബോധന ചെയ്യാനായി രാഹുൽ ന്യായ് യാത്രാ ബസിനു മുകളിലെത്തിയപ്പോഴാണ് പൊലീസ് തടഞ്ഞതെന്നാണ് വിവരം. തുടർന്ന് സംഘർഷമാവുകയായിരുന്നു. അസമിലെ ഹിമന്ത ബിശ്വ ശർമ സർക്കാർ നേരത്തേ ഗുവാഹത്തിയിലെ ചെറിയ റോഡുകളിലൂടെ യാത്ര നടത്തുന്നതിന് അനുമതി നിഷേധിച്ചിരുന്നു. ഗുവാഹത്തിയിൽ ഇന്ന് പ്രവൃത്തി ദിവസമാണെന്നും യാത്രയെ പ്രധാന നഗര റോഡുകളിലൂടെ സഞ്ചരിക്കാൻ അനുവദിക്കുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുമെന്നും വാദിച്ച സംസ്ഥാന ഭരണകൂടം, ദേശീയ പാതയിലൂടെ പര്യടനം നടത്താൻ ആവശ്യപ്പെട്ടിരുന്നു.