സുപ്രിയ സുലെ ബാരാമതിയിൽ സ്ഥാനാർഥിയാവും; പ്രഖ്യാപനവുമായി ശരദ് പവാർ
Mail This Article
മുംബൈ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാരാമതിയിൽനിന്ന് പാർട്ടിയുടെ സ്ഥാനാർഥിയായി മകൾ സുപ്രിയ സുലെ മത്സരിക്കുമെന്ന് എൻസിപി നേതാവ് ശരദ് പവാർ വ്യക്തമാക്കി. പുണെയിലെ ഭോറിൽ മഹാവികാസ് അഘാഡി സഖ്യത്തിന്റെ റാലിക്കിടെയാണ് ശരദ് പവാർ പ്രഖ്യാപനം നടത്തിയത്. ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ ബാരാമതിയിൽനിന്ന് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് നിർണായക നീക്കം.
Read Also: തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന് 9 സീറ്റ്, സിപിഎമ്മിനും സിപിഐക്കും 2 വീതം; ഡിഎംകെയുമായി ധാരണയിലെത്തി
‘‘തിരഞ്ഞെടുപ്പ് നമ്മുടെ രാജ്യത്തിന്റെ ഭാവി നിർണയിക്കും. കർഷകരുടെ പ്രശ്നങ്ങളെ അവഗണിക്കുന്ന പ്രധാനമന്ത്രി മോദി, ഗുജറാത്തിന്റെ കാര്യങ്ങൾ മാത്രമാണ് ശ്രദ്ധിക്കുന്നത്. സർക്കാർ അധികാര ദുർവിനിയോഗം നടത്തുകയാണ്. രാജ്യത്ത് പണപ്പെരുപ്പവും തൊഴിലില്ലായ്മയും രൂക്ഷമാവുകയാണ്. പോളിങ് സ്റ്റേഷനുകളിൽ എത്തുമ്പോൾ എൻസിപിയുടെ ചിഹ്നം മറക്കാതെ വോട്ടു ചെയ്യണം. ബാരാമതിയിൽനിന്ന് നമ്മുടെ സ്ഥാനാർഥിയായി സുപ്രിയ സുലെയെ പ്രഖ്യാപിക്കുകയാണ്’’ –റാലി സംബോധന ചെയ്തുകൊണ്ട് ശരദ് പവാർ പറഞ്ഞു.
കഴിഞ്ഞ മൂന്നു തവണയും ബാരാമതിയിൽനിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടത് സുപ്രിയ സുലെയാണ്. സംസ്ഥാനത്ത് എൻസിപിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലം കൂടിയാണിത്. ശിവസേന (ഉദ്ധവ് വിഭാഗം) എംപി സഞ്ജയ് റാവത്ത് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഇന്നത്തെ റാലിയിൽ പങ്കെടുത്തു.