‘‘അത് കൊച്ചിക്കു വേണ്ടി, പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു’’; കോൺഗ്രസിന്റെ 'പൊന്നാപുരം കോട്ട'യെ കുറിച്ച് ഹൈബി ഈഡൻ
കലൂരിലെ ദേശാഭിമാനി റോഡില്‍ മുൻ എംപി ജോർജ് ഈഡന്റെ പേരിലുള്ള ലെയ്നിലാണ് ‘ഈഡൻസ് ഗാർഡൻ’. എറണാകുളം എംപി ഹൈബി ഈഡന്റെ ഈ വീടിനോടുള്ള ചേര്‍ന്നുള്ള ഓഫിസ് മുറിയിലും പിതാവിന്റെ വലിയൊരു ഛായാചിത്രം ഇടംപിടിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പാണെങ്കിലും അല്ലെങ്കിലും രാഷ്ട്രീയ നേതാക്കളുടെ വീട്ടിൽ പതിവുള്ള തിരക്ക്
കലൂരിലെ ദേശാഭിമാനി റോഡില്‍ മുൻ എംപി ജോർജ് ഈഡന്റെ പേരിലുള്ള ലെയ്നിലാണ് ‘ഈഡൻസ് ഗാർഡൻ’. എറണാകുളം എംപി ഹൈബി ഈഡന്റെ ഈ വീടിനോടുള്ള ചേര്‍ന്നുള്ള ഓഫിസ് മുറിയിലും പിതാവിന്റെ വലിയൊരു ഛായാചിത്രം ഇടംപിടിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പാണെങ്കിലും അല്ലെങ്കിലും രാഷ്ട്രീയ നേതാക്കളുടെ വീട്ടിൽ പതിവുള്ള തിരക്ക്
കലൂരിലെ ദേശാഭിമാനി റോഡില്‍ മുൻ എംപി ജോർജ് ഈഡന്റെ പേരിലുള്ള ലെയ്നിലാണ് ‘ഈഡൻസ് ഗാർഡൻ’. എറണാകുളം എംപി ഹൈബി ഈഡന്റെ ഈ വീടിനോടുള്ള ചേര്‍ന്നുള്ള ഓഫിസ് മുറിയിലും പിതാവിന്റെ വലിയൊരു ഛായാചിത്രം ഇടംപിടിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പാണെങ്കിലും അല്ലെങ്കിലും രാഷ്ട്രീയ നേതാക്കളുടെ വീട്ടിൽ പതിവുള്ള തിരക്ക്
കലൂരിലെ ദേശാഭിമാനി റോഡില്‍ മുൻ എംപി ജോർജ് ഈഡന്റെ പേരിലുള്ള ലെയ്നിലാണ് ‘ഈഡൻസ് ഗാർഡൻ’. എറണാകുളം എംപി ഹൈബി ഈഡന്റെ ഈ വീടിനോടുള്ള ചേര്‍ന്നുള്ള ഓഫിസ് മുറിയിലും പിതാവിന്റെ വലിയൊരു ഛായാചിത്രം ഇടംപിടിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പാണെങ്കിലും അല്ലെങ്കിലും രാഷ്ട്രീയ നേതാക്കളുടെ വീട്ടിൽ പതിവുള്ള തിരക്ക് ഹൈബിയുടെ വീട്ടിലുമുണ്ട്. രാവിലെ ഏഴു മുതൽ സന്ദർശകർ എംപിയെ കാണുന്നു. ഇതിനിടയില്‍ വരുന്ന അസംഖ്യം ഫോൺ കോളുകൾ. അതിനു ശേഷം വിവിധ പരിപാടികള്‍ക്കായി കൊച്ചിയുടെ ചൂടിലേക്ക്.
എറണാകുളത്ത് കോണ്‍ഗ്രസ് സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സിറ്റിങ് എംപി ഹൈബി ഈഡൻ തന്നെയാണ് സ്ഥാനാർഥി. കോൺഗ്രസിന്റെ പൊന്നാപുരം കോട്ടയാണ് എറണാകുളം എന്നാണ് ഹൈബി അവകാശപ്പെടുന്നത്. കഴിഞ്ഞ തവണ മുതിർന്ന േനതാവ് പ്രഫ. കെ.വി.തോമസിന് സീറ്റ് നിഷേധിച്ചതാണ് വിവാദമായതെങ്കിൽ ഇത്തവണ ഇടതുപക്ഷത്തിന്റെ അപ്രതീക്ഷിത സ്ഥാനാർഥിയുടെ വരവും ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ വൈകുന്നതുമാണ് പ്രധാനം. ഹൈബി ഈഡൻ എറണാകുളം മണ്ഡലത്തെക്കുറിച്ചും തന്റെ സ്ഥാനാർഥിത്വത്തെക്കുറിച്ചും ‘മനോരമ ഓൺലൈനു’മായി സംസാരിക്കുന്നു.
കോൺഗ്രസിന്റെ സ്ഥാനാർഥിപ്പട്ടിക ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ താങ്കളാണ് എറണാകുളത്തെ സ്ഥാനാർഥി എന്നത് തീരുമാനമായ കാര്യമാണ്. എങ്ങനെ പോകുന്നു പ്രചാരണ പ്രവർത്തനങ്ങള്‍?
∙ എൽഡിഎഫ് ആണ് എറണാകുളത്ത് യുഡിഎഫിന്റെ പ്രധാന എതിരാളി. അവരുടെ സ്ഥാനാർഥി പ്രഖ്യാപനം നടന്നു എന്നതുകൊണ്ട് നമ്മുടെ പ്രവർത്തകരും സഹപ്രവർത്തകരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഔദ്യോഗിക പ്രഖ്യാപനം വരാത്തതുെകാണ്ട് അവർക്ക് പോസ്റ്റർ ഒട്ടിക്കാനും ചുവരെഴുതാനും സാധിക്കുന്നില്ലെന്നതാണ് അവരെ വേവലാതിപ്പെടുത്തുന്ന ഒരു കാര്യം. എന്നാൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്യാത്തതുെകാണ്ടു തന്നെ എംപി എന്ന നിലയിൽ ഒരുപാട് പരിപാടികളും ചടങ്ങുകളും ഉദ്ഘാടനങ്ങളും ഉണ്ട്. അതിന്റെ ഗുണം, ജനങ്ങളുമായി ബന്ധപ്പെടുന്ന എല്ലാ കാര്യങ്ങളിലും ഇടപെടാൻ കഴിയുന്നുവെന്നതാണ്. തിരഞ്ഞെടുപ്പിന്റെ സമയമായതുകൊണ്ടു തന്നെ ഒരുപാട് ആളുകളെ കാണാനുള്ള അവസരമായാണ് ഞാനതിനെ കണക്കാക്കുന്നത്.
