‘സർക്കാരിന്റെ മൂന്നാം ടേം ജൂണിൽ’: റെയിൽവേയിൽ 41,000 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് മോദി
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യ ഇപ്പോൾ വലിയ സ്വപ്നങ്ങൾ കാണുകയാണെന്നും സ്വപ്നസാക്ഷാൽക്കാരത്തിനായി രാപ്പകലില്ലാതെ അധ്വാനിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. റെയിൽവേയിൽ 41,000 കോടി രൂപയുടെ രണ്ടായിരത്തിലേറെ പദ്ധതികൾ വിഡിയോ കോൺഫറൻസിങ് വഴി ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മോദിയുടെ പരാമർശം.
‘‘ജൂണിൽ സർക്കാരിന്റെ മൂന്നാം ടേം ആരംഭിക്കും. കഴിഞ്ഞ 10 വർഷമായി പുതിയ ഇന്ത്യയുടെ നിർമാണം ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. വന്ദേ ഭാരത് ട്രെയിൻ ഉൾപ്പെടെ റെയിൽവേയിൽ വലിയ വികസനമാണു കൊണ്ടുവന്നത്. ട്രെയിനുകളിലെയും സ്റ്റേഷനുകളിലെയും ശുചിത്വം, ട്രാക്കുകളിലെ വൈദ്യുതീകരണം എന്നിവയിൽ നല്ല പുരോഗതിയാണ്. രാഷ്ട്രീയത്തിന്റെ ഇരയായാണു റെയിൽവേയെ ഉപയോഗിച്ചിരുന്നത്. ഇപ്പോഴാകട്ടെ, യാത്ര സുഗമമാക്കാനുള്ള പ്രധാന മാർഗമാണു റെയിൽവേ.
Read Also: ‘രാഷ്ട്രനന്മയ്ക്ക് വേണ്ടിയുള്ള കോൺഗ്രസിന്റെ ത്യാഗം ആരും കാണുന്നില്ല’...
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വളരുന്നതിന്റെ അടിസ്ഥാനത്തിൽ ബജറ്റ് വിഹിതം കൂട്ടുന്നുണ്ട്. എന്നാൽ, അടിത്തട്ടിൽ അഴിമതിയുണ്ടെങ്കിൽ വരുമാനം ചോരും, ഇക്കാര്യത്തിൽ ജനം ജാഗ്രത പാലിക്കണം. നവീകരിച്ച റെയിൽവേ സ്റ്റേഷനുകളിലൂടെ പ്രാദേശിക സംസ്കാരത്തെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കണം. യുവാക്കളോട് ഒരു കാര്യം പറയാനാഗ്രഹിക്കുന്നു, നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കണമെന്നത് എന്റെ നിശ്ചയദാർഢ്യമാണ്. നിങ്ങളുടെ സ്വപ്നവും കഠിനാധ്വാനവും എന്റെ നിശ്ചയദാർഢ്യവും ആണ് ‘വികസിത് ഭാരതിന്റെ’ ഗാരന്റി’’– മോദി പറഞ്ഞു.
27 സംസ്ഥാനങ്ങളിലെ 300 ജില്ലകളിലെ 554 റെയിൽവേ സ്റ്റേഷനുകളുടെ പുനരുദ്ധാരണം, മേൽപ്പാലങ്ങളും അടിപ്പാതകളുമായി 1500 നിർമാണ പ്രവൃത്തികളുടെ ശിലാസ്ഥാപനം, ഉത്തർപ്രദേശിലെ ഗോമതി നഗർ റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനം എന്നിവയാണു പ്രധാനമന്ത്രി നിർവഹിച്ചത്.