മനുഷ്യ–വന്യമൃഗ സംഘർഷം കുറയ്ക്കുക ലക്ഷ്യം; വകയിരുത്തിയത് മുൻവർഷത്തേതിൽ നിന്ന് ഇരട്ടിത്തുക
Mail This Article
∙മനുഷ്യ–വന്യമൃഗ സംഘർഷം കുറയ്ക്കാൻ ഈ വർഷം ബജറ്റിൽ വകയിരുത്തിയത് മുൻവർഷത്തേക്കാളും ഇരട്ടിയോളം തുക. കഴിഞ്ഞ വർഷം 29.8 കോടി രൂപ നീക്കിവച്ചിടത്ത് ഈ വർഷം 48.85 കോടി രൂപ അനുവദിച്ചു. ഒറ്റ നോട്ടത്തിൽ മലയോര മേഖലയ്ക്ക് ആശ്വാസം പകരുന്നതാണ് ബജറ്റിൽ തുക വർധിപ്പിച്ചത്. എന്നാൽ കഴിഞ്ഞ വർഷം ചെലവാക്കിയ 29.8 കോടി രൂപകൊണ്ട് എന്തു പ്രയോജനം ഉണ്ടായെന്ന ചോദ്യം അവശേഷിക്കുന്നു. ഇതേസമയം, വനവും വന്യജീവിയും മേഖലയിൽ 232.59 കോടി രൂപയാണ് വകയിരുത്തിയത്. മനുഷ്യ–വന്യമൃഗശല്യം കുറയ്ക്കുന്നതിന് വർഷംതോറും അനുവദിക്കുന്ന തുക വർധിപ്പിക്കുന്നുണ്ട്. അതിനനുസരിച്ച് വന്യമൃഗശല്യവും വർധിക്കുന്നുണ്ട്. കോടികൾ ചെലവഴിച്ചിട്ടും വന്യമൃഗശല്യം കുത്തനെ വർധിക്കുന്നുവെന്നാണ് ഓരോ ദിവസം കഴിയുന്തോറും വ്യക്തമാകുന്നത്.
എവിടെപ്പോയി ആ കോടികൾ ?
വന്യമൃഗങ്ങളെ കാട്ടിൽ തന്നെ നിർത്തി കാടുംനാടും വേർതിരിക്കാനുള്ള നടപടികളാണ് സ്വീകരിക്കാറുള്ളത്. സൗരോർജ വേലി, ട്രെഞ്ച് നിർമാണം, കന്മതിൽ നിർമാണം, ജൈവവേലി, തുടങ്ങിയ പല പദ്ധതികളും വന്യമൃഗശല്യം പ്രതിരോധിക്കാൻ നടപ്പാക്കുന്നുണ്ട്. പലയിടത്തും സ്ഥാപിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ സൗരോർജ വേലി ആന ചവിട്ടിപ്പൊളിക്കും. കന്മതിലിന്റെ കാര്യവും അങ്ങനെ തന്നെ. ആനയും മാനും കുരങ്ങും മനുഷ്യർ തീർത്ത വേലിക്കെട്ടുകളെല്ലാം നിസ്സാരമായി തകർത്തുകളയുകയാണ്.
2022–23 കാലത്ത് 58.4 കിലോമീറ്ററിൽ കാട്ടാന പ്രതിരോധ ട്രെഞ്ചുകളുടെ അറ്റകുറ്റപ്പണിയും 42.6 കിലോമീറ്ററിൽ സൗരോർജ വേലിയും 237 മീറ്റർ കോംപൗണ്ട് ഭിത്തിയും നിർമിച്ചെങ്കിലും വന്യജീവികളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. മനുഷ്യ–വന്യമൃഗ സംഘർഷം കുറയ്ക്കാനുള്ള നടപടിയിൽ ഉൾപ്പെടുത്തി 17.2 കോടിയും പ്രോജക്ട് ആന പദ്ധതിക്കു കീഴിലായി 2.4 കോടിയും സംരക്ഷിതമല്ലാത്ത വന്യജീവികളുടെ സംരക്ഷണ പദ്ധതിക്കായി 10.2 കോടി രൂപയും ഉൾപ്പെടെ ആകെ 29.8 കോടി രൂപയാണ് 2022–23 ൽ കേരളത്തിൽ ചെലവിട്ടത്. എന്നാൽ, ഇക്കാലയളവിൽ സംസ്ഥാനത്ത് 8,873 വന്യജീവി ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ കാട്ടാനകളുടെ ആക്രമണത്തിൽ മാത്രം 27 പേരുടെ ജീവൻ നഷ്ടമായി. 98 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ടു ചെയ്തത്. ഇതിൽ 48 എണ്ണവും പാമ്പു കടിയേറ്റായിരുന്നു. കാട്ടുപന്നി ആക്രമണത്തിൽ ഏഴും കടുവയുടെ ആക്രമണത്തിൽ ഒരാളും കൊല്ലപ്പെട്ടു. തേനീച്ചക്കുത്തേറ്റത് ഉൾപ്പെടെയുള്ള മരണങ്ങൾ 14 ആണ്. വിവിധ വന്യമൃഗ ആക്രമണങ്ങളിൽ 1,275 പേർക്ക് പരുക്കേറ്റു.