പാർട്ടിയുടെ ഭാഗത്തുനിന്നുള്ള പ്രചാരണ പരിപാടികളോ?
ഔദ്യോഗിക പ്രഖ്യാപനവും വിജ്ഞാപനവുെമാക്കെ വരുന്നതിനു മുൻപേ പാർട്ടി തലത്തിൽ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. ഉദാഹരണം പറഞ്ഞാല്‍, ഒരു നിയോജക മണ്ഡലം കോൺഗ്രസിന്റെ 2 ബ്ലോക്കായിട്ടാണ് വിഭജിച്ചിട്ടുള്ളത്. 7 നിയോജക മണ്ഡലങ്ങളിലെ 14 ബ്ലോക്കുകളിലും പ്രവർത്തനങ്ങൾ ശക്തമായി നടക്കുന്നു. കഴിഞ്ഞ ദിവസം പറവൂരിൽ ആയിരുന്നു. പ്രതിപക്ഷ നേതാവ് 2 പരിപാടികളിലും പങ്കെടുത്തിരുന്നു. ബിഎൽഎമാർ, ബൂത്ത് പ്രസിഡന്റുമാര്‍, മണ്ഡലം പ്രസിഡന്റുമാര്‍ അടക്കമുള്ള പ്രധാനപ്പെട്ട നേതാക്കളെയടക്കം ഉൾപ്പെടുത്തിയുള്ള ഓറിയേന്റഷൻ ക്യാംപ് ആയിരുന്നു. അവരെ ഒന്ന് ഊർജസ്വലരാക്കുക, സംഘടനാപരമായ ദൗർബല്യങ്ങൾ പരിഹരിക്കുക എന്നതാണ് അതിന്റെ ഉദ്ദേശ്യം. വൈറ്റില ഒഴിച്ചുള്ള 13 ബ്ലോക്കുകളിലും അത് നടന്നുകഴിഞ്ഞു. അവരുമായി നേരിട്ടുള്ള ഒരു ചാനൽ അതുവഴി ഉണ്ടാകും. പ്രവർത്തകരിൽ വലിയ ആവേശമുണ്ട്. അത് തിരഞ്ഞെടുപ്പിൽ എത്തിക്കുക എന്നതാണ് ശ്രമിക്കുന്നത്.
സ്ഥാനാർഥി പ്രഖ്യാപനം നീണ്ടുപോകുന്നത് യുഡിഎഫിന്റെ സാധ്യതകളെ പ്രതികൂലമായി ബാധിക്കുമോ?
∙ ഇല്ല. കഴിഞ്ഞ തവണ പി.രാജീവ് ആയിരുന്നു ഇടത് സ്ഥാനാർഥി. ഞാൻ എംഎൽഎ ആയിരുന്നു അപ്പോൾ. സ്ഥാനാർഥിയാവുമെന്നോ എംപിയാവുമെന്നോ ഉള്ള ഒരു പദ്ധതിയും ഉണ്ടാരുന്നില്ല. എനിക്ക് വ്യക്തിപരമായും ഉണ്ടായിരുന്നില്ല. അവസാന നിമിഷം, പത്രിക കൊടുക്കുന്നതിന് ഏതാനും ദിവസം മുമ്പാണ് സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായത്. അതായത്, രാജീവിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായി 9 ദിവസം കഴിഞ്ഞ്. അതുകൊണ്ട് അതൊരു പ്രശ്നമാകില്ല. അങ്ങനെ പറയാൻ കാരണം, തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നിട്ടില്ല. ആ സാഹചര്യത്തിൽ ഒരേ പോലെ പ്രചാരണം കൊണ്ടു പോകണമെങ്കിൽ കുറച്ചൊന്നു ‘കോംപാക്ട്’ ആയി കൊണ്ടുപോവുകയാണ് നല്ലത്. യുഡിഎഫ് കൺവെൻഷനുകളും ഞങ്ങൾ ആരംഭിച്ചു കഴിഞ്ഞു. വിജ്ഞാപനം വരുന്നതുവരെ ഇങ്ങനെ ചെയ്യാൻ പറ്റും. 13 ാം തീയതി വരെ പ്രധാനമന്ത്രിയുടെ പരിപാടികൾ ഉണ്ടെന്ന് പറയുന്നു. അപ്പോള്‍ നമുക്കെല്ലാം അങ്ങനെ പ്രവർത്തിക്കാനുള്ള സാഹചര്യമുണ്ട്.
എറണാകുളം യുഡിഎഫിന് മേല്‍ക്കൈ ഉള്ള മണ്ഡലമാണ്. എന്താണ് യുഡിഎഫ് സ്ഥാനാർഥി എന്ന നിലയിൽ, ഹൈബി ഈഡൻ എന്ന നിലവിലുള്ള എംപിയുടെ സാധ്യത? അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ ഉണ്ടാവുമല്ലോ?.
