അവയവക്കടത്ത് ഗുരുതര കുറ്റം; പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി
Mail This Article
കൊച്ചി ∙ അവയവക്കടത്ത് ഗുരുതര കുറ്റകൃത്യമാണെന്നു ചൂണ്ടിക്കാട്ടി, ഇറാനിലേക്കുള്ള അവയവക്കടത്ത് കേസിലെ പ്രതികളിലൊരാളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. കേസിലെ മൂന്നാം പ്രതി എടത്തല സ്വദേശി സജിത് ശ്യാം എന്ന അജിത് ശ്യാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതാണ് ജസ്റ്റിസ് സി.എസ്.ഡയസ് മാറ്റിവച്ചത്. കേസിൽ സജിത് ശ്യാമിന് നേരിട്ട് ബന്ധമുണ്ടെന്നാണു നിഗമനമെന്നും വൃക്ക കടത്തുമായി ബന്ധപ്പെട്ട ധനകാര്യ ഇടപാടുകൾ കേസിലെ ഒന്നാം പ്രതി മധു ജയകുമാറുമായി പ്രതി നടത്തിയിട്ടുണ്ടെന്നും നെടുമ്പാശ്ശേരി പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ദൗര്‍ഭാഗ്യം കൊണ്ടാണ് കേസിൽ പ്രതി ചേർക്കപ്പെട്ടതെന്നും ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ വാസ്തവ വിരുദ്ധമാണെന്നും സജിത് ശ്യാം ജാമ്യാപേക്ഷയിൽ അഭിപ്രായപ്പെട്ടു. ജാമ്യാപേക്ഷയെ എതിർത്തു പ്രോസിക്യൂഷൻ അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. ഒന്നാം പ്രതി മധുവും സജിത് ശ്യാമുമായി പണമിടപാടുകൾ നടന്നിട്ടുണ്ട് എന്നും നിരന്തര ബന്ധമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മധുവിന്റെ സ്ഥാപനം ‘സ്റ്റെമ്മ ക്ലബി’നെക്കുറിച്ച് സജിത് ശ്യാമിന് അറിയാം. ഇത് മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ അവയവക്കടത്ത് നടത്തുന്നതിന് രൂപം കൊടുത്തതാണ്.
ഇക്കാര്യത്തില്‍ സജിത് ശ്യാമിന് നിർണായക പങ്കുണ്ടെന്നാണ് നിഗമനം. കേസിലെ രണ്ടാം പ്രതിയായ സാബിത് നാസറിൽനിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സജിത് ശ്യാമിനെ അറസ്റ്റ് ചെയ്തത് എന്നും പൊലീസ് വ്യക്തമാക്കി. രാജ്യാന്തര മാനങ്ങളുള്ള കേസ് ഇപ്പോഴും അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിലാണെന്നും ജാമ്യം അനുവദിച്ചാൽ അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു.