ADVERTISEMENT

കൊച്ചി ∙ ‘‘രണ്ടു ടെക്നോക്രാറ്റുകൾക്കിടയില്‍ ഉടലെടുത്ത അവിഹിതവും കാമാസക്തി നിറഞ്ഞതുമായ ബന്ധം തങ്ങളുടെ പങ്കാളികളെയും കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും വഞ്ചിക്കുകയും അതിന്റെ ഫലമായി വയോധികയായ സ്ത്രീയെയും മൂന്നര വയസ്സുള്ള കുഞ്ഞിനെയും കൊലപ്പെടുത്തുകയും ആ ബന്ധത്തിലെ സ്ത്രീയുടെ ഭർത്താവിനെ ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്തു.’’ – ആറ്റിങ്ങൽ ഇരട്ടക്കൊലയെക്കുറിച്ചുള്ള ഹൈക്കോടതി വിധിന്യായം ആരംഭിക്കുന്നത് ഇങ്ങനെയാണ്. കേസിലെ ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി കുറയ്ക്കുകയും രണ്ടാം പ്രതി അനു ശാന്തിയുടെ ഇരട്ട ജീവപര്യന്തം ശരിവയ്ക്കുകയും ചെയ്യുന്ന വിധിന്യായത്തിലാണ് ഇങ്ങനെ പറയുന്നത്. ഇളവില്ലാതെ 25 വർഷം ശിക്ഷയാണ് നിനോ മാത്യുവിന് ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, ജോൺസൺ ജോൺ എന്നിവരുടെ ബെഞ്ച് വിധിച്ചത്. 

2014 ഏപ്രിൽ 16ന് പ്രതി നിനോ മാത്യു രണ്ടാം പ്രതിയായ അനുശാന്തിയുമായി ഗൂഡാലോചന നടത്തി അനുശാന്തിയുടെ ഭർത്താവിന്റെ അമ്മയെയും മൂന്നര വയസ്സായ മകളെയും വെട്ടിക്കൊല്ലുകയും ഭര്‍ത്താവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു എന്നതാണ് കേസ്. വിചാരണ കോടതി നിനോ മാത്യുവിനു വധശിക്ഷയും അനുശാന്തിക്ക് ഇരട്ട ജീവപര്യന്തവും ശിക്ഷ വിധിച്ചു. ഇതിനെതിരെ ഇരുവരും കോടതിയെ സമീപിക്കുകയായിരുന്നു. വധശിക്ഷ ഇളവ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് സർക്കാരും കോടതിയെ സമീപിച്ചു. വിചാരണ കോടതിയുടെ കണ്ടെത്തലിൽ പൊരുത്തപ്പെടാത്തതായി ഒന്നുമില്ലെന്നും കുറ്റം തെളിഞ്ഞെന്നും ഹൈക്കോടതി വെള്ളിയാഴ്ച വിധിന്യായത്തിൽ വ്യക്തമാക്കി.

കൊലപാതകം നടന്ന ദിവസം ഓഫിസിൽനിന്നു പുറത്തുപോയ നിനോ മാത്യു കെഎസ്എഫ്ഇ ചിട്ടിയിൽ പങ്കെടുക്കാനാണു പോയത് എന്നാണു വാദിച്ചത്. എന്നാൽ ഈ ചിട്ടിയില്‍ ഇയാൾ പങ്കെടുത്തിട്ടില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. താൻ ചെരിപ്പു വാങ്ങാനായി പോയെന്നും അതിനുശേഷം വീട്ടിൽ പോയി പാസ്ബുക്ക് എടുത്തു വന്നപ്പോഴേക്കും ചിട്ടിയുടെ സമയം കഴിഞ്ഞു പോയി എന്നുമാണ് നിനോ മാത്യു ഇതിനു കാരണമായി പറഞ്ഞത്. എന്നാൽ ഇതു സംബന്ധിച്ചു തെളിവുകളൊന്നും ഹാജരാക്കാൻ പ്രതിക്ക് കഴിഞ്ഞില്ല എന്ന് വിധിന്യായത്തില്‍ പറയുന്നു. കൊലപാതകം നടന്ന വീട്ടിൽ പ്രതിയുടെ സാന്നിധ്യം അന്നേ ദിവസം ഉണ്ടായിരുന്നു എന്നു തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടുണ്ട്.

