പാക്ക് മണ്ണില്‍ കയറി ഇന്ത്യന്‍ 'വേട്ട' എന്ന ഗാർഡിയൻ റിപ്പോര്‍ട്ട്; ഇടപെടാനില്ലെന്ന് യുഎസ്
Mail This Article
വാഷിങ്ടൻ∙ പാക്കിസ്ഥാൻ മണ്ണിൽ കടന്നുകയറി ഇന്ത്യ ആസൂത്രിത കൊലപാതകങ്ങൾ നടത്തുന്നുണ്ടെന്ന ബ്രിട്ടീഷ് പത്രമായ ഗാർഡിയൻ റിപ്പോർട്ട് ശ്രദ്ധിച്ചിരുന്നെന്നും ഇക്കാര്യത്തിൽ ഇടപെടില്ലെന്നും യുഎസ്. എന്തെങ്കിലും പ്രശ്നങ്ങൾ നിലനിൽക്കുന്നെണ്ടെങ്കിൽ സന്ധിസംഭാഷണങ്ങളിലൂടെ അത് പരിഹരിക്കാൻ ഇരു രാജ്യങ്ങളെയും പ്രോത്സാഹിപ്പിക്കുമെന്നും യുഎസ് വക്താവ് മാത്യു മില്ലർ പറഞ്ഞു.
2019–ലെ പുൽവാമ ആക്രമണത്തിന് ശേഷം ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോ അതിർത്തി കടന്ന് പാക്കിസ്ഥാനിലെ ഇരുപത് പേരെ വധിച്ചിട്ടുണ്ടെന്നായിരുന്നു ഗാർഡിയൻ റിപ്പോർട്ട്. പാക്കിസ്ഥാൻ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യ–പാക്ക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോട് സംസാരിച്ച് തയ്യാറാക്കിയതാണ് റിപ്പോർട്ടെന്നും പറയുന്നു. ആസൂത്രിത കൊലപാതകങ്ങൾ നടത്തുന്നതിനായി ഇന്ത്യ യുഎഇയിൽ സ്ലീപ്പർ സെല്ലുകൾ രൂപവത്കരിച്ചതായും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഇസ്രയേലിലെ മൊസാദ്, റഷ്യയിലെ കെജിബി എന്നിവയുടെ പ്രചോദമുൾക്കൊണ്ടാണ് ഇന്ത്യ ഇത്തരമൊരു പദ്ധതി ആവിഷ്ക്കരിച്ചതെന്ന് റിപ്പോർട്ടിൽ പേരുവെളിപ്പെടുത്താത്ത ഒരു ഇന്ത്യൻ ഉദ്യോഗസ്ഥൻ പറയുന്നു.
എന്നാൽ അയൽരാജ്യത്ത് അതിക്രമിച്ചുകയറി കൊലപാതകം നടത്തുക എന്നുള്ളത് ഇന്ത്യയുടെ നയമല്ലെന്ന വിദേശകാര്യമന്ത്രി എസ്.ജയശങ്കറുടെ പ്രസ്താവനയും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് ചർച്ചയായതിന് പിറകേ വിവരങ്ങൾ വ്യാജവും ഇന്ത്യ–വിരുദ്ധ വികാരം പ്രചരിപ്പിക്കുക എന്ന ദുരുദ്ദേശ്യത്തോടെയുള്ളതുമാണെന്ന് ഇന്ത്യ വ്യക്തമാക്കി.