∙ മുൻകാലങ്ങളില്‍നിന്നു വ്യത്യസ്തമായി കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ള ഭരണകൂടങ്ങള്‍ക്കെതിരെ ശക്തമായ ജനവികാരം പ്രകടിപ്പിക്കപ്പെടുമെന്നാണ് കരുതുന്നത്. യുഡിഎഫിന്റെ, കോൺഗ്രസിന്റെ പൊന്നാപുരം കോട്ടയാണ് എറണാകുളം. വലിയ തോതിലുള്ള ജനരോഷം ഈ സർക്കാരുകൾക്കെതിരെ പ്രതിഫലിക്കും എന്നാണ് ഞാൻ കരുതുന്നത്. മറ്റൊന്ന്, തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടണം, ഒപ്പം, എംപി എന്ന നിലയില്‍ എന്റെ പ്രവർത്തനങ്ങൾ കൂടി ചർച്ച ചെയ്യപ്പെടണം എന്നാഗ്രഹിക്കുന്ന ആളാണ് ഞാന്‍. കഴിഞ്ഞ 5 വർഷം ഒരു എംപി എന്തു ചെയ്തു? പലരെക്കുറിച്ചും നമ്മള്‍ ആക്ഷേപങ്ങൾ പറയാറുണ്ട്, പല വിഷയങ്ങളും പാർലമെന്റിൽ അവതരിപ്പിച്ചിട്ടില്ല, സംസാരിച്ചിട്ടില്ല തുടങ്ങി പലതും. മണിപ്പുര്‍ വിഷയം വന്നു, മണിപ്പുരിൽ ഇന്ത്യൻ പാർലമെന്റിൽനിന്ന് ആദ്യം പോയ രണ്ടു എംപിമാർ ഞാനും ഡീൻ കുര്യാക്കോസുമാണ്. അതുപോലെ, മണ്ഡലവുമായി ബന്ധപ്പെട്ട എല്ലാ പ്രധാന വിഷയങ്ങളും, തീരദേശത്തെ പ്രശ്നങ്ങള്‍ മുതൽ മെട്രോ റെയിൽ അടക്കമുള്ള കാര്യങ്ങള്‍വരെ പാർലമെന്റിൽ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണ കിട്ടാത്ത വിഷയം, മണിപ്പുർ കലാപം, ഇന്ധനവില വർധന, ബിപിസിഎൽ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നത് തുടങ്ങി എല്ലാ വിഷയങ്ങളിലും പാർലമെന്റിൽ ഒരു ശബ്ദമാവാൻ കഴിഞ്ഞു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. രണ്ടു തവണ എംഎൽഎ ആയിരുന്നു, എന്നാൽ പാർലമെന്റിലേക്ക് ഒരു പുതുമുഖമായി പോയപ്പോൾ കാര്യങ്ങൾ പഠിക്കാനുള്ള ഒരു സാഹചര്യമായിക്കൂടിയാണ് ഞാൻ അത് എടുത്തത്. അതുപോലെ കർഷക സമരവും മറ്റും ഉണ്ടായപ്പോൾ കാര്യങ്ങൾ ഏകോപിപ്പിക്കാനും മുദ്രാവാക്യം വിളിച്ചുകൊടുക്കാനുമൊക്കെ പാര്‍ട്ടി ചുമതലപ്പെടുത്തിയത് എന്നെയാണ്. അങ്ങനെ ഡൽഹിയിലെ 5 വർഷങ്ങൾ ഫലവത്തായി വിനിയോഗിച്ചു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എംപി എന്ന നിലയിൽ ഞാൻ ചെയ്ത വികസന പ്രവർത്തനങ്ങൾ കൂടി വിലയിരുത്തുന്നതായിരിക്കണം തിരഞ്ഞെടുപ്പ് എന്നാണ് ഞാൻ കരുതുന്നത്.
മറ്റൊന്ന്, ഞങ്ങളുടെ പ്രവർത്തകര്‍ക്ക് 2 നിർദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. എതിര്‍ സ്ഥാനാർഥി ഒരു സ്ത്രീയാണ് എന്നതുകൊണ്ടു തന്നെ അവര്‍ക്കെതിരെ അപകീർത്തികരമായതോ വ്യക്തിഹത്യ നടത്തുന്നതോ ഒന്നും സമൂഹ മാധ്യമങ്ങളിലടക്കം ഉണ്ടാകരുത്, രണ്ട്, എംപി എന്ന നിലയിൽ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുകയും വീടുവീടാന്തരം കയറി രാഷ്ട്രീയം കൃത്യമായി പറയുകയും ചെയ്യണം.
സിപിഎം വനിതാ സ്ഥാനാർഥിയെ ആണ് ഇത്തവണ മത്സരിപ്പിക്കുന്നത്. അതും ഒരു അപ്രതീക്ഷിത സ്ഥാനാർഥി. എങ്ങനെയാണ് എതിരാളിയെ വിലയിരുത്തുന്നത്. താങ്കൾക്ക് അവർ ഒരു ഭീഷണിയാകുമോ?
∙ ഞങ്ങൾ ഒന്നിനേയും നിസാരവൽക്കരിച്ചു കാണാൻ ആഗ്രഹിക്കുന്നില്ല. കൂടുതൽ ആളുകള്‍ വന്നാൽ അതിന് അനുസരിച്ച് കൂടുതൽ പ്രവർത്തിക്കാൻ ശ്രമിക്കുന്ന ഒരാളാണ് ഞാൻ. സുഹൃത്തുക്കളോടും പ്രവർത്തകരോടുമൊക്കെ പറയുന്നതും ഒരു തിരഞ്ഞെടുപ്പും നിസാരമായി കാണരുത് എന്നാണ്. ഇതു വ്യക്തികൾ തമ്മിലുള്ള പോരാട്ടമല്ലല്ലോ, കൃത്യമായ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലുള്ള പോരാട്ടമാണ്. മറ്റൊന്ന്, പി.രാജീവ് ആയിരുന്നു കഴിഞ്ഞ തവണ എതിർസ്ഥാനാർഥി. അദ്ദേഹത്തെപ്പോലെ ഉള്ള ഒരാൾ അല്ല ഇത്തവണ സ്ഥാനാർഥി. സ്വാഭാവികമായും അത് തിരഞ്ഞെടുപ്പു ഫലത്തെ ബാധിക്കാൻ പോകുന്നില്ല. പക്ഷേ, എല്ലാ ഘടകങ്ങളും ഉണർന്നു പ്രവർത്തിച്ച് തിരഞ്ഞെടുപ്പിനെ ഒരു രാഷ്ട്രീയ പോരാട്ടമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം.
2019ൽ പ്രഫ. കെ.വി.തോമസിന് സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹം ഇടതുപക്ഷത്തിനൊപ്പം ചേർന്നു. കെ.വി.തോമസ് മനോരമ ഓൺലൈന് നല്‍കിയ ഒരു അഭിമുഖത്തിൽ പറഞ്ഞത്, നിലവിലുള്ള എംപിെയ താന്‍ വിലയിരുത്തുന്നില്ല, ജനം വിലയിരുത്തിക്കൊള്ളും എന്നാണ്. അദ്ദേഹം ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്നത് ഈ തിരഞ്ഞെടുപ്പിൽ ഒരു ഭീഷണിയായി തോന്നുന്നുണ്ടോ?
