ആ രത്നഭണ്ഡാരത്തിൽ എന്തൊക്കെ നിധിയുണ്ടാകും? ഒഡീഷ പുരി ജഗന്നാഥ ക്ഷേത്രത്തിലെ നിലവറയായ ‘രത്നഭണ്ഡാരം’ 46 വർഷത്തിനു ശേഷം തുറക്കുമ്പോൾ ഏവരുടെയും മനസ്സിലുയരുന്ന ചോദ്യമാണിത്. താക്കോൽ കളഞ്ഞുപോയെന്ന വിവാദമുണ്ടായ ക്ഷേത്രത്തിലെ നിലവറ ഇന്നു തുറക്കുകയാണ്. ക്ഷേത്രത്തിലെ കണക്കെടുക്കാനായി ഡ്യൂപ്ലിക്കറ്റ് താക്കോൽ

ആ രത്നഭണ്ഡാരത്തിൽ എന്തൊക്കെ നിധിയുണ്ടാകും? ഒഡീഷ പുരി ജഗന്നാഥ ക്ഷേത്രത്തിലെ നിലവറയായ ‘രത്നഭണ്ഡാരം’ 46 വർഷത്തിനു ശേഷം തുറക്കുമ്പോൾ ഏവരുടെയും മനസ്സിലുയരുന്ന ചോദ്യമാണിത്. താക്കോൽ കളഞ്ഞുപോയെന്ന വിവാദമുണ്ടായ ക്ഷേത്രത്തിലെ നിലവറ ഇന്നു തുറക്കുകയാണ്. ക്ഷേത്രത്തിലെ കണക്കെടുക്കാനായി ഡ്യൂപ്ലിക്കറ്റ് താക്കോൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആ രത്നഭണ്ഡാരത്തിൽ എന്തൊക്കെ നിധിയുണ്ടാകും? ഒഡീഷ പുരി ജഗന്നാഥ ക്ഷേത്രത്തിലെ നിലവറയായ ‘രത്നഭണ്ഡാരം’ 46 വർഷത്തിനു ശേഷം തുറക്കുമ്പോൾ ഏവരുടെയും മനസ്സിലുയരുന്ന ചോദ്യമാണിത്. താക്കോൽ കളഞ്ഞുപോയെന്ന വിവാദമുണ്ടായ ക്ഷേത്രത്തിലെ നിലവറ ഇന്നു തുറക്കുകയാണ്. ക്ഷേത്രത്തിലെ കണക്കെടുക്കാനായി ഡ്യൂപ്ലിക്കറ്റ് താക്കോൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആ രത്നഭണ്ഡാരത്തിൽ എന്തൊക്കെ നിധിയുണ്ടാകും? ഒഡീഷ പുരി ജഗന്നാഥ ക്ഷേത്രത്തിലെ നിലവറയായ ‘രത്നഭണ്ഡാരം’ 46 വർഷത്തിനു ശേഷം തുറക്കുമ്പോൾ ഏവരുടെയും മനസ്സിലുയരുന്ന ചോദ്യമാണിത്. താക്കോൽ കളഞ്ഞുപോയെന്ന വിവാദമുണ്ടായ ക്ഷേത്രത്തിലെ നിലവറ ഇന്നു തുറക്കുകയാണ്. ക്ഷേത്രത്തിലെ കണക്കെടുക്കാനായി ഡ്യൂപ്ലിക്കറ്റ് താക്കോൽ ഹാജരാക്കാൻ ക്ഷേത്രം അഡ്മിനിസ്ട്രേറ്റർക്കു ജസ്റ്റിസ് ബിശ്വനാഥ് രഥ് ചെയർമാനായ ഉന്നതതല സമിതി നിർദേശം നൽകി. താക്കോൽ എത്തിച്ചില്ലെങ്കിൽ പൂട്ടുപൊളിക്കും. 1978 ലാണു ഭണ്ഡാരം അവസാനമായി തുറന്നത്. 

