പെരിയാറിലെ മത്സ്യക്കുരുതി: വെള്ളത്തിലെ ഓക്സിജൻ അളവ് കുറഞ്ഞു, ജലസേചന വകുപ്പിനെതിരേ പിസിബി
Mail This Article
കൊച്ചി ∙ പെരിയാറിൽ മത്സ്യക്കുരുതിക്ക് ഇടയാക്കിയത് വെള്ളത്തിലെ ഓക്സിജന്‍ അളവ് കുറഞ്ഞതാണെന്നും ഇതിന് കാരണം പാതാളം ബണ്ട് തുറന്നപ്പോൾ വൻതോതിൽ ജൈവമാലിന്യം ഉൾപ്പെടെ കുത്തിയൊലിച്ചു വന്നതാണെന്നുമുള്ള നിലപാട് ആവർത്തിച്ച് മലിനീകരണ നിയന്ത്രണ ബോർഡ്. 2023ലും മത്സ്യങ്ങൾ ചത്തുപൊങ്ങിയിരുന്നു എന്നും ആ വർഷം കുഫോസിന്റെ (കേരള മത്സ്യബന്ധന സമുദ്രഗവേഷണ സർവ്വകലാശാല) കണ്ടെത്തലും ഇക്കാര്യം ശരിവയ്ക്കുന്നതാണെന്നും ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ബോർഡ് പറയുന്നു. മേയ് 20ന് പെരിയാറിൽ ലക്ഷക്കണക്കിന് മത്സ്യങ്ങൾ ചത്തുപൊങ്ങാൻ ഇടയാക്കിയത് ബണ്ട് തുറന്നതുമൂലം ജലത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതാണെന്ന് ബോർഡും അമോണിയയും സൾഫറും ഉള്‍പ്പെടെയുള്ള രാസമാലിന്യങ്ങളാണ് കാരണമെന്ന് കുഫോസും നിലപാട് എടുത്തിരിക്കെയാണ് ബോർഡ് തങ്ങളുടെ നിലപാട് ആവർത്തിച്ചിരിക്കുന്നത്.
പാതാളം ബണ്ട് ദീർഘകാലമായി അടച്ചിടുന്നത് ജൈവമാലിന്യം അടിഞ്ഞുകൂടുന്നതിന് ഇടയാക്കുന്നെന്നും ഇതുമൂലം ജലത്തിൽ ഓക്സിജന്റെ അളവ് കുറയുകയാണെന്നും മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചീഫ് എൻവയോൺമെന്റൽ എഞ്ചിനീയർ ബാബുരാജന്‍ പി.കെ.തയാറാക്കിയ സത്യവാങ്മൂലം പറയുന്നു. പെരിയാറിലേക്ക് വിഷമയമായ അവശിഷ്ടങ്ങൾ തള്ളുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർ മേനോൻ 2020ൽ നൽകിയ ഹർജിയിലാണ് ബോർഡ് നിലപാട് അറിയിച്ചത്. ഇക്കാര്യത്തിൽ സർക്കാരിന്റെ വിശദീകരണം തേടിയ ചീഫ് ജസ്റ്റിസ് ആശിഷ് ജെ.ദേശായി, ജസ്റ്റിസ് വി.ജി.അരുൺ എന്നിവരുടെ ഡിവിഷൻ ബെഞ്ച് കേസ് 10ന് പരിഗണിക്കാൻ മാറ്റി.
ജലസേചന വകുപ്പ് സഹകരിക്കുന്നില്ല
ഒട്ടേറെ തവണ ആവശ്യപ്പെട്ടിട്ടും ജലസേചന വകുപ്പിന്റെ ഭാഗത്തു നിന്നുള്ള സഹകരണമില്ലായ്മ തുടരുകയാണെന്ന് ബോർഡ് പറയുന്നു. ദീർഘകാലത്തേക്ക് ബണ്ട് അടച്ചിടുന്നതിനു പകരം പെരിയാറിൽ കുറഞ്ഞ നിലയ്ക്കെങ്കിലും വെള്ളമൊഴുക്ക് നിലനിർത്തണമെന്ന് ജലസേചന വകുപ്പിനു നിർദേശം നൽകിയെങ്കിലും അതിൽ നടപടിയെടുത്തില്ല. 2017ലെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദേശപ്രകാരമാണ് ജലസേചന വകുപ്പിനു നിർദേശം നൽകിയത്. ജനുവരിയിലും ജലസേചന വകുപ്പിനു നിർദേശം നൽകിയിരുന്നു. എന്നാൽ വകുപ്പ് നടപടിയെടുത്തില്ല. വേനൽക്കാലത്ത് ദീർഘകാലത്തേക്ക് ബണ്ട് അടച്ചിടുമ്പോൾ ജൈവമാലിന്യങ്ങൾ അടിത്തട്ടിൽ അടിഞ്ഞുകൂടുകയാണ്. ബണ്ട് തുറക്കുന്നതിനെപ്പറ്റി അറിയിപ്പ് നൽകിയിട്ടില്ലെന്നും ബോർഡ് പറയുന്നു.