∙ കഴിഞ്ഞ തവണയും അദ്ദേഹം മാനസികമായും ശാരീരികമായും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പമായിരുന്നു. കഴിഞ്ഞ തവണ അദ്ദേഹം വലിയ തോതിലുള്ള പ്രചാരണങ്ങള്‍ക്കൊന്നും ഇറങ്ങിയിട്ടില്ല. അദ്ദേഹം കൂടുതലായി പ്രചാരണ രംഗത്തേക്ക് വരണം എന്നാണ് എന്റെ അഭിപ്രായം. ദീർഘകാലം, 1984 മുതൽ എംപിയായിരുന്നു, എനിക്ക് 1 വയസ്സുള്ളപ്പോൾ അദ്ദേഹം എംപിയാണ്. പിന്നീട് സംസ്ഥാനത്തും കേന്ദ്രത്തിലും മന്ത്രിയായി. ഇപ്പോൾ കാബിനറ്റ് പദവിയുള്ള, കേരളത്തേയും കേന്ദ്രത്തേയും ഏകോപിപ്പിക്കുന്ന വ്യക്തിത്വമാണ്. അദ്ദേഹത്തിന് വ്യക്തമായ സ്വാധീനം ഈ മണ്ഡലത്തിൽ ചെലുത്താൻ കഴിയും. എന്റെ ആഗ്രഹം അല്ലെങ്കിൽ ഞങ്ങള്‍ ആവശ്യപ്പെടുന്നത് അദ്ദേഹം പൂർണമായി എൽഡിഎഫിന് വേണ്ടി പ്രചാരണരംഗത്തേക്ക് വരണം എന്നുള്ളതാണ്. അങ്ങനെ രാഷ്ട്രീയമായി തിരഞ്ഞെടുപ്പിൽ പോരാടുമ്പോൾ ജനങ്ങൾ വിലയിരുത്തട്ടെ എന്നാണ് എന്റെയും അഭിപ്രായം.
പല ടിവി ഷോകളിലും മറ്റു പരിപാടികളിലും ഒക്കെ ചോദിച്ചത് നിങ്ങൾക്ക് നിങ്ങൾ എത്ര മാർക്കിടും എന്നാണ്. ഞാൻ പറഞ്ഞത്, ജനങ്ങളാണ് മാർക്കിടേണ്ടത് എന്നാണ്. കഴിഞ്ഞ 5 വർഷക്കാലം എന്നെ കണ്ടില്ല എന്നോ സ്ഥലത്തുണ്ടായിരുന്നില്ല എന്നോ ഡൽഹി കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചത് എന്നോ വിഷയങ്ങളിൽ ഇടപെട്ടില്ലാന്നോ ഒന്നും പറയുമെന്ന് എനിക്ക് തോന്നുന്നില്ല. ഇവിടെ ഒരുപാട് ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്, കളമശ്ശേരിയിൽ അടുപ്പിച്ച് രണ്ടു ദുരന്തങ്ങളുണ്ടായി. യഹോവ സാക്ഷികളുടെ കൺവൻഷനിൽ സ്ഫോടനം, കുസാറ്റിലെ കുട്ടികളുടെ മരണം, അതുപോലെ തൃപ്പൂണിത്തുറയിലെ വെടിക്കെട്ട് അപകടം, ഇതുപോലെ ദുരന്തങ്ങളുണ്ടായപ്പോഴെല്ലാം ആദ്യം ഓടിയെത്തിയ ജനപ്രതിനിധി ഞാനാണ്. അതുകൊണ്ടു തന്നെ എന്റെ സാന്നിധ്യം ഇല്ല എന്ന പ്രചരണം ഉണ്ടാകും എന്നു കരുതുന്നില്ല. അതുകൊണ്ട് ജനങ്ങൾ വിലയിരുത്തട്ടെ.
സർക്കാർ പരിപാടികൾ എൽഡിഎഫ് പരിപാടികളാക്കുന്നു, സ്ഥലം എംപി ആയിട്ടും തന്നെ അതിൽ നിന്ന് ഒഴിവാക്കുന്നു എന്നൊരു ആരോപണം അടുത്തിടെ ഉന്നയിച്ചിരുന്നല്ലോ?
∙ കേന്ദ്ര സർക്കാരിന്റെ ഫണ്ട് ഉപയോഗിക്കുന്ന ഒട്ടേറെ പദ്ധതികളുണ്ട്. അതിൽ പ്രോട്ടോക്കോള്‍ അനുസരിച്ചു തന്നെ എംപി എന്ന നിലയിൽ എന്നെ വിളിക്കാതിരിക്കാൻ പറ്റില്ല. ഫെഡറലിസത്തെക്കുറിച്ചൊക്കെ നിരന്തരം സംസാരിക്കുന്ന ഇടതുപക്ഷം കോൺഗ്രസിന്റെയും ഇതര പാര്‍ട്ടികളുടെയും പ്രതിനിധികളെ ഒഴിവാക്കുന്നത് ശരിയായ കീഴ്‍വഴക്കമല്ല.
കൊച്ചി സ്മാർട്സിറ്റി മിഷൻ ലിമിറ്റഡ് എന്ന പദ്ധതി തന്നെ കേന്ദ്ര സർക്കാരിന്റെ മുൻകൈയിൽ ഉള്ള ഒന്നാണ്. ടോണി ചമ്മിണി മേയർ ആയിരുന്നപ്പോൾ കൊണ്ടുവന്നതാണത്. ഭൂരിഭാഗവും കേന്ദ്രഫണ്ട് ഉപയോഗിക്കുന്ന ആ പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ ആളുകളെ മാത്രം ബ്രാൻഡ് അംബാസിഡർമാരായി വയ്ക്കുന്നതിന്റെ വിയോജിപ്പ് ഞാൻ പല സമയങ്ങളിലായി പ്രകടിപ്പിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി എറണാകുളം മാർക്കറ്റിലെ 213 കച്ചവടക്കാരെ താൽക്കാലിക സ്ഥലത്തേക്ക് മാറ്റേണ്ട കാര്യമുണ്ടായി. അന്ന് ഇവരെ വിളിച്ചുകൂട്ടി ബോധ്യപ്പെടുത്തി അങ്ങോട്ടു മാറാൻ തീരുമാനമെടുത്തത് എന്റെ നേതൃത്വത്തിലാണ്. അത് ഈ കോർപറേഷൻ ഭരണസമിതി വരുന്നതിനു മുമ്പാണ്. അങ്ങനെ 70 കോടി രൂപയുടെ മാർക്കറ്റ് നിര്‍മാണം പൂർത്തിയാകുമ്പോൾ മന്ത്രി ഇവിടെ സന്ദർശനം നടത്തുന്നത് കോ–ഓപറേറ്റീവ് ഫെഡറലിസത്തിന്റെ ലംഘനമാണ്. ഇവിടെ എംപിയും എംഎൽഎയുമുണ്ട്, അപ്പോള്‍ ഞങ്ങളെക്കൂടി അറിയിച്ചിട്ടു പോകുന്നതായിരുന്നു രാഷ്ട്രീയ മര്യാദ.