പതിറ്റാണ്ടുകൾക്കു ശേഷം ക്ഷേത്ര നിലവറ തുറക്കുന്നെന്നു കേൾക്കുമ്പോൾ മലയാളികളുടെ ഓർമയിലെത്തുക തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രമാണ്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഏഴംഗ സംഘം 2011 ജൂൺ 27ന് പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകൾ തുറന്നു പരിശോധിച്ചു. അതിശയിപ്പിച്ച സ്വർണത്തിളക്കമായിരുന്നു നിലവറകളിൽ. ആയിരക്കണക്കിനു സ്വർണമാലകൾ, എണ്ണിയാലൊടുങ്ങാത്ത രത്‌നങ്ങൾ, ഒന്നരയടിയിലേറെ വലുപ്പമുള്ള 1500 ലേറെ സ്വർണക്കുടങ്ങൾ, രത്നങ്ങൾ പതിച്ച കിരീടം, നെന്മണിയുടെ വലുപ്പത്തിൽ സ്വർണമണികൾ, സ്വർണദണ്ഡുകൾ... അങ്ങനെ കണ്ണഞ്ചിപ്പിക്കുന്ന നിധിശേഖരം. ഇതുപോലെ പുരി ജഗന്നാഥ ക്ഷേത്രത്തിലും വിസ്മയങ്ങളുണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ADVERTISEMENT

∙ ഇപ്പോൾ തുറക്കുന്നത് എന്തിന്?

പുരി ജഗന്നാഥ ക്ഷേത്രത്തിലെ നിയമാവലി അനുസരിച്ച് 3 വർഷത്തിലൊരിക്കലാണു ഭണ്ഡാരം തുറന്നു പരിശോധിക്കേണ്ടത്. ഈ ഭണ്ഡാരം ലോക്സഭാ– നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഒഡീഷയിലെ വിവാദ വിഷയമായിരുന്നു. അധികാരത്തിലെത്തിയാൽ ഭണ്ഡാരം തുറന്ന് കണക്കെടുപ്പ് നടത്തുമെന്നായിരുന്നു ബിജെപിയുടെ വാഗ്ദാനം. ഒഡീഷ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബിശ്വനാഥ് രഥിന്റെ അധ്യക്ഷതയിൽ രൂപീകരിച്ച ഉന്നതതല സമിതിയാണു നാലര പതിറ്റാണ്ടിനുശേഷം ക്ഷേത്രഭണ്ഡാരം തുറക്കുന്നത്. നിലവിലെ താക്കോൽ ഉപയോഗിച്ച് സമീപകാലത്ത് ഉള്ളിലെ അറ തുറന്നിട്ടില്ല. പതിറ്റാണ്ടുകളായി അകത്തെ അറ തുറക്കാത്തതിനാൽ പൂട്ട് തുരുമ്പെടുത്തിരിക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണു പൂട്ട് പൊളിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നത്. സ്വർണാഭരണങ്ങളും വിലയേറിയ കല്ലുകളും തിരിച്ചറിയാനും അളവെടുക്കാനും വിദഗ്ധരുടെ സംഘമുണ്ടാകും.

പുരി ജഗന്നാഥ ക്ഷേത്രം. Photo: PTI

‘‘രത്‌നഭണ്ഡാരം തുറക്കുന്നതിന് അപ്പുറമാണു ഞങ്ങളുടെ നിയോഗം. വിലപിടിപ്പുള്ള വസ്തുക്കളുടെ പട്ടിക തയാറാക്കണം. രത്‌നഭണ്ഡാരത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തണം. ഈ സമയത്ത് അമൂല്യ വസ്തുക്കൾ ഭണ്ഡാരത്തിൽത്തന്നെ വയ്ക്കാൻ കഴിയില്ലെന്നു തോന്നിയാൽ, താൽക്കാലത്തേക്കു മാറ്റാൻ അനുയോജ്യവും സുരക്ഷിതവുമായ സ്ഥലം തീരുമാനിക്കാൻ ക്ഷേത്ര മാനേജിങ് കമ്മിറ്റിയോട് ആവശ്യപ്പെടും.’’– ജസ്റ്റിസ് ബിശ്വനാഥ് രഥ് പറഞ്ഞു. രേഖകൾ പ്രകാരം രത്‌നഭണ്ഡാരത്തിൽ മൊത്തം 454 സ്വർണ വസ്തുക്കളും (128.38 കിലോഗ്രാം) 293 വെള്ളി സാമഗ്രികളും (221.53 കിലോഗ്രാം) ഉണ്ടെന്നാണു കണക്ക്.

