ADVERTISEMENT

തിരുവനന്തപുരം∙ ബിജെപിയിൽ ചേരാനൊരുങ്ങുന്ന പത്മജ വേണുഗോപാലിനെ വിമർശിച്ച് കോൺഗ്രസ്. പത്മജയ്ക്ക് അർഹമായ എല്ലാ പരിഗണനയും നൽകിയെന്നു സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ വിജയം ഉറപ്പായിരുന്ന സീറ്റുകളാണു നൽകിയിരുന്നത്. പാർട്ടിയിൽ വലിയ സ്ഥാനങ്ങളാണ് എന്നും നൽകിയിരുന്നതെന്നും നേതാക്കൾ പറഞ്ഞു.

പത്മജ വേണുഗോപാൽ. ചിത്രം: മനോരമ
പത്മജ വേണുഗോപാൽ. ചിത്രം: മനോരമ

പത്മജയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) പേടിയാണെന്നും അതുകൊണ്ടാണു ബിജെപിയിലേക്കു പോകുന്നതെന്നും കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ ആരോപിച്ചു. പത്മജയുടെ ഭര്‍ത്താവിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നെന്നും അവർ ബിജെപിയിൽ ചേരുന്നതു നിര്‍ഭാഗ്യകരമാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. കെ.കരുണാകരന്റെ മകൾ ബിജെപിയിൽ പോകുമെന്നു കരുതുന്നില്ലെന്നു മഹിള കോൺഗ്രസ്‌ പ്രസിഡന്റ്‌ ജെബി മേത്തർ എംപി പ്രതികരിച്ചു. എല്ലാ തരത്തിലുള്ള ബഹുമാനവും പാർട്ടി പത്മജയ്ക്കു നൽകിയിട്ടുണ്ട്. ആരുടെയെങ്കിലും പാർട്ടി മാറ്റം കോൺഗ്രസിനെ ബാധിക്കില്ലെന്നും ജെബി മേത്തർ പറഞ്ഞു.

Read Also: ഒന്നര വർഷത്തെ പ്രണയം, വിവാഹം; 22കാരി 15–ാം നാൾ ജീവനൊടുക്കി; 8 മാസത്തിനു ശേഷം ഭർത്താവ് അറസ്റ്റിൽ

കോൺഗ്രസ് വിട്ട് പത്മജ ബിജെപിയിൽ ചേരുമെന്നു ഭർത്താവ് ഡോ.വേണുഗോപാൽ സ്ഥിരീകരിച്ചു. കോൺഗ്രസിൽനിന്നുള്ള വലിയ അവഗണനയിൽ പത്മജ വേദനിക്കുന്നതു കണ്ടിട്ടുണ്ട്. പത്മജ എന്തു തീരുമാനമെടുത്താലും അതിനെ പിന്തുണയ്ക്കും. കെ.കരുണാകരൻ സ്മാരക നിർമാണം വൈകുന്നതിൽ അവർ അസ്വസ്ഥയായിരുന്നു. രാഷ്ട്രീയമാറ്റമെന്ന തീരുമാനം നേരത്തേ ഉണ്ടായിരുന്നില്ല. മികച്ച അവസരം വന്നപ്പോൾ ശ്രമിച്ചുനോക്കാമെന്നു വിചാരിച്ചതാണെന്നും വേണുഗോപാൽ വ്യക്തമാക്കി.

കോൺഗ്രസ് നേതൃത്വത്തിന്റെ അനുനയ ശ്രമങ്ങൾ തള്ളിയാണു പത്മജയുടെ ബിജെപി പ്രവേശനം. ഡൽഹിയിലെത്തിയ പത്മജ ബിജെപി ദേശീയ നേതാക്കളുമായി ചർച്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിവോടെയാണു പത്മജയുടെ നീക്കങ്ങളെന്നാണു സൂചന. ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായേക്കും എന്നും അഭ്യൂഹമുണ്ട്. വാഗ്ദാനം ചെയ്തിരുന്ന രാജ്യസഭാ സീറ്റ് കോൺഗ്രസ് നൽകാത്തതും തന്നേക്കാൾ ജൂനിയറായവരെ രാജ്യസഭയിലേക്ക് അയച്ചതുമാണു പത്മജയെ പ്രകോപിപ്പിച്ചത്.

English Summary:

Congress leaders criticized Padmaja Venugopal's BJP entry.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com