ADVERTISEMENT

തൃശൂരിനും എറണാകുളത്തിനും ഇടയ്ക്കായി കിടക്കുന്ന ചാലക്കുടി മണ്ഡലം മുൻപ് മുകുന്ദപുരമായിരുന്നു. സാക്ഷാൽ പനമ്പിള്ളി ഗോവിന്ദ മേനോനും കെ.കരുണാകരനും ഇ.ബാലാനന്ദനുമൊക്കെ മാറ്റുരച്ചിട്ടുള്ള മണ്ഡലം. സിറ്റിങ് എംപി യുഡിഎഫിന്റെ ബെന്നി ബഹനാൻ, മുൻ വിദ്യാഭ്യാസ മന്ത്രി കൂടിയായ എൽഡിഎഫിന്റെ സി.രവീന്ദ്രനാഥ്, ബിഡിജെഎസ് നേതാവായ എൻഡിഎ സ്ഥാനാർഥി കെ.എ.ഉണ്ണികൃഷ്ണൻ എന്നിവരാണ് ഇത്തവണ ചാലക്കുടി പിടിക്കാനായി അങ്കത്തട്ടിലിറങ്ങിയിട്ടുള്ളത്. കിഴക്കമ്പലത്ത് ശക്തി തെളിയിച്ചിട്ടുള്ള ട്വന്റി 20യുടെ ചാർലി പോളും കൂടി എത്തുന്നതോടെ ചാലക്കുടിയിൽ ചതുഷ്കോണ മത്സരത്തിന്റെ പ്രതീതിയാണ്.

തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് വീണ്ടുമൊരിക്കൽ കൂടി ചാലക്കുടിയിലെ ജനതയെ സമീപിക്കുന്നതെന്ന് ബെന്നി ബഹനാൻ വോട്ട് ഓൺ വീൽസിനോടു പറഞ്ഞു. ഈ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ഉൾക്കൊള്ളാനുള്ള രാഷ്ട്രീയബോധം ജനങ്ങൾക്കുണ്ടെന്നതാണ് വലിയ സവിശേഷത. രാജ്യം വലിയ അപകടത്തിലൂടെ മുന്നോട്ടുപോകുകയാണ്. സങ്കീർണമായ ഒരു കാലഘട്ടിലെ നിർണായകമായ ഒരു തിരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ ഭരണഘടനയെ സംരക്ഷിക്കാന്‍ കഴിയുന്ന ഒരു സാഹചര്യം ഉണ്ടാകണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും യുഡിഎഫ് സ്ഥാനാർഥി പറഞ്ഞു.

ഇടതുപക്ഷത്തിനു അനുകൂലമായ ഒരു കാലാവസ്ഥ കൂടുതൽ കൂടുതൽ വളർന്നുവരികയാണെന്നും അത് വലിയ ആത്മവിശ്വാസമാണ് സമ്മാനിക്കുന്നതെന്നും സി രവീന്ദ്രനാഥ് പ്രതികരിച്ചു. രാജ്യത്തിന്റെ മൂല്യങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. മതനിരപേക്ഷ ഇന്ത്യ എന്നതുതന്നെ ചോദ്യംചെയ്യപ്പെട്ടിരിക്കുകയാണ്. അതിനുള്ള ഉത്തരമാണ് ഈ തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.

എല്ലാത്തിനും മറുപടി നരേന്ദ്ര മോദിയുടെ വികസന നയമാണെന്നാണ് എൻഡിഎ സ്ഥാനാർഥി കെ.എ.ഉണ്ണികൃഷ്ണന് പറയാനുള്ളത്. കിഴക്കമ്പലമാണ് മൂന്നു മുന്നണി സ്ഥാനാർഥികൾക്കും ചെറിയ തോതിലെങ്കിലും കല്ലുകടി ഉണ്ടാക്കുന്ന സ്ഥലം. ട്വന്റി 20യുടെ ഭക്ഷ്യസുരക്ഷാ മാർക്കറ്റിൽ തിരക്കിന് കുറവില്ല. അടുത്തായി പാർട്ടിയുടെ മഹാസംഗമം നടന്ന വേദി. ഇവിടെ ആരംഭിച്ച മെഡിക്കൽ സ്റ്റോർ തിരഞ്ഞെടുപ്പു കമ്മിഷൻ ഇടപെട്ട് പൂട്ടിച്ചതാണ് നിലവിലെ വിവാദ വിഷയങ്ങളിലൊന്ന്.

English Summary:

Loksabha Elections 2024: Vote on Wheels at Chalakudy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com