∙ 16 ആനപ്പുറത്ത് സമ്പത്ത് നൽകിയ രാജാവ്

മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണനെ ജഗന്നാഥനായി സങ്കല്‍പിച്ച് ആരാധിക്കുന്ന പുരി ക്ഷേത്രം ചാര്‍ധാമുകളില്‍ ഒന്നാണ്. ബദരീനാഥ്, ദ്വാരക, രാമേശ്വരം എന്നിവയാണു മറ്റു ചാര്‍ധാം ക്ഷേത്രങ്ങൾ. പുരി ക്ഷേത്രത്തിലെ രത്നഭണ്ഡാരം പേരുപോലെതന്നെ വിലമതിക്കാനാകാത്ത നിധിയുടെ ശേഖരമാണ്. ക്ഷേത്രത്തിലെ ആരാധനാ മൂർത്തികളായ ജഗന്നാഥൻ, ബലഭദ്രൻ, സുഭദ്ര എന്നിവർക്കായി നൂറ്റാണ്ടുകളായി ഭക്തരും രാജാക്കന്മാരും സംഭാവന ചെയ്ത വിലയേറിയ ആഭരണങ്ങളും മറ്റുമാണ്, 12–ാം നൂറ്റാണ്ടിൽ നിർമിച്ച ശ്രീകോവിലിലെ ഭണ്ഡാരത്തിലുള്ളത്. 

ക്ഷേത്ര സമുച്ചയത്തിൽ ജഗമോഹനത്തിന്റെ (അസംബ്ലി ഹാൾ) വടക്കുഭാഗത്തായി 60 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണു ‌രത്നഭണ്ഡാരം. 11.78 മീറ്റർ ഉയരമുള്ള ഭണ്ഡാരത്തിന് 8.79 മീറ്റർ നീളവും 6.74 മീറ്റർ വീതിയുമുണ്ട്. 2 അറകളാണുള്ളത് - ബഹാര ഭണ്ഡാർ (പുറത്തെ അറ), ഭിതാര ഭണ്ഡാർ (അകത്തെ അറ). രത്നഭണ്ഡാരത്തിന്റെ വടക്കുഭാഗത്തെ മതിൽ പ്രധാന ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. പുരിയിലെ രഥയാത്ര ലോകപ്രശസ്തമാണ്. എല്ലാ വർഷവുമുള്ള രഥയാത്രയിൽ വിഗ്രഹങ്ങൾക്കു സ്വർണാഭരണങ്ങൾ അണിയിക്കുന്ന ‘സുനാ ബേഷ’ ചടങ്ങിനും പ്രധാന ഉത്സവവേളയിലും പുറത്തെ അറ തുറക്കാറുണ്ട്. രത്നഭണ്ഡാരം തുറക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതി വേണം.

ADVERTISEMENT

12-ാം നൂറ്റാണ്ടിൽ നിർമിച്ച ക്ഷേത്രത്തിൽ പിന്നീടാണു രത്നഭണ്ഡാരം കൂട്ടിച്ചേർത്തത്, ഇത് എന്നാണെന്നു നിശ്ചയമില്ല. ഭഗവാൻ ജഗന്നാഥനോടുള്ള ഭക്തിയിൽ കേശാരി, ഗംഗ, സൂര്യവംശി, ഭോയ് രാജവംശങ്ങളിലെ രാജാക്കന്മാരും നേപ്പാളിലെ ഭരണാധികാരികളും ഉൾപ്പെടെ സ്വർണം, വെള്ളി, വജ്രം, രത്നങ്ങൾ തുടങ്ങിയവ സമർപ്പിച്ചിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കീഴടക്കിയശേഷം ഗജപതി രാജാവ് കപിലേന്ദ്ര ദേവ് 16 ആനകളുടെ പുറത്തുകൊണ്ടുവന്ന മുഴുവൻ സമ്പത്തും ആഭരണങ്ങളും സംഭാവന ചെയ്തതായി ക്ഷേത്രത്തിലെ ജയ-വിജയ കവാടത്തിലെ ലിഖിതത്തിലുണ്ട്. കപിലേന്ദ്ര ദേവിന്റെ ഭരണകാലത്താണു മൂന്നു വിഗ്രഹങ്ങളിലും സ്വർണം ധരിപ്പിക്കുന്ന ‘സുനാ ബേഷ’ ചടങ്ങ് ആരംഭിച്ചത്. പല കാലങ്ങളിലെ ആക്രമണങ്ങളിൽ 18 തവണ ക്ഷേത്രം കൊള്ളയടിക്കപ്പെട്ടിരുന്നു.

∙ അമൂല്യ നിധി, ബാങ്കിൽ 600 കോടി

ബ്രിട്ടിഷ് ഭരണകാലത്താണു രത്‌നഭണ്ഡാരത്തിലെ വസ്തുക്കളുടെ ഔദ്യോഗിക കണക്കു തയാറാക്കിയത്. 1805 ജൂൺ 10ന് പുരി കലക്ടർ ചാൾസ് ഗ്രോം ‘ജഗന്നാഥ ക്ഷേത്ര റിപ്പോർട്ട്’ പ്രസിദ്ധീകരിച്ചു. 64 സ്വർണ, വെള്ളി ആഭരണങ്ങൾ, 128 സ്വർണ നാണയങ്ങൾ, 24 സ്വർണപ്പതക്കങ്ങൾ, 1297 വെള്ളി നാണയങ്ങൾ, 106 ചെമ്പു നാണയങ്ങൾ, 1333 തരം വസ്ത്രങ്ങൾ എന്നിവയുണ്ടെന്നായിരുന്നു റിപ്പോർട്ട്. പിന്നീട് 1926 ൽ പുരിയിലെ രാജാവ് അംഗീകരിച്ച ആഭരണപ്പട്ടിക പുരി കലക്ടറേറ്റിലെ റെക്കോർഡ് റൂമിൽ സൂക്ഷിച്ചു. 1952 ൽ ക്ഷേത്രഭരണം ഏറ്റെടുക്കുന്നതിനായി ശ്രീ ജഗന്നാഥ ക്ഷേത്ര ഭരണനിയമം നിലവിൽ വന്നപ്പോൾ റെക്കോർഡ് ഓഫ് റൈറ്റ്സ് തയാറാക്കി. ഇതുപ്രകാരം, ഭണ്ഡാരത്തിൽ 150 സ്വർണാഭരണങ്ങളും 180 മറ്റ് ആഭരണങ്ങളും 146 വെള്ളി വസ്തുക്കളുമുണ്ട്. 

പുരി ജഗന്നാഥ ക്ഷേത്രത്തിൽ സുനാ ബേഷ ചടങ്ങിനെത്തിയ ഭക്തർ. Photo: PTI

വിഗ്രഹങ്ങളിലെ ആഭരണങ്ങൾ നന്നാക്കാനോ പുതിയവ നിർമിക്കാനോ സ്വർണമോ വെള്ളിയോ വേണ്ടപ്പോഴാണ് അകത്തെ അറ തുറക്കാറുള്ളത്. 1978ൽ ഭണ്ഡാരം തുറക്കുന്നതിനു നേതൃത്വം നൽകിയ ഒഡീഷ ഗവർണർ ബി.ഡി.ശർമ, ആഭരണങ്ങളുടെയും വിലയേറിയ കല്ലുകളുടെയും മൂല്യനിർണയത്തിനു തമിഴ്‌നാട് ഗവർണറോടു സഹായം ചോദിച്ചു. തമിഴ്നാട്ടിലെ 4 പ്രശസ്ത ജ്വല്ലറികളെ ഇതിനായി ഏർപ്പാടാക്കി. പക്ഷേ പുറത്തുനിന്നുള്ള വെളിച്ചമെത്താത്ത ഭണ്ഡാരത്തിൽ പ്രകാശത്തിന് വിളക്കോ പന്തമോ തെളിക്കണം. സൂര്യപ്രകാശത്തിൽ പരിശോധിച്ചാലേ യഥാർഥ ഗുണനിലവാരം അറിയാനാകൂയെന്നു ജ്വല്ലറിക്കാർ പറഞ്ഞു. രത്‌നഭണ്ഡാരത്തിനു പുറത്തേക്ക് ആഭരണങ്ങൾ കൊണ്ടുപോകാനാവില്ലെന്നു നിയമം ഉള്ളതിനാൽ അന്നു മൂല്യനിർണയം സാധ്യമായില്ല. അതിനാൽതന്നെ നിധിശേഖരത്തിന്റെ കൃത്യമായ മൂല്യം ആർക്കുമറിയില്ല.

