‘പീഡനക്കേസില്‍ മൊഴികൊടുത്ത ജീവനക്കാരിയെ ഇടുക്കിക്ക് മാറ്റിയ ആരോഗ്യമന്ത്രി ഞങ്ങളെ പഠിപ്പിക്കേണ്ട’
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ സംബന്ധിച്ചു നിയമസഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ചു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഓപ്പറേഷന്‍ തിയറ്റില്‍ പെണ്‍കുട്ടിയെ ജീവനക്കാരന്‍ പീഡിപ്പിച്ച സംഭവത്തില്‍ ശക്തമായ മൊഴി കൊടുത്ത ജീവനക്കാരിയെ ഇടുക്കിയിലേക്കു സ്ഥലംമാറ്റിയ ആളാണ് ആരോഗ്യമന്ത്രിയെന്നു സതീശന്‍ പറഞ്ഞു. ഇതോടെ ബഹളവുമായി ഭരണകക്ഷി അംഗങ്ങള്‍ എഴുന്നേറ്റു. എന്നാല്‍ വഴങ്ങാന്‍ പ്രതിപക്ഷ നേതാവ് കൂട്ടാക്കിയില്ല.
ഹൈക്കോടതി ഇടപെട്ട് ആ ജീവനക്കാരിയെ വീണ്ടും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിയമിച്ചെങ്കിലും ആ ഉത്തരവും വച്ച് ജീവനക്കാരിയെ ഏഴുദിവസം ആ വാതില്‍ക്കല്‍ ഇരുത്തിയ ആരോഗ്യമന്ത്രിയാണു ഞങ്ങളെ പഠിപ്പിക്കാന്‍ വരുന്നത്. 12 ക്രിമിനല്‍ കേസിലും കാപ്പാ കേസിലും പ്രതിയായ ഒരാളെ മാലയിട്ടു പാര്‍ട്ടിയിലേക്കു സ്വീകരിച്ച ഈ ആരോഗ്യമന്ത്രിയാണു നിലപാടിനെക്കുറിച്ചു ഞങ്ങളോടു പറയുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ പാര്‍ട്ടി അനുഭാവികളെയും പ്രവര്‍ത്തകരെയും സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരും പൊലീസും സ്വീകരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.