ഭാരത് ജോഡോ യാത്രയ്ക്കിടെ ഉദ്ധവിനെ ഫോൺ വിളിച്ച് രാഹുൽ; 39 സീറ്റുകളിൽ ധാരണയായെണു റിപ്പോര്‍ട്ട്
Mail This Article
ന്യൂഡൽഹി∙ പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്ത്യാ സഖ്യത്തിലെ സീറ്റു വിഭജന ചർച്ചകൾ അതിവേഗം പുരോഗമിക്കവെ മഹാരാഷ്ട്രയിൽ ശിവസേന നേതാവ് ഉദ്ധവ് താക്കറയെ ഫോൺ വിളിച്ച് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. ആകെ 48 ലോക്സഭാ മണ്ഡലങ്ങളുള്ള മഹാരാഷ്ട്രയിൽ എട്ടു സീറ്റുകളെ ചുറ്റിപ്പറ്റി കോൺഗ്രസും ശിവസേനയും തർക്കം തുടരവെയാണ് വിഷയത്തിൽ രാഹുൽ ഇടപെടുന്നത്. 39 സീറ്റുകള്‍ സംബന്ധിച്ച് ധാരണയായെന്നാണു റിപ്പോര്‍ട്ട്. 9 സീറ്റുകളിലേക്കു ചര്‍ച്ച തുടരുകയാണ്. ഇരുവരും ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചതായാണ് വിവരം. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടയിലുള്ള ഇടവേളയിലാണ് രാഹുൽ ഉദ്ധവ് താക്കറെയുമായി സംസാരിക്കാൻ സമയം കണ്ടെത്തിയത്.
മുംബൈയിലെ ആറു ലോക്സഭാ മണ്ഡലങ്ങളിൽ മുംബൈ സൗത്ത് സെൻട്രൽ, മുംബൈ നോർത്ത് സെൻട്രൽ, മുംബൈ നോർത്ത് വെസ്റ്റ് തുടങ്ങി മൂന്നു സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കാൻ ആഗ്രഹിക്കുന്നത്. അതേസമയം,കോൺഗ്രസിൽ നിന്നും അശോക് ചവാൻ ഉൾപ്പെടെയുളള നേതാക്കൾ കൊഴിഞ്ഞുപോയ ശേഷം ഉദ്ധവ് താക്കറെയുടെ പാർട്ടി മുംബൈയിലെ സീറ്റുകളിൽ കൂടുതൽ വിഹിതം ആഗ്രഹിക്കുന്നുണ്ട്. മുംബൈ സൗത്ത്, മുംബൈ നോർത്ത് വെസ്റ്റ്, മുംബൈ നോർത്ത് ഈസ്റ്റ്, മുംബൈ സൗത്ത് സെൻട്രൽ എന്നീ നാല് ലോക്‌സഭാ സീറ്റുകൾ ഉൾപ്പെടെ സംസ്ഥാനത്തെ 18 ലോക്‌സഭാ സീറ്റുകളിൽ തങ്ങളുടെ സ്ഥാനാർഥികളെ നിർത്താനാണ് ഉദ്ധവ് താക്കറെ ആഗ്രഹിക്കുന്നത്.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ബിജെപി 23 സീറ്റിലും അവിഭക്ത ശിവസേന 18 സീറ്റിലുമാണ് വിജയിച്ചത്. എൻസിപി നാലു സീറ്റും കോൺഗ്രസ് ഒരു സീറ്റും നേടിയിരുന്നു. അതേസമയം, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു വിപരീതമായി ഉദ്ധവ് താക്കറെയുടെ ശിവസേന, ശരദ് പവാറിന്റെ എൻസിപി, കോൺഗ്രസ് എന്നീ പാർട്ടികൾ ഉൾപ്പെട്ട മഹാസഖ്യം ഒന്നിച്ചാണ് മഹാരാഷ്ട്രയിൽ മത്സരിക്കുന്നത്.
ശിവസേന പിളർന്ന് ഏകനാഥ് ഷിൻഡെയുടെ വിഭാഗം ബിജെപിയുമായി ചേർന്ന് പുതിയ സർക്കാർ രൂപീകരിച്ചതിനെ തുടർന്ന് മഹാ വികാസ് അഘാഡി സർക്കാർ തകർന്നിരുന്നു. ശരദ് പവാറിന്റെ എൻസിപിയിലും സമാനമായ വിള്ളൽ ഉണ്ടായിട്ടുണ്ട്. കൂറുമാറ്റമാണ് മഹാരാഷ്ട്രയിലെ പ്രതിപക്ഷ പ്രതിപക്ഷ കക്ഷികളുടെ സീറ്റു വിഭജന ചർച്ചകളെ സങ്കീർണ്ണമാക്കിയിരിക്കുന്നത്. ഓരോ പാർട്ടിക്കും ലോക്സഭാ തിരഞ്ഞെടുപ്പ് നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടമാണെന്നും കോൺഗ്രസ് നേതാക്കളും ശിവസേന നേതാക്കളും മുന്നണിബന്ധം തകരാതിരിക്കാൻ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു.