സിഎസ്ഐ സിനഡ് തിരഞ്ഞെടുപ്പ്: അഡ്മിനിസ്ട്രേറ്റർ സമിതി തീരുമാനങ്ങളെടുക്കുന്നത് സുപ്രീം കോടതി വിലക്കി
Mail This Article
ന്യൂഡൽഹി ∙ സിഎസ്ഐ (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ) സിനഡ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി നിയോഗിച്ച അഡ്മിനിസ്ട്രേറ്റർ സമിതി തീരുമാനങ്ങളെടുക്കുന്നത് സുപ്രീം കോടതി വിലക്കി. തിരഞ്ഞെടുപ്പു സംബന്ധിച്ചോ ഭരണപരമായ കാര്യങ്ങളിലോ തീരുമാനം പാടില്ലെന്ന് ജഡ്ജിമാരായ ബേല എം.ത്രിവേദി, പങ്കജ് മിത്തൽ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. അതേസമയം, സമിതിയെ നിയോഗിച്ച നടപടി റദ്ദാക്കുന്നില്ലെന്നു കോടതി വിശദീകരിക്കുകയും ചെയ്തു. ഹർജി പരിഗണിക്കുന്നത് ജൂലൈ അവസാനത്തേക്കു മാറ്റി.
സിനഡ് ഭാരവാഹികളെ തിരഞ്ഞെടുത്തതു റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജിയിൽ നോട്ടിസയച്ചുകൊണ്ടാണ് തീരുമാനമെടുക്കുന്നത് സുപ്രീം കോടതി തടഞ്ഞത്. നടപടികൾ പൂർത്തിയാകുന്നതുവരെയുള്ള ഭരണ ചുമതലയാണ് മുൻ ജഡ്ജിമാരായ ജസ്റ്റിസ് ആർ.ബാലസുബ്രഹ്‌മണ്യം, ജസ്റ്റിസ് വി.ഭാരതിദാസൻ എന്നിവർക്ക് ഹൈക്കോടതി നൽകിയിരുന്നത്. കേരളം, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, കർണാടക, ശ്രീലങ്ക മേഖലകൾക്കു വിധി ബാധകമാണെന്നും വിധിയിൽ വ്യക്തമാക്കിയിരുന്നു. അതിനെതിരെ ട്രഷറർ വിമൽ കുമാർ സുകുമാരൻ അടക്കമുള്ളവർ നൽകിയ പ്രത്യേക അനുമതി ഹർജിയും മറ്റുമാണ് കോടതി പരിഗണിച്ചത്. ഹർജി പരിഗണിച്ച അവധിക്കാല ബെഞ്ച്, കേസിന്റെ വസ്തുതകളിലേക്കു കടക്കുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് അടുത്ത വാദം കേൾക്കുംവരെ തുടർ നടപടികൾ മരവിപ്പിച്ചത്.