രത്നഭണ്ഡാരത്തിലെ അളവറ്റ നിധിശേഖരത്തിനു പുറമെ, ജഗന്നാഥ ക്ഷേത്രത്തിന്റെ പേരിൽ ബാങ്കിൽ 600 കോടിയോളം രൂപയുടെ നിക്ഷേപമുണ്ടെന്നാണു 2023 ലെ കണക്ക്. ക്ഷേത്രത്തിലേക്കു ഭക്തർ സംഭാവന ചെയ്ത സ്വർണം ദേശസാൽകൃത ബാങ്കിലാണ്. ഇതു 3 കിലോ വരും. ഒഡീഷയിൽ ഭഗവാൻ ജഗന്നാഥന്റെ ഉടമസ്ഥതയിൽ 60,426 ഏക്കർ ഭൂമിയുണ്ട്. ബംഗാളിൽ 322.9 ഏക്കർ, മഹാരാഷ്ട്രയിൽ 28.2 ഏക്കർ, മധ്യപ്രദേശിൽ 25.1 ഏക്കർ, ആന്ധ്രപ്രദേശിൽ 17 ഏക്കർ, ഛത്തീസ്ഗഡിൽ 1.7 ഏക്കർ, ബിഹാറിൽ 0.3 ഏക്കർ എന്നിങ്ങനെ 6 സംസ്ഥാനങ്ങളിലും ഭൂമിയുണ്ട്. ക്ഷേത്രം 800 കോടി രൂപ ചെലവിൽ ഇക്കഴിഞ്ഞ ജനുവരിയിൽ നവീകരിച്ചിരുന്നു. മുൻപ് 5 ഏക്കർ സ്ഥലത്തായിരുന്നു ക്ഷേത്രം. കലിംഗ വാസ്തുവിദ്യ പ്രകാരം ക്ഷേത്ര പരിസരം മോടിപിടിപ്പിക്കാനായി ചുറ്റുമുള്ള കെട്ടിടങ്ങളും മഠങ്ങളും വ്യാപാര സ്ഥാപനങ്ങളും ഒഴിപ്പിച്ച് 21 ഏക്കർ കൂടി ഏറ്റെടുത്തിരുന്നു.

ADVERTISEMENT

∙ ഭണ്ഡാരത്തിലെ രാഷ്ട്രീയം

2018 ൽ രത്നഭണ്ഡാരത്തിന്റെ ചുമരും തറയും മേൽക്കൂരയും പരിശോധിച്ചു സുരക്ഷ ഉറപ്പാക്കാനായി തുറക്കാൻ തീരുമാനിച്ചു. 2 പുരാവസ്തു വിദഗ്ധർ ഉൾപ്പെട്ട പത്തംഗ സംഘത്തെയാണു നിയോഗിച്ചത്. പരിശോധകർക്ക് തോർത്തു മാത്രമേ ധരിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. 1984 ലും ഭണ്ഡാരം പരിശോധിച്ചിരുന്നെങ്കിലും പ്രധാന അറകൾ തുറന്നിരുന്നില്ല. 1984 ൽ അഡ്മിനിസ്ട്രേറ്ററായിരുന്ന ആർ.എൻ.മിശ്ര, അന്നത്തെ പരിശോധനയിൽ നിലവറയിൽനിന്നു പാമ്പുകളുടെ സീൽക്കാരം കേട്ടതായി അറിയിച്ചതിനെ തുടർന്നു പാമ്പുപിടിത്തക്കാരെയും എത്തിച്ചിരുന്നു. പരിശോധന നടക്കുമ്പോഴാണ്, രത്നഭണ്ഡാരത്തിന്റെ താക്കോൽ നഷ്ടപ്പെട്ടെന്ന വിവരം പുറത്തുവന്നത്. സംഭവം വിവാദമായതോടെ അന്നത്തെ മുഖ്യമന്ത്രി നവീൻ പട്നായിക് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു.

