ADVERTISEMENT

തിരുവനന്തപുരം∙ ഏറെ വിവാദമായ എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാടില്‍ സത്യം പുറത്തുവരുന്നതിനായി ഏതറ്റം വരെയും പോകാന്‍ ഭയമില്ലെന്ന് പരാതിക്കാരനായ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. തട്ടിപ്പു നടന്നു എന്ന് ഉത്തമബോധ്യം ഉണ്ട്. മടിയില്‍ ഒട്ടും കനമില്ലാത്തതിനാല്‍ ആരെയും പേടിയില്ല. വി.എസ്.അച്യുതാനന്ദനൊപ്പം നിന്നതിന്റെ പേരില്‍ വര്‍ഷങ്ങളായി പിണറായി വിജയന്‍ ഉപദ്രവിക്കുന്നു. പിണറായിക്കു മാത്രമല്ല എല്ലാവര്‍ക്കും കുടുംബമുണ്ട്. നടപടികള്‍ ഒരു വാശിക്കു തുടങ്ങിയതാണെങ്കിലും പൊതുപ്രവര്‍ത്തകന്റെ ഉത്തരവാദിത്തം എന്ന നിലയില്‍ കേസ് മുന്നോട്ടു കൊണ്ടുപോകുമെന്നും ഷോണ്‍ ജോര്‍ജ് ‘മനോരമ ഓണ്‍ലൈനിനോടു’ പറഞ്ഞു. 

∙ അബുദാബിയിലെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളുണ്ടോ? എക്‌സാലോജിക് കണ്‍സള്‍ട്ടിങ് വീണയുടെ കമ്പനി അല്ലെന്നാണ് തോമസ് ഐസക് പറയുന്നത്? 

വീണ, സുനീഷ് എന്നിവരുടെ പേരിലുള്ളതായിരുന്നു ഈ അക്കൗണ്ട്. ഈ അക്കൗണ്ടിലെത്തിയ പണം യുഎസിലെ മറ്റ് അക്കൗണ്ടുകളിലേക്ക് ഉള്‍പ്പെടെ മാറ്റിയെന്ന് കൃത്യമായി ബോധ്യമുണ്ട്. അത് അന്വേഷണ ഏജന്‍സികളെ അറിയിച്ചിട്ടുണ്ട്. അക്കാര്യം അന്വേഷിച്ചു കണ്ടെത്തേണ്ടത് അവരാണ്. എക്‌സാലോജിക് കണ്‍സള്‍ട്ടിങ് എന്ന കമ്പനി വീണയുടേതാണെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ വീണയും സുനീഷും സിഗ്നറ്ററീസ് ആയിട്ടുള്ള എക്‌സാലോജിക് എന്ന ഒരു അക്കൗണ്ട് അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കില്‍ ഉണ്ടായിരുന്നില്ല എന്ന് പറയാന്‍ ഇവര്‍ക്കു ധൈര്യമുണ്ടോ? മസാല ബോണ്ട് സംബന്ധിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞതു കൊണ്ടാണ് തോമസ് ഐസക് രംഗത്തെത്തിയത്. 

വീണാ വിജയൻ. ചിത്രം: മനോരമ
വീണാ വിജയൻ. ചിത്രം: മനോരമ

∙ പിതാവായ പി.സി.ജോര്‍ജിനെ പീഡനക്കേസില്‍ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായി. അന്ന് അമ്മ ഉള്‍പ്പെടെ ശക്തമായി പ്രതികരിച്ചത് കേരളം കണ്ടതാണ്. പിണറായിക്കും മകള്‍ക്കുമെതിരെ ഇറങ്ങാന്‍ ഇതൊരു കാരണമായോ?