എറണാകുളത്ത് ബിജെപി സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ല. എങ്കിലും കേരളത്തിൽ വലിയ പ്രതീക്ഷ വച്ചു പുലർത്തുന്നുണ്ട് ബിജെപി. താങ്കൾ എങ്ങനെ കാണുന്നു?.
∙ ബിജെപിക്ക് എന്തെങ്കിലും ശക്തിയുള്ള മണ്ഡലമല്ല എറണാകുളം. മറ്റൊന്ന് അവർ എത്ര വലിയ പ്രതീക്ഷ വച്ചു പുലർത്തിയാലും ജനാധിപത്യ മതേതര വിശ്വാസികളുള്ള കേരളത്തിലെ ഒരു മണ്ഡലത്തിലും അവർക്ക് അക്കൗണ്ട് തുറക്കാൻ കഴിയില്ലെന്നു തന്നെയാണ് ഞാൻ ഉറച്ചു വിശ്വസിക്കുന്നത്. ഈ രാജ്യത്തിന്റെ മതേതരസ്വഭാവം നഷ്ടപ്പെടരുത് എന്നാഗ്രഹിക്കുന്ന ആളുകൾ ബിജെപിക്ക് വോട്ടു ചെയ്യില്ല. അതിൽ ബിജെപിയുടെ പ്രതീക്ഷയൊക്കെ അസ്ഥാനത്താവുകയേയുള്ളൂ. അവരുടെ സ്ഥാനാർഥിപ്പട്ടിക തന്നെ നോക്കിയാൽ അതില്‍ വലിയ പുതുമെയൊന്നും കാണാൻ കഴിയുന്നില്ല എന്നു മാത്രമല്ല, വലിയ സ്ഥാനാര്‍ഥി ക്ഷാമം നേരിടുന്നു എന്നാണ് മനസ്സിലാകുന്നത്. ഇപ്പോള്‍ പുറത്തുവന്ന പട്ടികയിലുള്ള പലരും മത്സരിക്കാൻ വ്യക്തിപരമായി താൽപര്യമുള്ള ആളുകളല്ല. പക്ഷേ അവരെ നിർബന്ധിച്ച് മത്സരിപ്പിക്കുന്ന ഒരു സാഹചര്യമാണ് നമുക്ക് കാണാൻ സാധിക്കുന്നത്.
ഇത്തവണ ട്വന്റി 20 സ്ഥാനാർഥിയുമുണ്ട്. നഗരമേഖലകളിൽ അവർ വോട്ടുപിടിക്കുമെന്ന് പറയപ്പെടുന്നു. എങ്ങനെ കാണുന്നു?.
∙ അതിനെക്കുറിച്ച് എനിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അതിലൊന്ന്, ഇതിനു മുമ്പ് മത്സരിച്ച സ്ഥാനാർഥികളൊക്കെ എവിടെ? 2014ൽ പ്രഫ. കെ.വി.തോമസ് മത്സരിച്ചപ്പോള്‍ ആം ആദ്മി പാർട്ടിക്കു വേണ്ടി രംഗത്തുവന്നത് പ്രശസ്ത മാധ്യമപ്രവർത്തക അനിത പ്രതാപാണ്. തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ ഒരു ബൂത്തിൽ റീപോളിങ് വേണ്ടിവന്നു. ആ സമയത്തുപോലും അവർ ഇവിടെ ഉണ്ടായിരുന്നില്ല, അവർ ജപ്പാനിലോ മറ്റോ ആയിരുന്നു. ഒരു തിരഞ്ഞെടുപ്പിന്റെ സമയം കഴിഞ്ഞാൽ രാഷ്ട്രീയം കയ്യൊഴിയുന്ന രീതിയാണ് ഈ അരാഷ്ട്രീയം പ്രചരിപ്പിക്കുന്ന പാർട്ടികളുടേത്. അവർ ജനങ്ങളുടെ ഇടയിൽ ഇല്ല. എന്നാൽ ഞങ്ങൾ മുഖ്യധാരാ പാർട്ടികൾ, കോൺഗ്രസ് ആണെങ്കിലും സിപിഎമ്മോ ബിജെപിയോ ആണെങ്കിലും, തോറ്റാലും ജയിച്ചാലും ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്നുണ്ട്. ഈ അരാഷ്ട്രീയ സംഘടനകൾക്ക് വ്യക്തമായ ഒരു നയമില്ല. ഇത് ഇന്ത്യൻ പാർലമെന്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പാണ്. എന്താണ് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയെക്കുറിച്ചുള്ള ഇവരുടെ അഭിപ്രായം, മണിപ്പുർ വിഷയത്തിലും റാം മന്ദിര്‍ വിഷയത്തിലുമൊക്കെ എന്താണ് ഇവരുടെ നിലപാട്? അപ്പോള്‍ ദേശീയ തലത്തിൽ നടക്കുന്ന വിഷയങ്ങളിൽ കൃത്യമായ അഭിപ്രായം രേഖപ്പെടുത്തേണ്ട ഉത്തരവാദിത്തം കൂടി ഈ പാർട്ടികൾക്കുണ്ട്. അക്കാര്യങ്ങൾ കൂടി പ്രകടന പത്രികയിൽ ഉള്‍പ്പെടുത്തണം, പൊതുസമൂഹത്തിന്റെ മുന്നിൽ ചർച്ചയ്ക്ക് വയ്ക്കണം. ജയിച്ചു കഴിഞ്ഞാൽ മതേതര, ജനാധിപത്യ സ്വഭാവത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന നിലപാടായിരിക്കുമോ ഇവർ സ്വീകരിക്കുക എന്ന് അറിയേണ്ടേ? അങ്ങനെയല്ലേ ഇവർ വോട്ടു ചോദിക്കേണ്ടത്.
ആദ്യം ആം ആദ്മി പാര്‍ട്ടിയുമായി ഇവർക്ക് ഇടയ്ക്ക് സഹകരണം ഉണ്ടെന്ന് പറഞ്ഞു, പിന്നെ ഇല്ലെന്ന് പറഞ്ഞു. ആം ആദ്മി പാർട്ടി തന്നെ ഭരണരംഗത്തും മറ്റും വലിയ പ്രതിസന്ധികൾ നേരിടുന്നു. അഴിമതി ആരോപണത്തിന്റെയും മറ്റും നിഴലിലാണ് അവർ എന്ന സാഹചര്യവുമുണ്ട്. അപ്പോൾ ഒരു പഞ്ചായത്തിൽ നടത്തിയ മാതൃക രാജ്യത്തെ പാർലമെന്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ പ്രാവർത്തികമാക്കാൻ പറ്റുമോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ.