ഭണ്ഡാരത്തിന്റെ കളഞ്ഞുപോയ താക്കോൽ ഒഡീഷ രാഷ്ട്രീയത്തിൽ ചൂടൻ ചർച്ചയായി. ബിജു ജനതാദൾ സർക്കാരിനെതിരെ ഇതും ആയുധമാക്കിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പ്രചാരണം നയിച്ചത്. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാൽ താക്കോൽ നഷ്ടമായതു സംബന്ധിച്ച രഹസ്യങ്ങൾ പുറത്തുവിടുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ‘‘വീടിന്റെ താക്കോൽ കളഞ്ഞുപോകുമ്പോൾ നമ്മളെല്ലാവരും പുരി ജഗന്നാഥനെ പ്രാർഥിക്കും. മണിക്കൂറുകൾക്കുള്ളിൽ താക്കോൽ കിട്ടും. എന്നാൽ, ഭഗവാൻ ജഗന്നാഥന്റെ ഭണ്ഡാരത്തിന്റെ താക്കോൽ നഷ്ടമായിട്ട് 6 വർഷമായി. താക്കോൽ തമിഴ്നാട്ടിലേക്ക് പോയിട്ടുണ്ടാവും’’ എന്നാണു നവീൻ പട്നായിക്കിന്റെ വിശ്വസ്തൻ വി.കെ.പാണ്ഡ്യനെ ഉദ്ദേശിച്ച് മോദി ഒളിയമ്പെയ്തത്. ജുഡീഷ്യൽ അന്വേഷണ ഉത്തരവ് പുറത്തുവന്ന് ഏതാനും ദിവസം കഴിഞ്ഞപ്പോൾ പുരി ജില്ലാ കലക്ടർക്കു ഡ്യൂപ്ലിക്കറ്റ് താക്കോൽ അയച്ചുകിട്ടി.

∙ നമ്മുടെ നിലവറയിലെ നിധിത്തിളക്കം

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 14–ാം നൂറ്റാണ്ടിനു മുൻപുതന്നെ നിലവറയും ഉണ്ടായിരുന്നതായി മതിലകം രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. എ, ബി, സി, ഡി, ഇ, എഫ് എന്നീ 6 നിലവറകളിലാണു ശ്രീകോവിലിനു ചുറ്റുമായി സമർപ്പണ ശേഖരം സൂക്ഷിച്ചിരുന്നത്. ഇതിൽ ഇ, എഫ് നിലവറകളിൽ നിത്യപൂജയ്ക്കുള്ള സാമഗ്രികളാണ്. സി, ഡി നിലവറകളിൽ വിശേഷാവസരങ്ങളിൽ ആവശ്യമുള്ള വസ്തുക്കളാണ്. ഇതും ഇടയ്ക്കിടെ തുറക്കും. കോടതി ഉത്തരവിനെ തുടർന്ന് എ നിലവറ തുറന്നു. ബി നിലവറ ഇതുവരെ തുറന്നിട്ടുമില്ല. 6 നിലവറകളിൽ നിന്നായി 42,000 ത്തിലേറെ വസ്തുക്കളാണ് മൂല്യനിർണയ കമ്മിറ്റി വിലയിരുത്തിയത്. ഇവയുടെ ചിത്രങ്ങളടക്കമുള്ള വിവരങ്ങൾ കമ്മിറ്റി സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നു.