2023ലും വേനൽക്കാലത്തിനു ശേഷം പാതാളം ബണ്ട് തുറന്നപ്പോൾ മത്സ്യങ്ങൾ ചത്തുപൊങ്ങിയിരുന്നു എന്ന് മുൻകാല റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി ബോർഡ് പറയുന്നു. ചത്ത മീനുകളുടെ സാംപിളുകൾ പരിശോധിച്ച കുഫോസിന്റെ റിപ്പോർട്ട് അനുസരിച്ച് വെള്ളത്തിലെ ഓക്സിജന്റെ അളവ് പൊടുന്നനെ കുറഞ്ഞതായിരിക്കാം കാരണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതല്ലെങ്കിൽ അമോണിയയുടെ അളവ് വർധിച്ചതാവാം. ജൈവമാലിന്യങ്ങൾ നിറഞ്ഞതിനെ തുടർന്ന് ഓക്സിജൻ അളവ് തീരെക്കുറഞ്ഞ വെള്ളം വലിയ അളവിൽ മുകളിൽ നിന്ന് താഴേക്ക് ഒഴുകി എത്തിയതു മൂലം ഉണ്ടായ പ്രതിഭാസവുമാകാം മത്സ്യങ്ങൾ ചത്തുപൊങ്ങാൻ ഇടയാക്കിയത് എന്നാണ് കുഫോസ് റിപ്പോർട്ട് പറയുന്നതെന്നും ബോർഡ് ചൂണ്ടിക്കാട്ടുന്നു.
ഓക്സിജന്റെ കുറവ് ഉറപ്പിച്ച് പിസിബി, രാസമാലിന്യമെന്ന് കുഫോസ്
വെള്ളത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതാണ് മത്സ്യക്കുരുതിക്ക് കാരണമായതെന്നും പാതാളം ബണ്ട് മുന്നറിയിപ്പില്ലാതെ തുറക്കുകയും ഓരുവെള്ളം കയറിയതു വഴി ഓക്സിജൻ അളവ് ക്രമാതീതമായി കുറഞ്ഞതാണ് ഇതിനു കാരണമായതെന്നുമുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണ്ടെത്തൽ ഏറെ വിമർശനത്തിന് വിധേയമായിരുന്നു. അതേ സമയത്ത് തന്നെ പുറത്തു വന്ന കുഫോസ് റിപ്പോർട്ട് ആവട്ടെ, രാസമാലിന്യങ്ങളുടെ സാന്നിധ്യം വെള്ളത്തിൽ കണ്ടെത്തുകയും ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ചത്ത മത്സ്യങ്ങളുടെ പരിശോധനയിൽ നിന്നേ അറിയാൻ സാധിക്കൂ എന്ന നിലപാടാണ് കുഫോസ് സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് നിലപാട് ആവർത്തിച്ചുകൊണ്ട് ബോർഡ് വീണ്ടും രംഗത്തെത്തിയത്. ഇരു റിപ്പോർട്ടുകളും പരിഗണിച്ച സബ് കലക്ടർ ഇക്കാര്യത്തിൽ വിശദമായ പഠനം വേണമെന്നും സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.
പെരിയാറിന്റെ തീരത്തു പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളിൽനിന്ന് മാലിന്യം ഒഴുക്കിവിടുന്നതു സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന് വ്യാപകമായ ആരോപണം ഉയര്‍ന്നിരുന്നു. എന്നാൽ മാലിന്യം ഒഴുക്കി വിടുന്നത് തടയാൻ സമഗ്രമായ സംവിധാനമാണ് തങ്ങൾ ഒരുക്കിയിരിക്കുന്നത് എന്ന് ബോർഡ് പറയുന്നു. വ്യവസ്ഥകൾ പാലിച്ചാണ് ഇവ പ്രവർത്തിക്കുന്നതെന്ന് തങ്ങൾ ഉറപ്പാക്കുന്നുണ്ടെന്നും ഈ വ്യവസായ സ്ഥാപനങ്ങളെ നിരീക്ഷിക്കാൻ സാധ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ബോർഡ് വ്യക്തമാക്കി.