ആർക്കും ഈ ഗതി ഉണ്ടായിട്ടില്ല: എൻസിപി പിളർപ്പിൽ പ്രതികരിച്ച് ശരദ് പവാർ
Mail This Article
മുംബൈ∙ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് എൻസിപിയിലുണ്ടായ പിളർപ്പിനോട് വൈകാരികമായി പ്രതികരിച്ച് ശരദ് പവാർ. പാർട്ടി സ്ഥാപിച്ചവരെ തന്നെ സ്വന്തം സംഘടനയിൽ നിന്ന് പുറത്താക്കുന്ന സംഭവം ഇതിനുമുൻപ് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി നിയമപ്രകാരമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘‘പാർട്ടി ചിഹ്നവും എടുത്തു. തീരുമാനങ്ങൾ നിയമപ്രകാരമായിരുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിഷനും, പ്രസിഡന്റും പാർട്ടിയുടെയും ചിഹ്നത്തിന്റെയും കാര്യത്തിൽ എടുത്ത തീരുമാനം ഞങ്ങൾക്ക് ശരിയായി തോന്നുന്നില്ല. ഞങ്ങൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഞങ്ങൾക്ക് ജനങ്ങളുമായുള്ള ബന്ധം വർധിപ്പിക്കേണ്ടതുണ്ട്.’’ ശരദ് പവാർ പറഞ്ഞു.
ഇതുവരെ മത്സരിച്ച 14 തിരഞ്ഞെടുപ്പുകളിൽ അഞ്ചെണ്ണത്തിനും വ്യത്യസ്ത ചിഹ്നങ്ങളായിരുന്നു. ഞങ്ങൾ വിവിധ ചിഹ്നങ്ങൾ കണ്ടിട്ടുള്ളവരാണ്. അതുകൊണ്ട് ചിഹ്നം തടഞ്ഞ് സംഘടനയുടെ അസ്തിത്വം ഇല്ലാതാക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് നടക്കാൻ പോകുന്നില്ല. ജനാധിപത്യത്തിൽ ആർക്ക് വേണമെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കും. ആർക്കും അതിനെതിരെ പരാതിപ്പെടാൻ സാധിക്കില്ല. കഴിഞ്ഞ 55–60 വർഷങ്ങളായി എന്താണ് ചെയ്തിട്ടുള്ളതെന്ന് ജനങ്ങൾക്കറിയാം. പവാർ പറഞ്ഞു.
അതേസമയം ശരദ് പവാറിന്റെ മകൾ സുപ്രിയ സുലേയുടെ എതിരാളിയായി ഭാര്യ സുനേത്ര പവാറിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് അജിത് പവാർ.