ADVERTISEMENT

കോഴിക്കോട്∙ സ്കൂളിലേക്കുള്ള വഴിയടയ്ക്കാൻ റെയിൽവേയുടെ നീക്കം. വഴിമുട്ടി നൂറോളം വിദ്യാർഥികൾ. ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ എത്തിയതോടെ വഴിയടയ്ക്കൽ താൽക്കാലികമായി നിർത്തിവച്ചു. 

ശനിയാഴ്ച രാവിലെയാണ് കോരപ്പുഴ ഗവൺമെൻറ് ഫിഷറീസ് യുപി സ്കൂളിലേക്കുള്ള വഴി അടയ്ക്കാൻ റെയിൽവേ അധികൃതർ എത്തിയത്. കഴിഞ്ഞ 105 വർഷത്തിലധികമായി സ്കൂളിലേക്ക് വരാൻ വിദ്യാർഥികളും നാട്ടുകാരും ഉപയോഗിച്ചിരുന്ന വഴിയാണ് റെയിൽവേ അടയ്ക്കുന്നത്.

നൂറിലധികം കുട്ടികളാണ് സ്കൂളിലുള്ളത്. ഒട്ടുമിക്ക വിദ്യാർഥികളും റെയിൽവേ ലൈൻ കടന്നാണ് എത്തുന്നത്. വഴി അടച്ചാൽ കുട്ടികൾക്ക് ഏറെ ദൂരം ചുറ്റിസഞ്ചരിക്കേണ്ടിവരും. ബദൽ സംവിധാനം ഒരുക്കാതെ നിലവിലുള്ള വഴി അടയ്ക്കാനുള്ള റെയിൽവേ നീക്കത്തിനെതിരെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്കൂളിലേക്കുള്ള വഴിയിൽ അടിപ്പാത നിർമിച്ച ശേഷമേ വഴിയടയ്ക്കാവൂ എന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടത്.

സ്കൂൾ പ്രധാനാധ്യാപികയ്ക്ക് വഴി പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് ഒൻപതിനാണ് റെയിൽവേ ഉദ്യോഗസ്ഥർ നൽകിയത്. ഇന്നലെ രാവിലെ റെയിൽവേ ജീവനക്കാർ വഴി അടയ്ക്കാൻ സ്ഥലത്ത് എത്തി. തുടർന്നാണ് നാട്ടുകാരും വിദ്യാർഥികളും അധ്യാപകരും വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ഉൾപ്പെടെ ശക്തമായ പ്രതിഷേധവുമായി എത്തിയത്. 

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, സ്കൂൾ പ്രധാനാധ്യാപിക മിനി സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ സന്ധ്യ ഷിബു, കെ. രാജലക്ഷ്മി തുടങ്ങിയവർ റെയിൽവേ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

തുടർന്ന് വഴി അടയ്ക്കാനുള്ള പ്രവർത്തനങ്ങൾ റെയിൽവേ അധികൃതർ താൽക്കാലികമായി നിർത്തിവച്ചു. വഴി ഉടൻതന്നെ അടയ്ക്കുമെന്ന് റെയിൽവേ ജീവനക്കാർ സൂചന നൽകുകയും ചെയ്തു. ഇതോടെ പ്രശ്നപരിഹാരത്തിനായി ജനകീയ  ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.

English Summary:

Community Outcry Halts Railway's Attempt to Block Century-Old School Route

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com