അനുശാന്തിയുടെ ഭർത്താവിനെ വെട്ടിപ്പരുക്കേൽപ്പിച്ചതിനുശേഷം പ്രതി പിൻവാതിൽ‍ വഴി ഇറങ്ങി വയൽ വരമ്പിലൂടെ പ്രധാന റോഡിലേക്ക് ഓടുന്നതു കണ്ടവരുണ്ട്. റോഡിൽ വച്ച് അതുവഴി വന്ന സ്വകാര്യ ബസ്സിന് കൈ കാണിച്ചു നിർത്തി കയറുമ്പോൾ പ്രതിക്ക് ചെരിപ്പ് ഉണ്ടായിരുന്നില്ല എന്ന കണ്ടക്ടറുടെ മൊഴിയും പ്രതിയുടെ പങ്കാളിത്തത്തിലേക്കു വിരല്‍ ചൂണ്ടുന്നതാണ്. 

ഇരുവരും തമ്മിലുള്ള അവിഹിത ബന്ധം തെളിയിക്കുന്ന കാര്യങ്ങൾ തെറ്റാണെന്നു തെളിയിക്കാൻ പ്രതിഭാഗത്തിനു കഴിഞ്ഞിട്ടില്ല. തങ്ങളുടെ ലൈംഗിക പ്രവർത്തികളുടെ വിഡിയോകളും ഫോട്ടോകളും ഇരുവരും ഫോണിലൂടെ കൈമാറിയിരുന്നു. എന്നാൽ ഇതു മാധ്യമങ്ങൾ സെൻസേഷണലൈസ് ചെയ്തതാണ് എന്നാണ് പ്രതിഭാഗം വാദിച്ചത്. ഇങ്ങനെ ദൃശ്യങ്ങൾ കൈമാറി എന്നതുകൊണ്ട് കൊലപാതകത്തിന് ഇരുവരും ഗൂഢാലോചന നടത്തി എന്നതിനുള്ള തെളിവല്ലെന്നും ഒന്നാം പ്രതി രണ്ടാം പ്രതിയുടെ പങ്കാളിത്തത്തെ സംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. 

എന്നാൽ 2014 ഏപ്രിൽ നാലിന് അനുശാന്തിയുടെ ഫോണിൽ നിനോ മാത്യുവുമായുള്ള അവിഹിത ബന്ധം സംബന്ധിച്ച് സന്ദേശങ്ങൾ താൻ കണ്ടെന്നും ഇത് അവസാനിപ്പിക്കാൻ മുന്നറിയിപ്പു നൽകിയിരുന്നു എന്നും ഭർത്താവ് വ്യക്തമാക്കി. എന്നാൽ ഇത് കാര്യമാക്കാതെ ഇരുവരും ബന്ധം തുടർന്നു. ഇതിനു പിന്നാലെയാണ് അനുശാന്തിയുടെ ഭര്‍ത്താവിനെ ഇല്ലാതാക്കാൻ ഇരുവരും പദ്ധതിയിട്ടത് എന്ന് പ്രോസിക്യൂഷൻ പറയുന്നു. തന്റെ ഭാര്യയുടെ പങ്കാളിത്തം തുടക്കത്തിൽ സംശയിച്ചിരുന്നില്ലെന്നും എന്നാൽ കുറേക്കാലമായി താനുമായി ഒരു വിധത്തിലുള്ള ബന്ധവും അനുശാന്തി പുലർത്തിയിരുന്നില്ല എന്നും ഭർത്താവ് പറയുന്നു. ആശുപത്രിയിൽ ചികിത്സയില്‍ കഴിഞ്ഞപ്പോൾ ഒരിക്കൽ പോലും സന്ദർശിച്ചില്ല, രണ്ടു മുറികളിലാണ് ഉറങ്ങുന്നത്, കുഞ്ഞിനോടും മാതാപിതാക്കളോടും വളരെ നെഗറ്റീവായാണ് പെരുമാറിയിരുന്നത് തുടങ്ങിയ കാര്യങ്ങളും ഭർത്താവിനെ ഉദ്ധരിച്ച് പ്രോസിക്യൂഷൻ പറഞ്ഞു.

