മുഖ്യമന്ത്രിക്ക് തെറ്റി; ക്ലിഫ് ഹൗസിൽ തൊഴുത്തിനും മതിലിനും 34.12 ലക്ഷം, പണം അനുവദിച്ചെന്ന് രേഖ
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് നിർമിക്കാൻ പൊതുമരാമത്ത് വകുപ്പ് പണം അനുവദിച്ചതിന്റെ കണക്കുകൾ പുറത്ത്. ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് നിർമിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ ഖണ്ഡിക്കുന്നതാണ് നിയമസഭാ രേഖയിലെ പരാമർശങ്ങൾ.
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് നിർമിക്കാൻ പൊതുമരാമത്ത് വകുപ്പ് പണം അനുവദിച്ചതിന്റെ കണക്കുകൾ പുറത്ത്. ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് നിർമിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ ഖണ്ഡിക്കുന്നതാണ് നിയമസഭാ രേഖയിലെ പരാമർശങ്ങൾ.
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് നിർമിക്കാൻ പൊതുമരാമത്ത് വകുപ്പ് പണം അനുവദിച്ചതിന്റെ കണക്കുകൾ പുറത്ത്. ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് നിർമിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ ഖണ്ഡിക്കുന്നതാണ് നിയമസഭാ രേഖയിലെ പരാമർശങ്ങൾ.
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് നിർമിക്കാൻ പൊതുമരാമത്ത് വകുപ്പ് പണം അനുവദിച്ചതിന്റെ കണക്കുകൾ പുറത്ത്. ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് നിർമിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ ഖണ്ഡിക്കുന്നതാണ് നിയമസഭാ രേഖയിലെ പരാമർശങ്ങൾ. ‘കാലിത്തൊഴുത്തിന് 40 ലക്ഷം എന്നു പറയുന്നതുപോലെ അസംബന്ധമായ ഒരു പ്രചാരണവും ഈ ഭൂലോകത്ത് ഉണ്ടാകുമെന്നു തോന്നുന്നില്ല. എന്തെല്ലാം പ്രചാരണമാണു നമ്മുടെ നാട്ടിൽ നടക്കുന്നത്’–എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലെ പ്രതികരണം. ക്ലിഫ് ഹൗസിലെ തകർന്ന മതിൽ കെട്ടാനാണു തുക അനുവദിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. താനല്ല നിർമാണത്തിന്റെ കണക്ക് തയാറാക്കുന്നതെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണെന്നും വിശദീകരിക്കുകയും ചെയ്തു.
പൊതുമരാമത്ത് വകുപ്പ് കാലിത്തൊഴുത്ത് നിർമിക്കാൻ പണം അനുവദിച്ചതിന്റെ രേഖകൾ ഫെബ്രുവരിയിലെ നിയമസഭാ സമ്മേളനത്തിലാണു സഭയിൽ അവതരിപ്പിച്ചത്. മരാമത്ത് വകുപ്പാണ് സർക്കാർ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്നത്. ഈ സർക്കാർ അധികാരത്തിൽവന്നശേഷം ക്ലിഫ് ഹൗസിൽ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയത് 1.85 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണെന്നു വകുപ്പിന്റെ രേഖകളിൽ പറയുന്നു. ക്ലിഫ് ഹൗസിലെ ചുറ്റുമതിലിന്റെ ഒരു ഭാഗവും കാലിത്തൊഴുത്തും നിർമിക്കാൻ 34.12 ലക്ഷംരൂപ ചെലവഴിച്ചതായാണു പൊതുമരാമത്ത് വകുപ്പിന്റെ രേഖ. 2022 ജൂണിലാണു കാലിത്തൊഴുത്തും മതിലിന്റെ ഒരുഭാഗവും നിർമിക്കാൻ മരാമത്ത് വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങിയത്. ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിന്റെ പരിപാലനത്തിനായി 1.85 കോടി കൂടാതെ 38.47 ലക്ഷവും ചെലവഴിച്ചു.
ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കാണ് നീന്തൽ കുളത്തിന്റെ പരിപാലന ചുമതല നൽകിയത്. മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ കാലത്താണ് കുളം നിർമിച്ചത്. 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായശേഷമാണ് കുളം നവീകരിച്ചത്. നവീകരണത്തിനായി 18,06,785 രൂപയും റൂഫിന്റെ ട്രസ് വർക്കുകൾക്കും പ്ലാന്റ് റൂമിന്റെ നവീകരണത്തിനുമായി 7,92,433 രൂപയും വാർഷിക അറ്റക്കുറ്റപ്പണികൾക്കായി 5.93 ലക്ഷംരൂപയും ചെലവഴിച്ചു.
നീന്തൽകുളത്തിന്റെ ഒന്നാംഘട്ട പരിപാലനത്തിനായി 2.28 ലക്ഷംരൂപയും രണ്ടാം ഘട്ട പ്രവൃത്തികൾക്കായി 2.51 ലക്ഷംരൂപയും മൂന്നാം ഘട്ട നവീകരണത്തിനായി 3.84ലക്ഷംരൂപയും നാലാംഘട്ട നവീകരണത്തിനായി 3.84ലക്ഷംരൂപയും അനുവദിച്ചു. കെട്ടിട നവീകരണവുമായി ബന്ധപ്പെട്ട പ്രതികരണത്തിനായി പൊതുമരാമത്ത് വകുപ്പ് അധികൃതരെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സംസാരിക്കാൻ കഴിഞ്ഞില്ല.
