റീപ്പോ നിരക്ക് 6.5 ശതമാനമായി തുടരും; പണപ്പെരുപ്പ ഭീഷണി അവസാനിച്ചിട്ടില്ലെന്നു വിലയിരുത്തൽ
Mail This Article
മുംബൈ∙ വായ്പാ പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐയുടെ വായ്പാ അവലോകന യോഗം. റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്കു നൽകുന്ന ഹ്രസ്വകാല വായ്പകൾക്കു ചുമത്തുന്ന പലിശ നിരക്കായ റീപ്പോ 6.5 ശതമാനത്തിൽ തുടരും. കുറയുന്ന പണപ്പെരുപ്പവും പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക വളർച്ചയും പരിഗണിച്ചാണ് ഇത്തവണയും പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയത്. ഇതോടെ ഭവന, വ്യക്തിഗത, വാഹന വായ്പകളുടെ പലിശ നിലവിലെ നിരക്കിൽ തുടരും. അതേസമയം, പണപ്പെരുപ്പ ഭീഷണി അവസാനിച്ചിട്ടില്ലെന്ന് ആർബിഐയുടെ പണനയസമിതിയുടെ യോഗം (എംപിസി) വിലയിരുത്തി.
ആറാമത്തെ വായ്പ അവലോകന യോഗത്തിലാണ് നിരക്കു മാറ്റമില്ലാതെ നിലനിർത്തുന്നത്. 2022 മേയിൽ ആരംഭിച്ച നിരക്ക് വർധനവിന് 2023 ഫെബ്രുവരിയിലാണ് വിരാമമായത്. വിവിധ ഘട്ടങ്ങളിലായി നിരക്കിൽ 2.50 ശതമാനമാണ് വർധന വരുത്തിയത്. പണപ്പെരുപ്പ ക്ഷമതാ പരിധിയായ നാലു ശതമാനത്തിനു താഴെ നിരക്കു കൊണ്ടുവരാനുളള നടപടികളുമായി മുന്നോട്ടുപോകാൻ യോഗത്തിൽ ധാരണയായി.