എന്തായിരിക്കും ട്വന്റി 20 സ്ഥാനാർഥികള്‍ മത്സരരംഗത്തു വന്നതിന്റെ ലക്ഷ്യം എന്നാണ് തോന്നുന്നത്?.
∙ കഴിഞ്ഞ തവണ ട്വന്റി 20 സ്ഥാനാർഥികള്‍ മത്സരിച്ചത് കോൺഗ്രസിനെ തോൽപിക്കാൻ വേണ്ടിയാണ്. കൊച്ചി, വൈപ്പിൻ, തൃക്കാക്കര, എറണാകുളം മണ്ഡലത്തിലൊക്കെ അവരുടെ ലക്ഷ്യം വളരെ വ്യക്തമായിരുന്നു. അതിൽ അവർ വിജയിച്ചത് വൈപ്പിനിലും കൊച്ചിയിലുമാണ്. കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയം മാത്രമാണ് അവരുടെ മുഖ്യലക്ഷ്യം. എന്നാൽ ജനാധിപത്യ പ്രക്രിയയിൽ എല്ലാവർക്കും മത്സരിക്കാം, അവരും മത്സരിക്കട്ടെ.
ഇത്തവണ തിരഞ്ഞെടുപ്പ് ചർച്ചകൾ തുടങ്ങിയപ്പോള്‍ തന്നെ പല സിറ്റിങ് എംപിമാരും പറഞ്ഞത് മത്സരിക്കാനില്ല എന്നാണ്. താങ്കളുടെ സമപ്രായക്കാരായ നേതാക്കളൊക്കെ കേരളത്തിലാണ് പ്രവർത്തിക്കുന്നത്. താങ്കൾക്കും കേരളത്തിലേക്ക് മടങ്ങി വരാൻ താൽപര്യം തോന്നുന്നില്ലേ? 2 തവണ എംഎൽഎയും ആയിരുന്നു?.
∙ 2011 മുതൽ മത്സരരംഗത്തുള്ളയാളാണ് ഞാൻ. അതിൽ ഇന്ന സ്ഥലത്ത് മത്സരിക്കണമെന്ന് ഞാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. എറണാകുളം നിയമസഭാ മണ്ഡലത്തിലേക്ക് പരിഗണിച്ചപ്പോൾ ഞാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പിന്നീടൊരിക്കലും ഞാൻ ഇന്നതാവണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. 2019ൽ പാർലമെന്റിലേക്ക് മത്സരിക്കണമെന്ന് അന്നത്തെ പ്രതിപക്ഷ നേതാവാണ് എന്നോട് പറഞ്ഞത്. അതിന് അദ്ദേഹത്തിന്റെ കൃത്യമായ രാഷ്ട്രീയ നിലപാട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് എനിക്കത് ബോധ്യപ്പെട്ടതും ഞാൻ മത്സരിച്ചതും. അതിന്റെ തുടർച്ചയായി മത്സരിക്കാൻ തയാറാവുക എന്നതാണ് ഞങ്ങൾക്ക് കിട്ടിയിരിക്കുന്ന നിർദേശങ്ങൾ. പിന്നീട് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരണോ എന്നുള്ളതൊക്ക പാർട്ടി നിർദേശിക്കുന്നതിന് അനുസരിച്ചിരിക്കും. നമുക്ക് അങ്ങനെ ആഗ്രഹം, ഒരു ലക്ഷ്യം എന്നൊക്കെ നോക്കി രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ സാധിക്കില്ല.
കേരളത്തിലെ കോൺഗ്രസിൽ ഒരു തലമുറമാറ്റം വന്നതിനു ശേഷമുള്ള പ്രവര്‍ത്തനം എങ്ങനെയാണ് കാണുന്നത്? ഐക്യത്തോടെയാണോ മുന്നോട്ടു പോകുന്നത്. പ്രത്യേകിച്ച് ‘സമരാഗ്നി’ വേദിയിലെ കാര്യങ്ങളൊക്കെ കാണുമ്പോൾ?.
∙ യാതൊരുതരത്തിലുള്ള ഐക്യക്കുറവും ഉണ്ടായിട്ടില്ല. മാധ്യമങ്ങൾ ചില കാര്യങ്ങൾ പെരുപ്പിച്ചു കാണിക്കുന്നു എന്നതിനപ്പുറം പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും തമ്മിൽ ഏതെങ്കിലും വിധത്തിലുള്ള ആശയവ്യതിയാനമോ രൂക്ഷമായ അഭിപ്രായ ഭിന്നതകളോ ഉണ്ടായിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ അവർ അവരുടേതായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഓരോ വിഷയത്തിലും രണ്ടഭിപ്രായങ്ങളുണ്ടാകാം, പക്ഷേ പൊതുമധ്യത്തിൽ ആ അഭിപ്രായഭിന്നത കാണിക്കുന്ന ആളുകളല്ല, ഇരുവരും പരിണതപ്രജ്ഞരായ ആളുകളാണ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കഴിഞ്ഞ കാൽ നൂറ്റാണ്ടായി കോണ്‍ഗ്രസിനു വേണ്ടി നിയമസഭയിൽ ശബ്ദിക്കുന്ന ആളാണ്. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ സിപിഎമ്മിന്റേയും ഇടതുപക്ഷത്തിന്റേയും തീവ്രമായ ആക്രമണങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ള ആളാണ്. രണ്ടു പേരും പരിചയസമ്പത്തുള്ളവരാണ്. അവര്‍ക്ക് അവരുടേതായ ലക്ഷ്യങ്ങളുണ്ട്. ചെറിയ അഭിപ്രായവ്യത്യാസങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അത് പരിഹരിക്കാൻ പ്രാപ്തിയുള്ള ആളുകളാണ്.
ഇടയ്ക്ക് ചില വിവാദങ്ങളും ഉണ്ടാക്കാറുണ്ടല്ലോ. അത്തരമൊന്നായിരുന്നു തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പാർലമെന്റിൽ സ്വകാര്യബിൽ കൊണ്ടുവന്നത്. ഇത് പാർട്ടിയുടെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്ന കാര്യവും ചർച്ചയായിരുന്നു?.
