പാക്ക് ഭർത്താവിന്റെ ഹർജിയിൽ സീമ ഹൈദർക്ക് കോടതി നോട്ടിസ്: ‘മേയ് 27ന് ഹാജരാകണം’
Mail This Article
ന്യൂഡൽഹി∙ പബ്ജി ഗെയിമിലൂടെ പരിചയപ്പെട്ട് പ്രണയിച്ച യുവാവിനെ കാണാൻ നിയമവിരുദ്ധമായി അതിർത്തി കടന്നെത്തിയ പാക്കിസ്ഥാൻ യുവതി സീമ ഹൈദറിനു കോടതിയിൽനിന്ന് നോട്ടിസ്. നോയിഡയിലെ കുടുംബക്കോടതിയാണ് മേയ് 27ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടു നോട്ടിസ് അയച്ചത്. കറാച്ചിയിലെ ഘുലാം ഹൈദറിന്റെ ഭാര്യയായി ജീവിച്ചുവരവെ കഴിഞ്ഞ വർഷം മേയിൽ നാലു കുട്ടികളുമായാണു സീമ, സച്ചിൻ മീണയെ കാണാൻ ഇന്ത്യയിലേക്കു കടന്നത്. പിന്നീടു കഠ്മണ്ഡുവിൽ വച്ച് ഇരുവരും വിവാഹിതരായി.
ഘുലാം ഹൈദർ നോയിഡയിലെ കുടുംബ കോടതിയിൽ ഇന്ത്യൻ അഭിഭാഷകൻ മുഖേനെയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. സച്ചിൻ മീണയും സീമയുമായുള്ള വിവാഹത്തിന്റെ സാധുതയാണ് ഹർജിയിൽ ചോദ്യം ചെയ്തിരിക്കുന്നത്. കുട്ടികളെ മതം മാറ്റിയെന്ന ആരോപണവും ഹർജിയിൽ ഉന്നയിക്കുന്നുണ്ട്. മോമിൻ മാലിക് ആണ് ഘുലാം ഹൈദറിനുവേണ്ടി ഹാജരാകുന്നത്. സീമ വിവാഹമോചനം നേടിയിട്ടില്ലാത്തതിനാൽ സച്ചിനുമായുള്ള വിവാഹത്തിനു സാധുത ഇല്ലെന്നാണ് ഹർജിയിൽ പറയുന്നത്.
കുട്ടികളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാനിലെ മുൻനിര അഭിഭാഷകനായ അൻസാർ ബുർനെയ്‌യെയാണ് ഘുലാം ഹൈദർ ആദ്യം സമീപിച്ചത്. ബുർനെയ് ആണ് ഇന്ത്യയിൽനിന്നുള്ള മോമിൻ മാലിക്കിനെ നിയോഗിച്ചത്. ഇന്ത്യൻ കോടതിയിൽ ഹാജരാകാനുള്ള പവർ ഓഫ് അറ്റോർണിയും കൈമാറി. ഘുലാം ഹൈദർ സൗദി അറേബ്യയിൽ ജോലി ചെയ്യവെയാണ് സീമ ഇന്ത്യയിലെത്തിയത്.
നേരത്തേ നൽകിയ അഭിമുഖങ്ങളിൽ ഹിന്ദുത്വം സ്വീകരിച്ചെന്നും പാക്കിസ്ഥാനിലേക്കു മടങ്ങില്ലെന്നും സീമ വ്യക്തമാക്കിയിരുന്നു. കുട്ടികളെയും ഹിന്ദുത്വത്തിലേക്കു മാറ്റിയെന്നായിരുന്നു ഇവരുടെ അവകാശവാദം. അതേസമയം, രാജ്യാന്തര നിയമങ്ങൾ അനുസരിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മതംമാറ്റം വിലക്കിയിട്ടുള്ളതാണെന്ന് ബുർനെയ് പറയുന്നു.