ഡൽഹിയിൽ 5 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി ബംഗാളിൽ പിടിയിൽ
Mail This Article
ന്യൂഡൽഹി∙ 5 വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയെ ബംഗാളിൽ നിന്നു പിടികൂടി. 24നു വൈകിട്ട് അഞ്ചരയോടെ ഔട്ടർ–നോർത്ത് ഡൽഹിയിലെ ബവാനയിൽ നിന്നാണ് പെൺകുട്ടിയെ കാണാതായത്. വീടിനടുത്ത് മാതാപിതാക്കൾ നടത്തുന്ന ചായക്കടയുടെ സമീപത്തു നിന്നാണ് കുട്ടിയെ കാണാതായത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒരു യുവാവിനൊപ്പം കുട്ടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഒപ്പമുള്ളത് സമീപത്തെ ഫാക്ടറി തൊഴിലാളിയായ ലോഹർ ആണെന്നും തിരിച്ചറിഞ്ഞു. ഇയാൾ ട്രെയിനിൽ ബംഗാളിലേക്കു കടന്നതായി മനസ്സിലാക്കിയതിനെ തുടർന്ന് പ്രത്യേക പൊലീസ് സംഘം ബംഗാളിലേക്കു പുറപ്പെട്ടു. അസൻസോൾ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
സംഭവ ദിവസം രാത്രി ഏഴരയോടെ കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി സമീപത്തെ ഫാക്ടറി വളപ്പിൽ ഉപേക്ഷിച്ചെന്ന് ലോഹർ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്നു കരുതപ്പെടുന്ന ബ്ലേഡും ഇഷ്ടികയും കണ്ടെടുത്തതായും ഡിസിപി രവികുമാർ സിങ് പറഞ്ഞു.