സിപിഎം കോട്ട കുലുക്കാൻ ബിജെപി; പതിനെട്ടടവും പയറ്റും, പാർട്ടി ഗ്രാമങ്ങളിലേക്ക് ഇടിച്ചുകയറും
കോട്ടയം ∙ വടക്കൻ കേരളത്തിലെ സിപിഎമ്മിന്റെ പാർട്ടി ഗ്രാമങ്ങളിലേക്കിറങ്ങി പ്രവർത്തിക്കാനുള്ള കർമപദ്ധതിയുമായി ബിജെപി. തദ്ദേശ– നിയമസഭാ തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് കണ്ണൂർ, കാസർകോട് ജില്ലകൾ കേന്ദ്രീകരിച്ച്
കോട്ടയം ∙ വടക്കൻ കേരളത്തിലെ സിപിഎമ്മിന്റെ പാർട്ടി ഗ്രാമങ്ങളിലേക്കിറങ്ങി പ്രവർത്തിക്കാനുള്ള കർമപദ്ധതിയുമായി ബിജെപി. തദ്ദേശ– നിയമസഭാ തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് കണ്ണൂർ, കാസർകോട് ജില്ലകൾ കേന്ദ്രീകരിച്ച്
കോട്ടയം ∙ വടക്കൻ കേരളത്തിലെ സിപിഎമ്മിന്റെ പാർട്ടി ഗ്രാമങ്ങളിലേക്കിറങ്ങി പ്രവർത്തിക്കാനുള്ള കർമപദ്ധതിയുമായി ബിജെപി. തദ്ദേശ– നിയമസഭാ തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് കണ്ണൂർ, കാസർകോട് ജില്ലകൾ കേന്ദ്രീകരിച്ച്
കോട്ടയം ∙ വടക്കൻ കേരളത്തിലെ സിപിഎമ്മിന്റെ പാർട്ടി ഗ്രാമങ്ങളിലേക്കിറങ്ങി പ്രവർത്തിക്കാനുള്ള കർമപദ്ധതിയുമായി ബിജെപി. തദ്ദേശ– നിയമസഭാ തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് കണ്ണൂർ, കാസർകോട് ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്താനാണ് നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിൽനിന്നു ബിജെപിക്ക് കിട്ടിയ വോട്ടുകൾ നിലനിർത്താനും സിപിഎമ്മിലെ ആഭ്യന്തരപ്രശ്നങ്ങൾ മുതലാക്കാനുമാണ് ശ്രമം. സിപിഎമ്മിലെ ക്രിമിനൽ ബന്ധമുള്ള സംഘവും ആശയപരമായി നിലകൊള്ളുന്ന സംഘവും രണ്ടു തട്ടിലായതിനാൽ പാർട്ടി ഗ്രാമങ്ങളിൽ രാഷ്ട്രീയം പറയാൻ ഇടമുണ്ടെന്ന് ഒരു മുതിർന്ന ബിജെപി നേതാവ് മനോരമ ഓൺലൈനോടു പറഞ്ഞു.
പാർട്ടി ഗ്രാമങ്ങളിലും പാർട്ടി കുടുംബങ്ങളിലും പോലും സിപിഎമ്മിന്റെ രീതികളോട് എതിർപ്പുള്ളവരുണ്ടെന്നും ഇവരുടെ വോട്ടുകളാണ് രഹസ്യമായി ഇത്തവണ ലഭിച്ചതെന്നുമാണ് ബിജെപി വിലയിരുത്തൽ. ബോംബ് രാഷ്ട്രീയവും സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങളുമായി സിപിഎം നേതാക്കളെ ചേർത്തുള്ള വിവാദങ്ങളും വാർത്തയാകുന്നതിന്റെ പശ്ചാത്തലത്തിൽ സമയം പാഴാക്കാതെ അസംതൃപ്തരെ കൂടെക്കൂട്ടാനാണ് ബിജെപി നീക്കം.
ഒരു ലക്ഷത്തിലധികം വോട്ടാണ് ഇത്തവണ കണ്ണൂരിൽനിന്നു ബിജെപി നേടിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉദുമ, തൃക്കരിപ്പൂർ, പയ്യന്നൂർ, ധർമടം, തളിപ്പറമ്പ് അടക്കമുള്ള സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലെ പല ബൂത്തുകളിലും ബിജെപിക്ക് കൂടിയത് നാലിരട്ടിയിലേറെ വോട്ട്. കാര്യമായ പ്രവർത്തനം ഇല്ലാതിരുന്നിട്ടും സിപിഎം വോട്ടുകൾ ലഭിച്ചത് വലിയ മാറ്റമായി ബിജെപി കാണുന്നു. മുഖ്യമന്ത്രിയുടെ ബൂത്തിൽ പോലും ബിജെപിക്കു കിട്ടിയ വോട്ടുകൾ രണ്ടക്കത്തിൽനിന്നു മൂന്നക്കമായി ഉയർന്നു.
പുതിയ കർമപദ്ധതിയിൽ കണ്ണൂർ, കാസർകോട് ജില്ലകളുടെ ഏകോപന ചുമതല മുൻ സംസ്ഥാന അധ്യക്ഷൻ പി.കെ.കൃഷ്ണദാസിനായിരിക്കും. തലശേരി കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തിക്കുക. അതിനിടെ, നിയമസഭാ തിരഞ്ഞെടുപ്പിൽ കൃഷ്ണദാസ് തലശേരിയിൽ മത്സരിച്ചേക്കുമെന്നും അനൗദ്യോഗിക വാർത്തകളുണ്ട്. കഴിഞ്ഞ തവണ ജില്ലാ പ്രസിഡന്റ് ഹരിദാസിന്റെ പത്രിക തള്ളിയതിനാൽ വിവാദത്തിലായ തലശേരി മണ്ഡലത്തിൽ പി.കെ.കൃഷ്ണദാസ് മത്സരിച്ചാൽ വലിയ മുന്നേറ്റമുണ്ടാക്കാമെന്നാണ് കണക്കുക്കൂട്ടൽ. എന്നാൽ അദ്ദേഹം സ്ഥിരം മത്സരിക്കുന്ന തിരുവനന്തപുരത്തെ കാട്ടാക്കട മണ്ഡലത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഒന്നാമതെത്തിയിരുന്നു.