∙ ഈ സർക്കാർ അധികാരത്തിൽവന്നശേഷം ക്ലിഫ് ഹൗസിൽ നടത്തിയ നിർമാണ പ്രവർത്തനങ്ങളും ചെലവഴിച്ച തുകയും:
- ലിഫ്റ്റ്– 16,29,462
- വാട്ടർ സപ്ലൈ, ഡ്രൈനേജ് ലൈൻ–4,89,019
- ജീവനക്കാരുടെ വിശ്രമമുറി–72,45,703
- പെയിന്റിങ്–6,89,194
- മുഖ്യമന്ത്രിയുടെ ഓഫിസ് റൂമിലെ നിലത്തെ പലകകളുടെ അറ്റകുറ്റപ്പണി–6,12,603
- ചാണകക്കുഴി–3,52,493
- മതിലും കാലിത്തൊഴുത്തും–34,12,277
- ശുചിമുറിയും അനുബന്ധ അറ്റകുറ്റപ്പണിയും–1,03,047
- സിലീങും കിച്ചൺ കബോർഡും–2,42,247
- ഷീറ്റ് റൂഫിലെ ഗ്രിൽ–97607
- ഗാർഡ് റൂമിലെ അനുബന്ധ ജോലികൾ–1,36,472
- മുറികളിലെ ഫ്ലോറിങും കിച്ചൺ ഷെൽഫും–68654
- സുരക്ഷ–28,72,540
- വാട്ടർ സപ്ലൈ–430170
- ശുചിമുറി നവീകരണം–1,42,127
∙ ക്ലിഫ് ഹൗസ് ഉപയോഗിക്കാത്ത മുഖ്യമന്ത്രിമാർ
ക്ലിഫ് ഹൗസ് ഉപയോഗിക്കാത്ത മുഖ്യമന്ത്രിമാരുമുണ്ട്. 1977ൽ എ.കെ. ആന്റണി ആദ്യമായി മുഖ്യമന്ത്രിയായപ്പോൾ ‘അജന്ത’ ബംഗ്ലാവായിരുന്നു ഔദ്യോഗിക വസതി. കെ.കരുണാകരൻ രാജിവച്ചതിനെത്തുടർന്ന് 1995-96ൽ ആന്റണി വീണ്ടും മുഖ്യമന്ത്രിയായപ്പോൾ സ്വന്തം വസതിയായ ‘അഞ്‌ജനവും’ അദ്ദേഹം രാജിവച്ചതിനെത്തുടർന്നു മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി 2005-06 കാലയളവിൽ സ്വന്തം വസതിയായ ‘പുതുപ്പള്ളി ഹൗസും’ ആണ് ഔദ്യോഗിക വസതിയായി ഉപയോഗിച്ചത്. ധനമന്ത്രിയായിരുന്ന വക്കം പുരുഷോത്തമനും ഔദ്യോഗിക വസതിയായി ക്ലിഫ് ഹൗസ് ഉപയോഗിച്ചിട്ടുണ്ട്.
തിരുവിതാംകൂർ രാജഭരണകാലത്ത് 1939ൽ ആണു ക്ലിഫ് ഹൗസിന്റെ നിർമാണം ആരംഭിച്ചത്, ദേവസ്വം വകുപ്പിന്റെ ചാർജുണ്ടായിരുന്ന ദിവാൻ പേഷ്‌കാർക്കു താമസിക്കാൻ. 1942ൽ പണി പൂർത്തിയാക്കി. ബ്രിട്ടിഷ് ഭരണകാലത്ത് എക്സൈസ് കമ്മിഷണറും ഈ വസതിയിൽ താമസിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി ഈ കെട്ടിടത്തിൽ താമസിച്ചിട്ടുണ്ട്. സ്വാതന്ത്യ്രലബ്‌ധിക്കുശേഷം പൊതുമരാമത്ത് വകുപ്പ് മന്ദിരം ഏറ്റെടുത്തു ഗെസ്‌റ്റ് ഹൗസായി ഉപയോഗിച്ചു.
1957 മുതൽ കെട്ടിടം മുഖ്യമന്ത്രിമാരുടെ വസതിയായി. വിവിധ സർക്കാരുകളുടെ കാലത്ത്, പഴക്കമുള്ള ഈ കെട്ടിടം ഇടിച്ചു കളഞ്ഞ് പുതിയ കെട്ടിടം നിർമിക്കണമെന്ന നിർദേശം ഉയർന്നു. എന്നാൽ, ചരിത്രപ്രാധാന്യമുള്ള കെട്ടിടമായതിനാൽ ഒരു സർക്കാരും ഇതിനു മുതിർന്നില്ല. പഴയ കെട്ടിടമായതിനാൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത് ദുഷ്കരമാണ്. മൊത്തം 4.2 ഏക്കർ ആണ് ക്ലിഫ് ഹൗസ് കോംപൗണ്ട്. കോംപൗണ്ടിൽ വേറെ മന്ത്രി മന്ദിരങ്ങളുമുണ്ട്.
കേരളീയ വാസ്‌തുശിൽപരീതിയും കൊളോണിയൽ ഇംഗ്ലിഷ് വാസ്‌തുശിൽപരീതിയും സംയോജിപ്പിച്ചതാണു മന്ദിരത്തിന്റെ രൂപകൽപന. 15,000 ചതുരശ്ര അടി വലുപ്പം. ഏഴു കിടപ്പുമുറികൾ. ഒരു ഓഫിസ് റൂം. ഒരു കോൺഫറൻസ് ഹാൾ. ഔദ്യോഗിക വസതിയിലെ സുരക്ഷാ ഉദ്യോഗസ്‌ഥരുടെയും പരിചാരകരുടെയും ഉപയോഗത്തിനായി രണ്ടു ചെറിയ കെട്ടിടങ്ങളും കോംപൗണ്ടിലുണ്ട്.