∙ അങ്ങനെ ഒരു സ്വകാര്യ ബിൽ അവതരിപ്പിച്ചിട്ടില്ല. 2019 മുതല്‍ 2024 വരെയുള്ള 17ാം ലോക്സഭയിൽ അങ്ങനെ ഒരു ബില്‍ വന്നിട്ടില്ല. ലോക്സഭാ രേഖകൾ പരിശോധിക്കാവുന്നതാണ്. 9 സ്വകാര്യ ബില്ലുകൾ ഞാൻ അവതരിപ്പിച്ചിട്ടുണ്ട്. അത് ഡോക്ടർമാർക്കെതിരായ അക്രമങ്ങൾ അവസാനിപ്പിക്കാനുള്ളത് മുതൽ സുപ്രീം കോടതി ബെഞ്ച് കൊച്ചിയിൽ വേണമെന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ്. ഞാൻ എന്നെ തിരഞ്ഞെടുത്തിട്ടുള്ള ജനതയ്ക്ക് വേണ്ടിയുള്ള ശബ്ദം പാർലമെന്റിൽ ഉയർത്താൻ ആഗ്രഹിക്കുന്ന ആളാണ്. ഈ ബില്ല് അതിന്റെ ഒരു പ്രാഥമികഘട്ടത്തിലിരിക്കുമ്പോഴാണ് ഒരിക്കലും ഇല്ലാത്ത ചില കീഴ്‌വഴക്കങ്ങൾ ഉണ്ടാകുന്നത്. കേന്ദ്ര സർക്കാർ അത് സംസ്ഥാന സർക്കാരിന് അയയ്ക്കുന്നു, അതിലെ കാര്യങ്ങൾ ആരായുന്നു. ഈ രണ്ടു സർക്കാരുകൾക്കും കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നു. ഞാൻ ബില്ലവതരിപ്പിച്ച് അത് പിറ്റേ ദിവസം പാസ്സാക്കുന്നു എന്നല്ലല്ലോ. ആ ബില്ലിന്റെ ആശയം, വരുമാനത്തിന്റെ 65–70% വിഹിതം ഉല്‍പാദിപ്പിക്കുന്ന, കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും അതിന്റെ പ്രാധാന്യവും കിട്ടണം എന്നതാണ് എന്റെ ആവശ്യം. ആ ആവശ്യത്തിൽ ഞാൻ ഉറച്ചു നിൽക്കുന്നു. കൊച്ചിക്ക് കൂടുതൽ ആവശ്യമുണ്ട്, കൊച്ചി കൂടുതൽ അർഹിക്കുന്നുണ്ട്. കൊച്ചി സംസ്ഥാന ഖജനാവിലേക്ക് നൽകുന്നതിന്റെ അനുപാതത്തിന് അനുസരിച്ച് അടിസ്ഥാന സൗകര്യവികസനമില്ല എന്നാണ് എന്റെ അഭിപ്രായം. വളർച്ച, വികസനം എന്നുള്ളത് നഗരകേന്ദ്രീകൃതം മാത്രമല്ല, തീരദേശത്തെ മനുഷ്യരുണ്ട്, കർഷകരുണ്ട്, പൊക്കാളി കൃഷി ചെയ്യുന്നവരുണ്ട് അവരുടെയെല്ലാം ദൈനംദിന ജീവിതം കൂടുതൽ മെച്ചപ്പെടുത്താൻ സംസ്ഥാനം കൂടുതൽ കാര്യക്ഷമമായി മുന്നോട്ടു വരണം എന്നതാണ് ആ ബില്ലിലൂടെ ഞാനുദ്ദേശിച്ചത്. ആ ബിൽ കൊച്ചിക്കു വേണ്ടിയാണ്. പിന്നെ പാർട്ടിയോട് ആലോചിച്ചിട്ടില്ല എന്നത്, സ്വകാര്യബിൽ അവതരിപ്പിക്കാൻ പാർട്ടിയുടെ അനുമതിയൊന്നും ആവശ്യമില്ല. ഞാൻ കൊച്ചിക്ക് വേണ്ടി ഇനിയും ശബ്ദമുയർത്തും, എനിക്കതിൽ തെറ്റൊന്നും തോന്നുന്നില്ല. പിന്നെ രാഷ്ട്രീയപരമായി നോക്കുമ്പോൾ പാര്‍ട്ടി എന്താണ് അതിൽ നിലപാടെടുക്കേണ്ടത് എന്നു തീരുമാനിക്കേണ്ടത് പാർട്ടിയാണ്.
അനിൽ ആന്റണി പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥിയാണ്. നിങ്ങളെല്ലാം ഏകദേശം സമപ്രായക്കാരും മുതിർന്ന കോണ്‍ഗ്രസ് നേതാക്കളുടെ മക്കളുമാണ്. എങ്ങനെ കാണുന്നു ഈ സ്ഥാനാർഥിത്വത്തെ?
∙ അനിൽ ആന്റണി വിദ്യാർഥി, യൂത്ത് രാഷ്ട്രീയത്തിലൂടെ വന്ന ആളല്ല. അനിൽ ആന്റണിയെക്കുറിച്ച് അഭിപ്രായം ചോദിക്കുമ്പോൾ അദ്ദേഹം എന്തുെകാണ്ട് ബിജെപിയിലേക്ക് പോയി തുടങ്ങിയ ഒരുപാട് കാര്യങ്ങൾ ചർച്ചയിൽ വരും. അനിൽ ആന്റണി മത്സരിക്കണം എന്നതാണ് എന്റെ അഭിപ്രായം. അനിൽ ആന്റണിയെ സ്ഥാനാർഥിയാക്കിയ ബിജെപിയുടേത് മികച്ച തീരുമാനമാണ് എന്നാണ് എനിക്ക് തോന്നുന്നത്, കാരണം നമ്മൾ ഫുട്ബോളും ക്രിക്കറ്റുമൊക്കെ ഗ്യാലറിയിലിരുന്ന് ആസ്വദിക്കുന്നതും അഭിപ്രായം പറയുന്നതും മൈതാനത്തിറങ്ങി കളിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ജനങ്ങളുടെ സ്വീകാര്യത തേടാൻ അദ്ദേഹത്തിന്റെ ആശയങ്ങളുമായി ജനങ്ങളുടെ ഇടയിലേക്ക് പോകുന്നു. ബാക്കി ജനം തീരുമാനിക്കട്ടെ, അപ്പോൾ അദ്ദേഹത്തിനും ഒരു ഐഡിയ കിട്ടും, പാർട്ടിക്കും ഒരു ഐഡിയ കിട്ടും, എന്താണ് കാര്യങ്ങൾ എന്നുള്ളതിൽ.
