‘രാഹുൽ ഗാന്ധി വന്നാലും ഈ റൂമിൽ കയറാനാകില്ല’: തിരഞ്ഞെടുപ്പിലെ മിന്നും പ്രകടനം തുടരാൻ കോൺഗ്രസ് വാർ റൂം
കോട്ടയം∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ മിന്നുംപ്രകടനത്തിനു പിന്നാലെ സുനിൽ കനഗോലു ടീമിനെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള കോൺഗ്രസ് വാർ റൂം ആഴ്ചകൾക്കകം സംസ്ഥാനത്തു വീണ്ടും പ്രവർത്തനം സജീവമാക്കും. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ലക്ഷ്യംവച്ചാണ് വാർ റൂം കെപിസിസി ഓഫിസിലെ രണ്ടാമത്തെ നിലയിൽ പ്രവർത്തനം പുനരാരംഭിക്കുക.
കോട്ടയം∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ മിന്നുംപ്രകടനത്തിനു പിന്നാലെ സുനിൽ കനഗോലു ടീമിനെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള കോൺഗ്രസ് വാർ റൂം ആഴ്ചകൾക്കകം സംസ്ഥാനത്തു വീണ്ടും പ്രവർത്തനം സജീവമാക്കും. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ലക്ഷ്യംവച്ചാണ് വാർ റൂം കെപിസിസി ഓഫിസിലെ രണ്ടാമത്തെ നിലയിൽ പ്രവർത്തനം പുനരാരംഭിക്കുക.
കോട്ടയം∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ മിന്നുംപ്രകടനത്തിനു പിന്നാലെ സുനിൽ കനഗോലു ടീമിനെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള കോൺഗ്രസ് വാർ റൂം ആഴ്ചകൾക്കകം സംസ്ഥാനത്തു വീണ്ടും പ്രവർത്തനം സജീവമാക്കും. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ലക്ഷ്യംവച്ചാണ് വാർ റൂം കെപിസിസി ഓഫിസിലെ രണ്ടാമത്തെ നിലയിൽ പ്രവർത്തനം പുനരാരംഭിക്കുക.
കോട്ടയം∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ മിന്നുംപ്രകടനത്തിനു പിന്നാലെ സുനിൽ കനഗോലു ടീമിനെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള കോൺഗ്രസ് വാർ റൂം ആഴ്ചകൾക്കകം സംസ്ഥാനത്തു വീണ്ടും പ്രവർത്തനം സജീവമാക്കും. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ലക്ഷ്യംവച്ചാണ് വാർ റൂം കെപിസിസി ഓഫിസിലെ രണ്ടാമത്തെ നിലയിൽ പ്രവർത്തനം പുനരാരംഭിക്കുക. രാജ്യത്താകമാനം ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കാഴ്ചവച്ച മുന്നേറ്റത്തിനു പിന്നിലെ ചാലകശക്തി വാർ റൂം ആണെന്നാണു ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. പാർട്ടിക്ക് മൂന്നക്കം കടക്കാൻ സാധിച്ചതിലും മത്സരിച്ച സീറ്റുകളിൽ ഭൂരിപക്ഷത്തിലും മുന്നേറ്റം നടത്താൻ സാധിച്ചതിലും വാർ റൂമിനു പങ്കുണ്ടെന്നാണു വിലയിരുത്തൽ. കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ വിജയിച്ചു പരീക്ഷിച്ച സംവിധാനം ഈ ലോക്സഭാ തിരഞ്ഞെടുപ്പോടെയാണു രാജ്യത്താകമാനം വ്യാപിപ്പിച്ചത്.
സംസ്ഥാന ഘടകങ്ങളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു കോൺഗ്രസ് പരമ്പരാഗതമായി തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിച്ചിരുന്നത്. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ സംസ്ഥാന പിസിസികളുടെ റിപ്പോർട്ടുകൾക്കൊപ്പം സമാന്തരമായി വാർ റൂമിൽനിന്നും റിപ്പോർട്ട് വാങ്ങുമായിരുന്നു. അപാകതകൾ പലതും പരിഹരിക്കാൻ ദേശീയ നേതൃത്വത്തിന് ഇതു സഹായകരമായി. വാർ റൂം സ്ഥിരം സംവിധാനമാക്കാനും എഐസിസി ഗൗരവമായി ആലോചിക്കുന്നുണ്ട്.
∙ പ്രവർത്തകർക്കും വരും ഫോൺ കോൾ
ഓരോ ബൂത്തിലും കോൺഗ്രസിന് എത്ര പ്രവർത്തകരുണ്ടെന്നു കണക്കെടുക്കുകയാണു സംസ്ഥാനത്ത് വാർ റൂമിന്റെ അടുത്ത ലക്ഷ്യമെന്ന് ഒരു മുതിർന്ന നേതാവ് പറഞ്ഞു. പ്രവർത്തകരുടെ നമ്പർ ശേഖരിക്കും. അവരെ വിളിച്ചു പ്രവർത്തനങ്ങൾ അന്വേഷിച്ചു വിലയിരുത്തും. കീഴ്ഘടകങ്ങളിലെ മുഴുവൻ പ്രവർത്തനങ്ങളും വാർ റൂമിൽ അറിയാനുള്ള സംവിധാനമാണു ലക്ഷ്യം. തദ്ദേശ തിരഞ്ഞെടുപ്പിനു ഇതു സഹായകരമാകും എന്നാണു വിലയിരുത്തൽ.
∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ കൈത്താങ്ങ്
എല്ലാ സംസ്ഥാനങ്ങളിലും മികച്ച സ്ഥാനാർഥികളെ അണിനിരത്താൻ സുനിൽ കനഗോലുവിന്റെ റിപ്പോർട്ട് പാർട്ടിക്കു സഹായകരമായിരുന്നു. സംസ്ഥാനത്ത് 16 സീറ്റുകളിൽ കോൺഗ്രസ് ഉറപ്പായും വിജയിക്കുമെന്നും തൃശൂരിലും ആലത്തൂരിലും തോൽക്കുമെന്നും വാർ റൂം നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ തൃശൂരിലെ മൂന്നാം സ്ഥാനം പ്രവചിച്ചിരുന്നില്ല. തിരുവനന്തപുരത്തും ആറ്റിങ്ങലിലും കടുത്ത മത്സരം നേരിടുമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ ലോക്സഭാ മണ്ഡലങ്ങളിലെ സംഘടനാ പിഴവുകൾ സ്ഥാനാർഥികളുടെയും നേതൃത്വത്തിന്റെയും ശ്രദ്ധയിൽപ്പെടുത്തിയതു വാർ റൂമായിരുന്നു. പ്രചാരണം കഴിഞ്ഞെത്തുന്ന സ്ഥാനാർഥികളുമായി മൂന്ന് ദിവസത്തിലൊരിക്കൽ രാത്രി വൈകി സൂം മീറ്റിങ്ങുകളും നടത്തിയിരുന്നു. തിരഞ്ഞെടുപ്പിനുശേഷം ചേർന്ന കെപിസിസി യോഗം വാർ റൂമിനു നേതൃത്വം നൽകിയ നേതാക്കളെ പ്രത്യേകം അഭിനന്ദിച്ചിരുന്നു.
∙ സ്ഥാനാർഥികളുടെ വിശ്വസ്തർ
നാലു ലോക്സഭാ മണ്ഡലങ്ങൾ ചേർന്നൊരു സോൺ എന്ന നിലയ്ക്കായിരുന്നു വാർ റൂമിന്റെ ചട്ടക്കൂട്. ഇങ്ങനെ 5 സോണുകളാണ് ഉണ്ടായിരുന്നത്. 5 സോണൽ തലവന്മാർ ഇതിനായി ഉണ്ടായിരുന്നു. തിരുവനന്തപുരത്തെ വാർ റൂമിനു എം.ലിജു, മണക്കാട് സുരേഷ്, ജയ്സൺ ജോസഫ് എന്നിവരാണ് ചുക്കാൻ പിടിച്ചത്. ഇവിടെ 20 എക്സിക്യൂട്ടീവുകളും ഡേറ്റാ അനലിസ്റ്റുകളുമുണ്ടായിരുന്നു. ലോക്സഭാ മണ്ഡലങ്ങളിലെ നിയോജക മണ്ഡലങ്ങളിൽ അവിടങ്ങളിലെ മുതിർന്ന നേതാക്കളെയാണു കോഓർഡിനേറ്റർമാരാക്കിയിരുന്നത്. ജില്ലകളിലും രണ്ട് കോഓർഡിനേറ്റർമാർ വീതം ഉണ്ടായിരുന്നു. സ്ഥാനാർഥികൾ പറയുന്ന അവരുടെ ഏറ്റവും വിശ്വസ്തരായ നേതാക്കളെയാണു കോർഡിനേറ്റർമാർ ആക്കിയിരുന്നത്. വിവരങ്ങൾ ചോർന്നുപോവരുത് എന്നതായിരുന്നു ഇതിനുപിന്നിലെ കാരണം.
∙ ‘രാഹുൽ ഗാന്ധി വന്നാലും കയറാൻ പറ്റില്ല’
ബയോമെട്രിക് സംവിധാനത്തിൽ കൈവിരൽ പഞ്ച് ചെയ്തു മാത്രമേ വാർ റൂമിനുള്ളിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. വാർ റൂമിനു നേതൃത്വം നൽകുന്ന മുതിർന്ന നേതാക്കൾക്കു മാത്രമായിരുന്നു പ്രവേശനം. രാഹുൽ ഗാന്ധി വന്നാൽപ്പോലും അകത്തു കയറാൻ സാധിക്കില്ലായിരുന്നുവെന്നാണ് ഒരു മുതിർന്ന നേതാവ് തമാശയായി പറഞ്ഞത്. 20 ടെലികോളേഴ്സ് ഇവിടെ ഉണ്ടായിരുന്നു. താൽക്കാലിക ജീവനക്കാരായ ഇവർക്ക് കെപിസിസി 20 ലാപ്ടോപ്പുകളും 20 മൈബൈൽ ഫോണുകളും രാവിലെ 9 മണിക്കു വിവരശേഖരണത്തിനു നൽകും. വൈകുന്നേരം വാർ റൂം വിടുമ്പോൾ ഇതു തിരികെ ഏൽപ്പിച്ചശേഷമേ പുറത്തിറങ്ങാൻ സാധിക്കുകയുള്ളൂ.