വെള്ളത്തിൽ ‘ഇ കോളി’; ഉറവിടം കണ്ടെത്താനാകാതെ അധികൃതർ; വേങ്ങൂരിനു പിന്നാലെ കാക്കനാട്ടും കുടിവെള്ളം വില്ലൻ?
കൊച്ചി ∙ എറണാകുളം ജില്ലയിൽ പെരുമ്പാവൂരിനടുത്തുള്ള വേങ്ങൂരിൽ മഞ്ഞപ്പിത്തം പടർന്നു പിടിച്ചതിനും കൊച്ചി കാക്കനാട്ടെ ഫ്ലാറ്റ് സമുച്ചയത്തിൽ നൂറുകണക്കിനു പേർക്ക് ഛർദിയും വയറിളക്കവും പിടിപെട്ടതിനും പൊതുവായി ഒരു കാരണമുണ്ട്– കുടിവെള്ളത്തിൽ കലർന്ന മാലിന്യം. അതേസമയം, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം രണ്ടു
കൊച്ചി ∙ എറണാകുളം ജില്ലയിൽ പെരുമ്പാവൂരിനടുത്തുള്ള വേങ്ങൂരിൽ മഞ്ഞപ്പിത്തം പടർന്നു പിടിച്ചതിനും കൊച്ചി കാക്കനാട്ടെ ഫ്ലാറ്റ് സമുച്ചയത്തിൽ നൂറുകണക്കിനു പേർക്ക് ഛർദിയും വയറിളക്കവും പിടിപെട്ടതിനും പൊതുവായി ഒരു കാരണമുണ്ട്– കുടിവെള്ളത്തിൽ കലർന്ന മാലിന്യം. അതേസമയം, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം രണ്ടു
കൊച്ചി ∙ എറണാകുളം ജില്ലയിൽ പെരുമ്പാവൂരിനടുത്തുള്ള വേങ്ങൂരിൽ മഞ്ഞപ്പിത്തം പടർന്നു പിടിച്ചതിനും കൊച്ചി കാക്കനാട്ടെ ഫ്ലാറ്റ് സമുച്ചയത്തിൽ നൂറുകണക്കിനു പേർക്ക് ഛർദിയും വയറിളക്കവും പിടിപെട്ടതിനും പൊതുവായി ഒരു കാരണമുണ്ട്– കുടിവെള്ളത്തിൽ കലർന്ന മാലിന്യം. അതേസമയം, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം രണ്ടു
കൊച്ചി ∙ എറണാകുളം ജില്ലയിൽ പെരുമ്പാവൂരിനടുത്തുള്ള വേങ്ങൂരിൽ മഞ്ഞപ്പിത്തം പടർന്നു പിടിച്ചതിനും കൊച്ചി കാക്കനാട്ടെ ഫ്ലാറ്റ് സമുച്ചയത്തിൽ നൂറുകണക്കിനു പേർക്ക് ഛർദിയും വയറിളക്കവും പിടിപെട്ടതിനും പൊതുവായി ഒരു കാരണമുണ്ട്– കുടിവെള്ളത്തിൽ കലർന്ന മാലിന്യം. അതേസമയം, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം രണ്ടു സംഭവങ്ങളിലും ഉണ്ടായിട്ടുമില്ല. വേങ്ങൂരിൽ മൂന്നു പേരുടെ മരണത്തിനു വരെ കാരണമായ മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ചിട്ട് രണ്ടു മാസം കഴിഞ്ഞു. ഏപ്രില്‍ 17 നാണ് രോഗബാധ ആദ്യം സ്ഥിരീകരിച്ചത്. ഏറെപ്പേർ ഇപ്പോഴും ചികിത്സയിലുണ്ട്.
ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചും മറ്റും ചികിത്സ നടത്തിയവരടക്കം വലിയ കടക്കെണിയിലാണ്. എന്നിട്ടും സർക്കാർ സഹായം ഇവിടേക്ക് എത്തിയിട്ടില്ല. അതേസമയം, കാക്കനാട്ടെ ഫ്ലാറ്റ് സമുച്ചയത്തിൽ ആവട്ടെ, 350 ലേറെ പേർ ഇപ്പോൾ അസുഖബാധിതരാണ്. കടുത്ത ഛർദിയും വയറിളക്കവുമാണ് മിക്കവരുടേയും രോഗലക്ഷണം. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ഫ്ലാറ്റ് ഉടമകളുടെ അസോസിയേഷൻ അവകാശപ്പെടുന്നുണ്ടെങ്കിലും അങ്ങനെയല്ല കാര്യങ്ങളെന്നാണ് അന്തേവാസികൾ പറയുന്നത്.
മേയ് പകുതിക്ക് ശേഷം തന്നെ ഫ്ലാറ്റ് സമുച്ചയത്തിൽ താമസിക്കുന്നവരിൽ രോഗലക്ഷണങ്ങള്‍ കണ്ടിരുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ഇതിനെ തുടർന്ന് മേയ് 22ന് അസോസിയേഷൻ ഇടപെട്ട് വെള്ളം പരിശോധിച്ചിരുന്നു. ഈ റിപ്പോർട്ട് മേയ് 29 ന് ലഭിച്ചപ്പോൾ ഫലം ഞെട്ടിക്കുന്നതായിരുന്നു. വെള്ളത്തിൽ വൻ തോതിൽ ഇ കോളി ബാക്ടീരിയയെ കണ്ടെത്തി എന്നായിരുന്നു അത്. മഴവെള്ള സംഭരണി, കുഴൽക്കിണർ, വാട്ടർ അതോറിറ്റിയുടെ വെള്ളം എന്നിങ്ങനെ മൂന്ന് വിധത്തിലാണ് ഇവിടുത്തെ ജലസംഭരണയിൽ വെള്ളമെത്തുന്നത്. ഇതിൽ വാട്ടർ അതോറിറ്റിയുടേത് ഒരു ബ്ലോക്കിൽ മാത്രം നൽകുന്ന വിധത്തിൽ വളരെ കുറച്ചു മാത്രമേയുള്ളൂ.