താങ്കളുടെ ഓഫിസ് മുറിയിൽ വച്ചിരിക്കുന്ന ചിത്രങ്ങളിൽ കെ.കരുണാകരൻ, എ.കെ.ആന്റണി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, ഡോ. മൻമോഹൻ സിങ്, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി ഇവർക്കൊക്കെ ഒപ്പമുള്ള ചിത്രങ്ങൾ ഉണ്ട്. ഇതിൽ കരുണാകരനും ഉമ്മൻ ചാണ്ടിയും അന്തരിച്ചു. എ.കെ.ആന്റണി സജീവ രാഷ്ട്രീയം മതിയാക്കി. ഇതില്‍ സംസ്ഥാന നേതൃത്വത്തിലെ പുതിയ നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങളൊന്നുമില്ല...
∙ അതെല്ലാം ഓരോ പ്രത്യേക സാഹചര്യങ്ങളിൽ, വിദ്യാർഥി രാഷ്ട്രീയത്തിലും മറ്റും ഉണ്ടായിരുന്നപ്പോഴത്തെ ചിത്രങ്ങളാണ്. അന്നു ഞാൻ എംഎൽഎ പോലും ആയിട്ടില്ല. ഓഫിസ് സജ്ജീകരിച്ചപ്പോൾ വച്ച ചിത്രങ്ങളാണ് അവ. പിന്നെ നിലവിലെ നേതൃത്വത്തിൽ, വി.ഡി.സതീശൻ ഒരു ജ്യേഷ്ഠസഹോദരനെന്ന നിലയിലുള്ള വാത്സല്യവും സ്നേഹവും തരുന്ന ആളാണ്. ഞാൻ കെഎസ്‍യു പ്രസിഡന്റായിരുന്നപ്പോൾ കിടന്നുറങ്ങിയിരുന്നത് അദ്ദേഹത്തിന്റെ എംഎൽഎ ഫ്ലാറ്റിലായിരുന്നു. ഒരു പാർലമെന്റേറിയൻ എന്ന നിലയിൽ അദ്ദേഹം എനിക്ക് വലിയൊരു പാഠപുസ്തകമാണ്. എന്റെ ആദ്യത്തെ അടിയന്തര പ്രമേയം അവതരിപ്പിക്കുമ്പോൾ അദ്ദേഹത്തിന്റെ അടുത്തു നിന്ന് ക്ലാസ് കേട്ടിട്ടാണ് പോയി അവതരിപ്പിച്ചത്. സുധാകരേട്ടനൊക്കെ ഞാൻ കെഎസ്‍യു പ്രസിഡന്റായിരിക്കുമ്പോൾ കണ്ണൂരു പോകുമ്പോഴും മറ്റും എന്നെ ഒരുപാട് പിന്തുണച്ചിട്ടുള്ള ആളാണ്.
ഏഴു നിയോജക മണ്ഡലങ്ങളിൽ നലെണ്ണത്തിൽ യുഡിഎഫും മൂന്നെണ്ണത്തിൽ എൽഡിഎഫുമാണ്. എല്ലാ മേഖലയേയും ഒരേപോലെ പരിഗണിക്കാൻ കഴിഞ്ഞോ?
∙ തീർച്ചയായും. കോവിഡ് കാലം മുതലുള്ള പ്രവർത്തനങ്ങൾ അതിന് സാക്ഷ്യമാണ്. മെഡിക്കൽ കോളജ് ഇരിക്കുന്നത് പി.രാജീവിന്റെ മണ്ഡലമായ കളമശ്ശേരിയിലാണ്. അവിടെയാണ് വെന്റിലേറ്റർ വാങ്ങാനും കോവിഡ് കിറ്റുകൾ വാങ്ങാനുമായി ആദ്യമായി എംപി ഫണ്ട് ചെലവഴിച്ചത്. മെഡിക്കൽ കോളജിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റിന് കേന്ദ്ര സര്‍ക്കാരിൽ നിന്ന് 23.5 കോടി രൂപ അനുവദിപ്പിച്ചു. അവിടെ കോളജ് ബസ് അനുവദിച്ചു. എറണാകുളത്തെ എല്ലാ മണ്ഡലങ്ങളിലും ഈ വിധത്തില്‍ ഞാനെത്തിയിട്ടുണ്ട്. എംപി ഫണ്ടിന്റെ പരിമിതികള്‍ ഉള്ളപ്പോൾ തന്നെ സിഎസ്ആർ ഫണ്ടും മറ്റും സമാഹരിച്ചാണ് വികസന പ്രവർത്തനങ്ങള്‍ നടത്തിയത്. നോർത്ത്–സൗത്ത് റെയിൽവേ സ്റ്റേഷന്റെ വികസനം 600 കോടി രൂപയുടേതാണ്. അതുപോലെ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ വികസനവും നടക്കുന്നു.
ജനങ്ങളുടെ വിവിധ വിഷയങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള പരിപാടികൾ സംഘടിപ്പിച്ചതും ഈ സമയത്താണ്. മാനസികാരോഗ്യം സംബന്ധിച്ചുള്ള അവബോധ പരിപാടികള്‍, കുട്ടികളുടെ ശസ്ത്രക്രിയയ്ക്കുള്ള ബട്ടർഫ്ലൈസ് പദ്ധതി തുടങ്ങിയവ പ്രധാനമാണ്. അതുപോലെ ആർത്തവ ശുചിത്വ രംഗത്ത് കൂടുതൽ സുരക്ഷിതത്വ അവബോധം സൃഷ്ടിക്കുന്നതിനുള്ള കപ്പ് ഓഫ് ലൈഫ് പദ്ധതി ഗിന്നസ് ബുക്ക് ഓഫ് റിക്കോർഡ്സിൽ ഇടംപിടിച്ചതാണ്. സൗഖ്യം സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാംപിന്റെ ബാക്കിയായുള്ള ശസ്ത്രക്രിയകൾ, തണൽ ഭവനപദ്ധതി, റീബിൽഡ് ചെല്ലാനം തുടങ്ങി ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ ഒട്ടേറെ പദ്ധതികളാണ് കൊണ്ടുവന്നത്. ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയുമായി ചേര്‍ന്ന് 100 ആന്‍ജിയോപ്ലാസ്റ്റി ചെയ്തു, മന്ത്രി വീണ ജോർജാണ് അത് ഉദ്ഘാടനം ചെയ്തത്. ജനങ്ങൾ ഇതൊക്കെ പരിഗണിക്കും എന്നുതന്നെയാണ് ഞാൻ കരുതുന്നത്.