നെല്ലിയാമ്പതിയിലും ചൂട് കൂടുന്നു: സഞ്ചാരികള് നിരാശരാകുമെന്ന ആശങ്കയിൽ ടൂറിസം വകുപ്പ്
Mail This Article
നെന്മാറ∙ നെല്ലിയാമ്പതിയിലും ചൂട് കൂടുകയാണ്. തണുപ്പു കൂടിയ വിനോദസഞ്ചാര മേഖല എന്ന ഖ്യാതി നേടിയ നെല്ലിയാമ്പതിയുടെ കാലാവസ്ഥയിലെ മാറ്റം സഞ്ചാരികളെ നിരാശരാക്കുമെന്ന ആശങ്ക ടൂറിസം വകുപ്പിനു വെല്ലുവിളി ആകുകയാണ്. പുലിയമ്പാറയിലും കാരപ്പാറയിലും കഴിഞ്ഞവർഷം മാർച്ച് 19ന് കൂടിയ ചൂട് 31 ഡിഗ്രി രേഖപ്പെടുത്തിയ സ്ഥാനത്ത് കഴിഞ്ഞ ദിവസം ഊഷ്മാവ് 36 ഡിഗ്രി വരെ എത്തി. രാത്രിയിൽ 20 ഡിഗ്രിക്ക് താഴെ വരുന്നതാണ് ആശ്വാസം. മാത്രമല്ല കഴിഞ്ഞ ഏതാനും ദിവസമായി കോടമഞ്ഞ് പ്രത്യക്ഷപ്പെട്ടതും ചെറിയ ആശ്വാസമായിട്ടുണ്ട്. എന്നാൽ പകൽ 11 മുതൽ 3 വരെയുള്ള സമയത്തെ ചൂടിന് കുറവില്ല.
നിത്യഹരിത വനമേഖലകൾ ഒഴികെ ഇലകൊഴിയും വനമേഖലകളിലെ മരങ്ങളെല്ലാം ഇലപൊഴിച്ചു തുടങ്ങിയതോടെ പാറക്കൂട്ടങ്ങളും മണ്ണും ചൂട് പിടിച്ചതാണ് നെല്ലിയാമ്പതിയിലെ ചൂട് കൂടാൻ കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നൂറടി, കാരപ്പാറ പുഴകളിലെ നീരൊഴുക്ക് നിലച്ച് വെള്ളം വറ്റിയതോടെ വന്യമൃഗങ്ങൾ എസ്റ്റേറ്റുകളിലും മറ്റും ചെക്ക്ഡാമുകൾക്ക് സമീപവും പറമ്പിക്കുളം മേഖല, പോത്തുണ്ടി ഡാം പ്രദേശങ്ങളിലേക്കും നീങ്ങിത്തുടങ്ങി. ഏതാനും വർഷങ്ങൾക്കു മുൻപ് വരെ നെല്ലിയാമ്പതിയിലെ റിസോർട്ടുകളിലും വീടുകളിലും കടകളിലും ഫാൻ ഉപയോഗിക്കാതിരുന്ന സ്ഥിതി മാറി. എല്ലായിടത്തും ഫാനുകൾ സ്ഥാപിച്ചു തുടങ്ങി.
സഫാരി സർവീസ് നടത്തുന്ന ആനമട ഭാഗത്തെ പുൽമേടുകളും ഉണങ്ങി. ഹരിതാഭമായ കുന്നിൻ ചെരുവ് ഇല്ലാതായി. നിത്യഹരിത വനങ്ങളോട് ചേർന്ന പ്രദേശങ്ങളിൽ മാത്രമാണ് പച്ചപ്പ് നിലനിൽക്കുന്നത്. വേനൽ മഴ ലഭ്യമായാൽ ആഴ്ചകൾക്കുള്ളിൽ തന്നെ നെല്ലിയാമ്പതിയുടെ പച്ചപ്പ് വീണ്ടെടുക്കാനാകും. വേനൽ മഴ വൈകിയാൽ വരും ദിവസങ്ങളിൽ ഇനിയും ചൂട് കൂടാനാണ് സാധ്യത. പകൽ സമയത്ത് പതിവായി കാണാറുള്ള തണുപ്പ് ഇല്ലെന്നറിഞ്ഞതോടെ നെല്ലിയാമ്പതിയിൽ സഞ്ചാരികളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്.