‘പാർട്ടിക്കു കൊണ്ടുപോയി, മദ്യം നൽകി പീഡിപ്പിച്ചു’: ഇൻസ്റ്റഗ്രാം സുഹൃത്തിനെതിരെ യുവതിയുടെ പരാതി
Mail This Article
മുംബൈ∙ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവ് മദ്യം നൽകി അബോധാവസ്ഥയിലാക്കിയശേഷം ബലാത്സംഗം ചെയ്തെന്ന പരാതിയുമായി ഇരുപത്തിയൊന്നുകാരി. മുംബൈ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ യുവാവിനെതിരെ കേസെടുത്ത മുംബൈ വോർലി പൊലീസ് അന്വേഷണം ആരംഭിച്ചു. സമൂഹമാധ്യമത്തിൽ പരിചയപ്പെട്ട ആളിൽനിന്നും നേരിട്ട ദുരനുഭവത്തെക്കുറിച്ച് ഇൻസ്റ്റഗ്രാമിലെ ‘പണിഷ്മൈറേപ്പിസ്റ്റ്’ എന്ന പേജിലൂടെ യുവതി തന്നെയാണു വെളിപ്പെടുത്തിയത്.
ജനുവരി 13നാണ് ഇൻസ്റ്റഗ്രാം സുഹൃത്തായ ഹീതിക് ഷായെ നേരിട്ട് കാണുന്നതെന്ന് യുവതി പോസ്റ്റിൽ പറയുന്നു. രാത്രിയിൽ പാർട്ടിക്കായി ഇരുവരും ഒന്നിച്ചുപുറത്തുപോയി. കൂടുതൽ മദ്യപിക്കാൻ ഹീതിക് ഷാ തന്നെ നിർബന്ധിച്ചതായും ബോധം നഷ്ടപ്പെട്ടതായും യുവതി പോസ്റ്റിൽ പറയുന്നു. തനിക്കു ലഹരിമരുന്നു നൽകിയതായും യുവതി സംശയം പ്രകടിപ്പിച്ചു.
ബോധം വരുമ്പോൾ യുവാവ് തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നെന്നും ചെറുത്തുനിൽക്കാൻ ശ്രമിച്ച തന്നെ മൂന്നു തവണ യുവാവ് അടിച്ചെന്നും സുഹൃത്തുക്കളുടെ മുൻപിൽ വച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. ഹീതിക് ഷായുടെ സുഹൃത്തിന്റെ വീട്ടിൽവച്ചായിരുന്നു ക്രൂരത.
‘‘പിറ്റേദിവസം രാവിലെ ഹീതിക് വിളിച്ച് ക്ഷമാപണം നടത്തി. പിന്നീട് അയാൾ ഒളിവിൽ പോയി. പരാതി നൽകിയിട്ടു 12 ദിവസം കഴിഞ്ഞു. ഇതുവരെയും ഹീതികിനെ പിടികൂടാൻ സാധിച്ചിട്ടില്ല’’– യുവതി കുറിച്ചു. മുൻകൂർ ജാമ്യത്തിന് യുവാവ് അപേക്ഷ നൽകിയിട്ടുണ്ട്.