ഭർത്താവിനെ ഇല്ലാതാക്കുന്നത് സംബന്ധിച്ച് ഇരുവരും തമ്മിലുള്ള ഫോണ്‍ സന്ദേശങ്ങളും തെളിവായി പ്രോസിക്യൂഷൻ ഹാജരാക്കി. കൊലപാതകം നടക്കുന്ന ദിവസം വീടിന്റെ ചിത്രവും അവിടേക്കു പോകേണ്ട വഴിയും ഒന്നാം പ്രതിക്ക് അയച്ചു കൊടുത്തത് അനുശാന്തിയാണെന്നാണു പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ നിനോ മാത്യു ഇടയ്‌ക്കെല്ലാം ഇവരുടെ വീട്ടിൽ വന്നിരുന്നു എന്നും അനുശാന്തിയുമായി ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെട്ടിരുന്നു എന്നും പറയുമ്പോൾ ഇത്തരത്തിൽ പോകേണ്ട വഴി അയച്ചു കൊടുക്കേണ്ടതില്ല എന്നാണ് രണ്ടാം പ്രതി വാദിച്ചത്. മാത്രമല്ല, ഭര്‍ത്താവിന്റെ സഹോദരന്റെ വിവാഹത്തിലും നിനോ മാത്യു പങ്കെടുക്കുകയും കുടുംബത്തെ നന്നായി അറിയാവുന്ന ആളുമാണ്. എന്നാൽ ലൈംഗിക ബന്ധത്തിനായി രണ്ടാം പ്രതിയുടെ വീട്ടിൽ രാത്രിയാണ് വന്നത് എന്നതുകൊണ്ടും വിവാഹത്തിൽ പങ്കെടുത്തു എന്നതു കൊണ്ടും വീട് പരിചിതമാകണമെന്നില്ല എന്നും കോടതി വ്യക്തമാക്കുന്നു. മാത്രമല്ല, വീടിന്റെ എല്ലാ വശത്തുനിന്നുമുള്ള ഫോട്ടോകളും വീടിന്റെ ഉള്‍ഭാഗം എങ്ങനെ എന്നും വാതിൽ എവിടെയാണ് എന്നതും അടുത്തുള്ള വഴിയും വരെ അനുശാന്തി നിനോ മാത്യുവിന് ഫോട്ടോ ആയി അയച്ചു നൽകിയിരുന്നു. 

നിനോ മാത്യുവിന് ക്രിമിനൽ പശ്ചാത്തലമില്ലെന്നും ഇരട്ടക്കൊലപാതകങ്ങൾ നടത്തി എന്നു പറയുന്നത് സാഹചര്യത്തെളിവുകളുടെ മാത്രം ബലത്തിലാണെന്നും പ്രതിഭാഗം വാദിച്ചു. ജയിലിൽ സമാധാനപൂർണമായ ജീവിതമാണ് പ്രതി നയിക്കുന്നത്. ജയിൽ അധികൃതരുമായി നല്ല ബന്ധം സൂക്ഷിക്കുന്നു, മാതാപിതാക്കൾ ഇടയ്ക്കെല്ലാം സന്ദർശിക്കുന്നു. ജീവിതത്തിൽ ഒട്ടേറെ ദുരനുഭവങ്ങള്‍ നേരിട്ടിട്ടുള്ള ആളാണ് പ്രതി. മകളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നു എന്നും സമൂഹത്തിന് ഒരിക്കലും ബുദ്ധിമുട്ടാകില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ തന്റെയും രണ്ടാം പ്രതിയുടെയും ലൈംഗികാസക്തിക്കു വേണ്ടി മൂന്നര വയസ്സുള്ള കുട്ടിയെയും അവരുടെ മുത്തശ്ശിയെയും ക്രൂരവും മനുഷ്യത്വരഹിതവുമായി കൊലപ്പെടുത്തിയ ആളാണ് നിനോ മാത്യു എന്നും അതിനാൽ വധശിക്ഷ അർഹിക്കുന്നുണ്ടെന്ന് പ്രോസിക്യൂഷനും വാദിച്ചു. കൊലപാതകത്തിലേക്കു നയിച്ച സാഹചര്യങ്ങളും ശിക്ഷിക്കപ്പെട്ട ശേഷമുള്ള പ്രതിയുടെ പെരുമാറ്റവും കണക്കിലെടുത്ത് വധശിക്ഷ ഇളവ് ചെയ്ത് 25 വര്‍ഷമായി ശിക്ഷ മാറ്റുന്നു എന്ന് കോടതി വ്യക്തമാക്കി. മാത്രമല്ല, ഇതിനിടയിൽ ഇതിൽ ഇളവ് അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി. 

English Summary:

Attingal Double Murder: Kerala high court verdict details

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com