ഈ പ്രസിഡന്റിനെ മുന്നിൽ നിർത്തിയാൽ നമ്മൾ വിജയിക്കില്ല: ഹോളിവുഡ് താരം ജോർജ് ക്ലൂണി
Mail This Article
വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥിയാകുന്ന നിലവിലെ പ്രസിഡന്റ് ജോ ബൈഡനെതിരെയുള്ള എതിർപ്പ് ശക്തിയാർജിക്കുന്നു. യുഎസ് ജനപ്രതിനിധി സഭയുടെ സ്പീക്കറായിരുന്ന നാൻസി പെലോസി, ഹോളിവുഡ് താരവും പാർട്ടിക്ക് ഫണ്ട് നൽകുകയും ചെയ്യുന്ന ജോർജ് ക്ലൂണിയും ഉൾപ്പെടെയുള്ളവരാണു രംഗത്തെത്തിയത്. ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ എന്നു ജോ ബൈഡൻ പെട്ടെന്നു തീരുമാനമെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇവരുന്നയിച്ച എതിർപ്പ് മറ്റുള്ളവരുടെകൂടി പിന്തുണ നേടിയെടുക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്.
ബൈഡന്റെ ദീർഘകാല അനുയായി കൂടിയായ പെലോസിയും സ്ഥാനാർഥിത്വത്തെക്കുറിച്ചു പറഞ്ഞത് ബൈഡൻ ക്യാംപിൽ ചർച്ചയായി. ഈ പ്രസിഡന്റിനെ മുന്നിൽനിർത്തിയാൽ നമ്മൾ നവംബറിൽ വിജയിക്കില്ലെന്നാണ് ജോർജ് ക്ലൂണി ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനത്തിൽ പറയുന്നത്. ‘‘ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സും സെനറ്റും നമ്മുടെ കൈയിൽനിന്നു പോകും. ഇതെന്റെ അഭിപ്രായം മാത്രമല്ല, എല്ലാ സെനറ്റർമാരുടെയും കോൺഗ്രസ് അംഗങ്ങളുടെയും ഞാൻ സംസാരിച്ച ഗവർണർമാരുടെയും നിലപാടാണ്. പുറമേ എന്തു പറഞ്ഞാലും സ്വകാര്യമായി എല്ലാവരും ഇതേ അഭിപ്രായം ഉള്ളവരാണ്’’ – ക്ലൂണി കൂട്ടിച്ചേർത്തു.
ജൂണിൽ ബൈഡനുവേണ്ടി ക്ലൂണിയുടെ നേതൃത്വത്തിൽ ഫണ്ട് റെയ്സിങ് ക്യാംപെയ്ൻ നടത്തിയത് വൻ വിജയമായിരുന്നു.