ഇക്കാലത്ത് 637 കന്നുകാലികളാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ 244 എണ്ണം പുള്ളിപ്പുലിയുടെ ആക്രമണത്തിലും 191 എണ്ണം കടുവയുടെ ആക്രമണത്തിലുമായിരുന്നു. 6,863 പേർക്ക് കൃഷിനാശം/വസ്തുനാശവും റിപ്പോർട്ട് ചെയ്തു. 2022–23 കാലയളവിൽ മാത്രം വന്യജീവി ആക്രമണങ്ങളിൽ 10.48 കോടി രൂപയാണ് വനം വകുപ്പ് നഷ്ടപരിഹാരമായി നൽകിയത്.
വെള്ളിയാഴ്ചയാണ് മാനന്തവാടി നഗരത്തിൽ കാട്ടാന ഇറങ്ങിയത്. വയനാട്, ഇടുക്കി ജില്ലകളിൽ വന്യമൃഗങ്ങൾക്ക് എത്തിപ്പെടാൻ സാധിക്കാത്ത ഒരിടം പോലുമില്ലാതായി. കേരളത്തിലെ ഭൂരിഭാഗം ജില്ലകളിലും വന്യമൃഗശല്യം രൂക്ഷമാണ്. വന്യമൃഗങ്ങളുടെ എണ്ണത്തിലുണ്ടായ ക്രമാതീതമായ വർധനവാണ് മനുഷ്യ–വന്യജീവി സംഘർഷത്തിന് പ്രധാന കാരണമായി മാറുന്നതെന്ന് പഠനങ്ങൾ പുറത്തുവന്നിരുന്നു. മൃഗങ്ങളുെട വംശവർധന തടയുന്നതുൾപ്പെടെയുള്ള നടപടികളെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞിരുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ ഇരട്ടി തുക വകയിരുത്തിയെങ്കിലും മനുഷ്യ–വന്യജീവി സംഘർഷം കുറയ്ക്കാൻ ഈ തുക ഏതു രീതിയിൽ ചെലവഴിക്കുമെന്നാണ് മലയോര മേഖലയിലുള്ളർ ഉറ്റുനോക്കുന്നത്. പതിവു പോലെ സൗരോർജ വേലി നിർമാണവും കന്മതിൽ നിർമാണവുമാണ് നടത്തുന്നതെങ്കിൽ വനാതിർത്തിപ്രദേശങ്ങൾ മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ പ്രദേശമായി തന്നെ തുടരുമെന്നാണ് മലയോര കർഷകരുടെ അഭിപ്രായം.
വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കണം: അലക്സ് ഒഴുകയിൽ (കിഫ)
ഈ ബജറ്റിൽ മനുഷ്യ–വന്യമൃഗശല്യം കുറയ്ക്കാൻ 50 കോടിയോളം രൂപ നീക്കി വച്ചതിൽ 30 കോടി നഷ്ടപരിഹാരം നൽകുന്നതിനാണ്. 2,000 കോടി രൂപ നഷ്ടപരിഹാരം നൽകിയാൽ പോലും നികത്താനാകാത്ത കൃഷിനാശം വന്യമൃഗങ്ങളെക്കൊണ്ട് കേരളത്തിലുണ്ടാകുന്നുണ്ട്. ക്യാൻസർ രോഗത്തിന് അമൃതാഞ്ജൻ നൽകുന്നതുപോലെയുള്ള നടപടിയാണ് സർക്കാരിന്റേത്. കഴിഞ്ഞ വർഷം വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പോലും പൂർണമായി നഷ്ടപരിഹാരം നൽകിയിട്ടില്ല. കൃഷിനാശത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകുന്ന അപേക്ഷ പകുതിയും തള്ളുകയാണ്. വേലികെട്ടിയതുകൊണ്ട് വന്യമൃഗങ്ങളെ തടയാൻ സാധിക്കില്ല. വന്യമൃഗങ്ങളുടെ എണ്ണത്തിലുണ്ടായ ക്രമാതീതമായ വർധന കുറയ്ക്കാൻ നടപടി സ്വീകരിക്കണം.