ബിജെപി പദ്ധതി ഇങ്ങനെ:
∙ പാർട്ടി ഗ്രാമങ്ങളിൽ ബൂത്തുതല പ്രവർത്തനം സജീവമാക്കണം.
∙ ബൂത്ത് കമ്മിറ്റികൾ ഇല്ലാത്തിടത്ത് എത്രയും വേഗം കമ്മിറ്റികൾ ആരംഭിക്കണം.
∙ പാർട്ടി ഗ്രാമങ്ങളിലെ ജനകീയ വിഷയങ്ങൾ ഏറ്റെടുക്കണം.
∙ സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്നങ്ങൾ പരമാവധി മുതലാക്കണം.
∙ സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തെ ചെറുത്തു തോൽപിക്കണം.
∙ സിപിഎം വോട്ടുകൾ കോൺഗ്രസിലേക്കു പോകരുത്.
∙ വലിയ നേതാക്കളെ നോട്ടമിടേണ്ട, പ്രാദേശിക നേതാക്കളെയും പ്രവർത്തകരെയും ആകർഷിക്കണം.
∙ രണ്ടു വർഷത്തിനകം വടക്കൻ കേരളം കേന്ദ്രീകരിച്ച് പരമാവധി സംസ്ഥാനതല പരിപാടികൾ സംഘടിപ്പിക്കണം
∙ പാർട്ടി പോഷക സംഘടനകളുടെ പ്രവർത്തനങ്ങളും വടക്കൻ കേരളത്തിൽ സജീവമാക്കണം
പാർട്ടി ഗ്രാമങ്ങളിൽ സജീവമാകാൻ
ബിജെപി വലിയ തോതിൽ വോട്ട് വർധിപ്പിച്ച കരിവെള്ളൂരിലെ ഒരു ബൂത്തിലെ വീട്ടിൽ ഇക്കാര്യം അവലോകനം ചെയ്യുന്നതിനായി ബിജെപി പ്രാദേശിക ഘടകം ജൂൺ 19ന് രാത്രി യോഗം ചേർന്നു. സിപിഎം പ്രവർത്തകർ സംഘടിച്ചെത്തി ഭീഷണിപ്പെടുത്തിയെന്നും ആക്രമിച്ചെന്നുമാണ് ബിജെപി നേതാക്കൾ പറയുന്നത്. യോഗത്തിനെത്തിയവരുടെ ഇരുചക്ര വാഹനങ്ങളുടെ കാറ്റ് അഴിച്ചുവിട്ടു. ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചപ്പോഴാണ് പൊലീസ് തന്നെ സംഭവസ്ഥലത്തെത്തിയത്.
പൊലീസ് നോക്കിനിൽക്കെ സിപിഎമ്മുകാർ തങ്ങളുടെ പ്രവർത്തകന്റെ തലയ്ക്കടിച്ചുവെന്നും ബിജെപിക്കാർ പറയുന്നു. പിറ്റേദിവസം ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ.പത്മനാഭൻ ആ വീട്ടിലെത്തി. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ അവലോകന യോഗം ചേർന്നു.
അസംതൃപ്തർ ഒരുപാട്
സംസ്ഥാന ഭരണത്തോടും സിപിഎം നയങ്ങളോടും അസംതൃപ്തിയുള്ള വലിയൊരു വിഭാഗം പ്രവർത്തകർ പാർട്ടി ഗ്രാമങ്ങളിലുണ്ടെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും കണ്ണൂർ സ്വദേശിയുമായ സി.കെ.പത്മനാഭൻ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കിട്ടിയ സിപിഎം വോട്ടുകൾ വർധിപ്പിക്കുകയാണ് ലക്ഷ്യം. സിപിഎമ്മിന്റെ തെറ്റുതിരുത്തൽ വർത്തമാനത്തിൽ മാത്രമേയുള്ളൂവെന്നും പ്രവൃത്തിയിൽ ഇല്ലെന്നും പാർട്ടിക്കാർക്കു മനസ്സിലായിട്ടുണ്ടെന്നും പത്മനാഭൻ പറഞ്ഞു.
വരും പ്രത്യേകഘടകം
കണ്ണൂരിലും കാസർകോട്ടും സിപിഎമ്മിലെ അസംതൃപ്തരെയും പാർട്ടി വിട്ടവരെയും ചേർത്ത് പ്രത്യേക ഘടകം ബിജെപി വൈകാതെ ആരംഭിക്കും. മുഖ്യധാരയിൽ ഇവർ സജീവമായിരിക്കില്ല. ഇത്തരത്തിലുള്ള പ്രവർത്തനമാണ് ആലപ്പുഴയിൽ ശോഭാ സുരേന്ദ്രന്റെ വോട്ട് വലിയതോതിൽ ഉയർത്തിയത്. ബിജെപി ആലപ്പുഴയിൽ ഇങ്ങനെയൊരു ഘടകം രൂപീകരിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പും വോട്ടെണ്ണലും കഴിഞ്ഞാണ് സിപിഎം പോലും ഇക്കാര്യം അറിഞ്ഞതെന്നാണ് സൂചന.