അവിടുന്നാണല്ലോ തുടക്കം. ഒരു വാശിക്കു തുടങ്ങിയതാണെങ്കിലും ഇപ്പോള്‍ ഇത് ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ സമൂഹത്തോടുള്ള ഉത്തരവാദിത്തമായി മാറിക്കഴിഞ്ഞു. 2003 മുതല്‍ വിഎസ്.അച്യുതാനന്ദനൊപ്പം നിന്നപ്പോള്‍ പിണറായി വിജയന്‍ രാഷ്ട്രീയമായും അല്ലാതെയും ഉപദ്രവിക്കാന്‍ തുടങ്ങിയതാണ്. അത്തരത്തില്‍ നൂറു പണി ഇങ്ങോട്ടു വരുമ്പോള്‍ ഒരെണ്ണമെങ്കിലും തിരിച്ചു കൊടുക്കണമല്ലോ? അങ്ങനെ തുടങ്ങിയതാണ്. ഇത്രയും തട്ടിപ്പുകള്‍ തെളിവുസഹിതം അറിഞ്ഞിട്ടും സമൂഹത്തെ അറിയിക്കാതിരിക്കുകയും കുറ്റക്കാരനായ വ്യക്തി അധികാരത്തില്‍ തുടരുകയും ചെയ്യുമ്പോള്‍ പൊതുപ്രവര്‍ത്തകനായി എനിക്ക് ഈ നാട്ടില്‍ തുടരാന്‍ യോഗത്യയില്ലെന്ന ഉത്തമബോധ്യം ഉള്ളതു കൊണ്ടാണ് കേസുമായി മുന്നോട്ടു പോകുന്നത്. 

പി.സി.ജോർജ് (ഫയൽ ചിത്രം: ജോസ്‌കുട്ടി പനയ്ക്കൽ ∙ മനോരമ)
പി.സി.ജോർജ് (ഫയൽ ചിത്രം: ജോസ്‌കുട്ടി പനയ്ക്കൽ ∙ മനോരമ)

∙ എങ്ങനെയാണ് വീണാ വിജയന്റെ എക്‌സാലോജിക് കേസിലേക്ക് എത്തിപ്പെടുന്നത്. അഴിമതി സംബന്ധിച്ച് എന്തൊക്കെ പ്രാഥമിക വിവരങ്ങളാണ് ലഭിച്ചത്?

കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പിതാവായ പി.സി.ജോര്‍ജ്  2004 മുതല്‍ പിന്തുടര്‍ന്നു പോന്നിരുന്നതാണ്. 2004ല്‍ വിഎസിനൊപ്പം ഇക്കാര്യം നിയമസഭയില്‍ ഉന്നയിക്കുകയും കരിമണല്‍ ഖനനം നിര്‍ത്തിവയ്ക്കുകയും ചെയ്തു. പിന്നീട് പി.സി.ജോര്‍ജിന്റെ അറസ്റ്റും മറ്റു വിവാദങ്ങളും ഉണ്ടായപ്പോഴാണ് ഞാന്‍ ഇത് ശരിക്കും പഠിക്കുന്നത്. സിഎംആര്‍എല്ലും എക്‌സാലോജിക്കും തമ്മിലുള്ള പണമിടപാടുകളില്‍ കോര്‍പ്പറേറ്റ് ഫ്രോഡിന്റെ സാധ്യത അറിഞ്ഞു. തുടര്‍ന്നാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്ഐഒ) എന്ന ഏജന്‍സിയെക്കുറിച്ച് അറിഞ്ഞതും പരാതി കൊടുക്കാന്‍ തീരുമാനിക്കുന്നതും. തുടര്‍ന്ന്് പരാതി ലഭിച്ചുവെന്നും അന്വേഷണത്തിനായി സോണല്‍ ഡയറക്ടറേറ്റ് ആദായനികുതി വകുപ്പിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോര്‍പ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തില്‍നിന്നു മറുപടി ലഭിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ (File Photos: Manorama)
മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ (File Photos: Manorama)

ഒരു മാസം കഴിഞ്ഞും തുടര്‍നടപടികള്‍ ഉണ്ടാകാതിരുന്നതോടെ രേഖകള്‍ സഹിതം ഹൈക്കോടതിയില്‍ റിട്ട്. ഹര്‍ജി ഫയല്‍ ചെയ്തു. കോടതി ഇടപെട്ടതോടെ 2024 ജനുവരി 15ന് കമ്പനീസ് ആക്ട് പ്രകാരമുള്ള അന്വേഷണത്തിന് ഉത്തരവിട്ടു. ആറ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. വീണ്ടും കോടതിയെ സമീപിച്ചതോടെയാണു ജനുവരി 31ന് എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിക്കുന്നത്. അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്ലും കെഎസ്‌ഐഡിസിയും കോടതിയെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. അന്വേഷണം തുടരട്ടെയെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. തുടര്‍ന്ന് വീണാ വിജയന്‍ ബെംഗളൂരു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയും തള്ളി. ഇ.ഡി അന്വേഷണം ആരംഭിച്ചതോടെ അതിനെതിരെ സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആ ഹര്‍ജി കോടതി ജൂലൈ 7ലേക്കു മാറ്റിയിരിക്കുകയാണ്. 

∙ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയാണു ഷോണിന്റെ നീക്കം. പ്രതികാര നടപടി ഉണ്ടാകുമെന്ന ഭയം ഉണ്ടോ? 

ഞാന്‍ എന്റെ പിതാവിനെ കണ്ട് വളർന്നയാളാണ്. എനിക്ക് കൃഷി മാത്രമേ ഉള്ളൂ. മുഴുവന്‍സമയ പൊതുപ്രവര്‍ത്തകനാണ് ഞാന്‍. എനിക്ക് കള്ളവുമില്ല ഒളിക്കാനും ഒന്നുമില്ല. മുഖ്യമന്ത്രി പറയുന്ന അതേവാക്ക് തിരിച്ചു പറഞ്ഞാല്‍ മടിയില്‍ കനമുള്ളവനല്ലേ പേടിക്കേണ്ടതുളളൂ. എനിക്ക് സമൂഹത്തിന്റെ സംരക്ഷണം ഉണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. 

∙ മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇത്തരത്തില്‍ ഇടപാടുകള്‍ നടന്നതെന്നു കരുതുന്നുണ്ടോ? 

ഈ കമ്പനികള്‍ എല്ലാം മുഖ്യമന്ത്രിയുടെ മകൾക്ക് പണം കൊടുക്കേണ്ട കാര്യമെന്താണ്. ഇതു മുഖ്യമന്ത്രിക്കുള്ള പണമാണ്. മുഖ്യമന്ത്രിയുടെ ഓഫിസുമായി കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ ഏതൊക്കെ ഇടപാടുകള്‍ നടന്നിട്ടുണ്ടോ, ഏതൊക്കെ കണ്‍സള്‍ട്ടന്‍സികള്‍ വന്നിട്ടുണ്ടോ അവരുടെ എല്ലാം കയ്യില്‍നിന്ന് വീണാ വിജയന്‍ കമ്മിഷന്‍ വാങ്ങിയിട്ടുണ്ട്. വിവാദമായ പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ്, ലാവ്‌ലിന്‍, സിഎംആര്‍എല്‍ തുടങ്ങി കുറച്ചു കമ്പനികളുടെ കാര്യം മാത്രമല്ലേ നമുക്ക് അറിയൂ. നമുക്ക് അറിയാന്‍ പാടില്ലാത്ത എത്രയോ ഇടപാടുകള്‍ നടന്നിട്ടുണ്ടാകും. ആലപ്പുഴയില്‍ തീരദേശത്തുനിന്ന് എടുത്തുമാറ്റിയത് 53 ലക്ഷം മെട്രിക് ടണ്‍ കരിമണലാണ്. രാജ്യാന്തര വിപണിയിലെ ശരാശരി വിലയായ 14,500 രൂപ വച്ച് കണക്കുകൂട്ടിയാല്‍ തന്നെ എത്ര കോടിയുടെ ഇടപാട് നടന്നിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിയും. 

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

∙ ബിജെപി സംസ്ഥാന, ദേശീയ നേതൃത്വങ്ങളുടെ അറിവോടെയാണോ നീക്കം. അവരുടെ ശക്തമായ പിന്തുണയുണ്ടോ?

ബിജെപിയുടെ നേതാക്കളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. കേസുമായി മുന്നോട്ടു പോകാനാണ് ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ പറഞ്ഞത്. പാര്‍ട്ടിയില്‍ ലയിക്കുന്നതിനു മുന്‍പ് തന്നെ കേസുമായി മുന്നോട്ടുപോകാനുള്ള സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. വാർത്താ സമ്മേളനം നടത്തുന്നതിനു മുന്‍പ് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനുമായും ചര്‍ച്ച നടത്തിയിരുന്നു. 

∙ വീണയ്ക്ക് കനേഡിയന്‍ കമ്പനിയുണ്ടെന്ന ആരോപണത്തിന്റെ പേരില്‍ ഷോണിനെതിരെ കേസുണ്ടല്ലോ. അതിന്റെ അവസ്ഥയെന്താണ്? 

കേസിന്റെ എഫ്‌ഐആര്‍ കോടതിയില്‍ കൊടുത്തിട്ടില്ല. കോടതിയില്‍ വച്ചാല്‍ ഞാന്‍ ജാമ്യം എടുക്കും. അത് ഒഴിവാക്കാനുള്ള നീക്കമാണ്. 

English Summary:

BJP Leader Shaun George Promises to Expose Truth in Exalogic-CMRL Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com