ഈ ഭാഗത്തെ വെള്ളത്തിന് കട്ടി കൂടുതലാണ് എന്ന പരാതി ഉയർന്നതോടെ ഇത് പരിഹരിക്കാനാണ് ടാങ്കർ ലോറിയിൽ പുറത്തുനിന്നെത്തിക്കുന്ന വെള്ളവും കൂടി ചേർക്കാൻ തീരുമാനിച്ചത്. ഇങ്ങനെ ലഭിക്കുന്ന വെള്ളം ഒരു പ്രധാന ടാങ്കിൽ എത്തിക്കുകയും അവിടെനിന്ന് ശുചീകരിച്ച് ഫ്ലാറ്റുകളിലേക്ക് നൽകുകയുമാണ് ചെയ്യുന്നത്.
29ന് പുറത്തു വന്ന റിപ്പോർട്ടിൽ ഇ കോളി ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയെങ്കിലും ഈ സാംപിൾ എവിടെ നിന്ന് എടുത്തതാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഈ മാസമാദ്യം കൂടുതൽ ആളുകൾക്ക് രോഗം ബാധിച്ചതോടെയാണ് ഇക്കാര്യങ്ങൾ ഫ്ലാറ്റ് സമുച്ചയത്തിൽ ചർച്ചയാകുന്നത്. 15 ടവറുകളിലായി 1268 ഫ്ലാറ്റുകളിൽ 6000 ത്തോളം പേർ ഇവിടെ താമസിക്കുന്നുണ്ട്. ഓരോ ടവറിലേയും വാട്സാപ് ഗ്രൂപ്പുകളിലും മറ്റും ഇക്കാര്യം ചർച്ചയാവുകയും പിന്നീട് ഈ ചർച്ച ഫ്ലാറ്റ് സമുച്ചയത്തിലാകെ വ്യാപിക്കുകയും ചെയ്തതോടെയാണ് രോഗവിവരം പുറത്തു വരുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് താൻ ഇക്കാര്യം അറിഞ്ഞതെന്ന് തൃക്കാക്കര നഗരസഭയിൽ ഫ്ലാറ്റ് നിൽക്കുന്ന ഡിവിഷനിലെ കൗൺസിലർ സി.സി.ബിജു വ്യക്തമാക്കിയിരുന്നു. തുടർന്ന് ബന്ധപ്പെട്ടവരെ വിവരമറിയിച്ചിരുന്നു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫ്ലാറ്റ് സമുച്ചയത്തിൽ എത്തിയിരുന്നു എന്നും അദ്ദേഹത്തെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇത്രയായിട്ടും അസോസിയേഷൻ ഭാരവാഹികളോ രോഗികളെ ചികിത്സിച്ച സ്വകാര്യ ആശുപത്രികളോ ഇക്കാര്യം സർക്കാരിനെ അറിയിച്ചില്ല. അതു ഗൗരവമായാണ് കാണുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിട്ടുണ്ട്. പിന്നാലെ ചൊവ്വാഴ്ച അസോസിയേഷനിലെ ഒരു മുൻ ഭാരവാഹി മന്ത്രിയെ വിളിച്ച് അറിയിച്ചതോടെയാണ് ഇവിടെ സർക്കാർ ഇടപെടൽ ഉണ്ടാകുന്നത്.
ഏതു മാര്‍ഗത്തില്‍ കൂടിയാണ് വെള്ളത്തിൽ അണുക്കളുടെ സാന്നിധ്യം ഉണ്ടായത് എന്നറിയാൻ ആരോഗ്യവകുപ്പ് വെള്ളത്തിന്റെ സാംപിൾ ശേഖരിച്ചിടുണ്ട്. വെള്ളത്തിൽ കൂടിയാണോ രോഗം പടർന്നത് എന്നതും പരിശോധിക്കും. വേങ്ങൂരിൽ കുടിവെള്ളത്തിൽ കൂടിയാണ് ഹെപ്പറൈറ്റിസ് എ വൈറസുകൾ മനുഷ്യരിലെത്തിയത് എന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. വെള്ളം ശുദ്ധീകരിക്കാതെ നൽകിയതാണ് കാരണം എന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. അതേ സമയം, വാട്ടർ അതോറിറ്റി ഇത് നിഷേധിക്കുകയും ചെയ്യുന്നു. ചിറയിൽനിന്നും കനാലില്‍നിന്നുമുള്ള വെള്ളം പൊതു കിണറ്റിലേക്ക് മാറ്റി അവിടെ ശുചീകരിച്ച് വീടുകളിലേക്ക് അയയ്ക്കുകയാണ് ഇവിടെ ചെയ്തിരുന്നത്.
വേങ്ങൂരിൽ 250 ഓളം ആളുകൾക്ക് മഞ്ഞപ്പിത്തം ബാധിക്കാനിടയായതിനെ കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കലക്ടർ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മേയ് ഒടുവിൽ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നായിരുന്നു നിർദേശം. എന്നാൽ വേങ്ങൂരിലെ മഞ്ഞപ്പിത്തത്തിന് കാരണമായത് എന്താണ് എന്ന ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. കാക്കനാട് ഫ്ലാറ്റ് സമുച്ചയത്തില്‍ ആളുകൾ രോഗബാധിതരായതിന്റെ കാരണമാണ് ഇനി വെളിപ്പെടാനുള്ളത്.