പത്മനാഭസ്വാമി ക്ഷേത്രം. Photo: PTI

ഗർഭഗൃഹത്തിന്റെ തെക്കു പുറംചുറ്റിലുള്ള എ നിലവറ തുറക്കുമ്പോൾ ആദ്യം കാണുന്നത് രണ്ടടിയോളം പൊക്കത്തിൽ കരിങ്കല്ലിൽ കൊത്തിയ സർപ്പരൂപമാണ്. ഇതിന്റെ പിന്നിലായാണ് ബി നിലവറ. 2 നിലകളിലായി 16 തടിപ്പെട്ടികളിലും ചാക്കുകളിലുമായി സ്വർണാഭരണങ്ങളും രത്നക്കല്ലുകളും പതക്കങ്ങളും എ നിലവറയിലുണ്ട്. ഇരുമ്പു ജാറുകളിൽ സ്വർണനാണയങ്ങളും സ്വർണമുത്തുകളും രാശിപ്പൊന്നും. 2 ലക്ഷത്തിലേറെ നാണയങ്ങൾ. അരയന്നത്തിന്റെ മാതൃകയിലുള്ള മാലകൾ, വിജയനഗര സാമ്രാജ്യത്തിന്റെ ചിഹ്നം പതിച്ച എഴുനൂറിലേറെ പതക്കങ്ങൾ, സ്വർണച്ചിരട്ടകൾ, വലിയ കൂമ്പാരം പേൾമുത്തുകൾ, ദീപാരാധനയ്ക്കുപയോഗിക്കുന്ന തട്ടുകളുള്ള സ്വർണവിളക്കുകൾ, രത്നങ്ങൾ, പന്ത്രണ്ടിലേറെ സ്വർണത്താമരപ്പൂക്കൾ, ചന്തിരമാലകൾ, കയർപിരി മാലകൾ, രത്നങ്ങൾ പതിച്ച കൈക്കെട്ടുകൾ, വിഷ്ണുപാദം, രാമപാദം പതക്കങ്ങൾ, വിവിധതരം വളകൾ, കിരീടങ്ങൾ, ചങ്ങലമാലകൾ, മാങ്ങാമാലകൾ, നാഗപടം താലി, അമൂല്യരത്നങ്ങൾ പതിച്ച പത്മനാഭന്റെ അരപ്പട്ട, ഉടയാട, പാമ്പണകൾ, ചാർത്താനുള്ള സ്വർണം, തോൾവളകൾ, രത്നങ്ങൾ പതിപ്പിച്ച മോതിരങ്ങൾ, 18 അടി നീളമുള്ള തങ്ക അങ്കി, വൈഡൂര്യമുൾപ്പെടെ രത്നങ്ങൾ പതിപ്പിച്ച ഒന്നരയടി പൊക്കമുള്ള കിരീടം തുടങ്ങിയവയാണ് എ നിലവറയിൽ കണ്ടത്.

ഇതുവരെയും തുറക്കാത്ത ‘ബി’ നിലവറ ഭരതക്കോണിലാണ്. ഗർഭഗൃഹത്തിന്റെ അടിവരെ നിലവറ എത്തുമെന്നാണു വിശ്വാസം. സ്വർണം, വെള്ളി കട്ടകളും പന്ത്രണ്ടോളം ഇരുമ്പുജാറുകളിൽ നിറയെ സ്വർണനാണയങ്ങളും ആഭരണങ്ങളും സ്വർണമണികളും ഉണ്ടെന്നാണു കേൾവി. ഈ നിലവറ തുറക്കാൻ കഠിനമായി ശ്രമിച്ചെങ്കിലും നടന്നില്ല. 2011 ജൂൺ 30ന് ഇതിന്റെ രണ്ടാംവാതിൽ തുറക്കാൻ ശ്രമിക്കുമ്പോൾ ജസ്റ്റിസ് സി.എസ്.രാജന്റെ കാൽ മുറിഞ്ഞു നിലവറയിൽ രക്തം വീണു. അതോടെ നിലവറ തുറക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. ‘സി’ നിലവറ വ്യാസക്കോണിലാണ്. സ്വർണ ദണ്ഡ്, സ്വർണ കൊപ്പറ, പ്രത്യേക ചടങ്ങുകൾക്കും ഉത്സവങ്ങൾക്കും ഉപയോഗിക്കേണ്ട സാധനങ്ങൾ, ഭഗവാനു ചാർത്താനുള്ള ആഭരണങ്ങൾ, സ്വർണക്കുടകൾ, നാഗപടം, വലിയ കാണിക്കയിടുന്ന നാണയങ്ങൾ ഇവയെല്ലാം ഏകദേശം 100 ചതുരശ്രയടി മുറിയിലെ തടിപ്പെട്ടിയിൽ അടുക്കിവച്ചിരിക്കുന്നു.

വ്യാസഭഗവാന്റെ പിന്നിലാണ് ‘ഡി’ നിലവറ. പ്രത്യേക ദിവസങ്ങളിലും ഉത്സവത്തിനും ഉപയോഗിക്കുന്ന ഗരുഡവാഹനങ്ങളുടെ അലങ്കാര സാധനങ്ങളാണിവിടെ. തെക്കേടം എന്നറിയപ്പെടുന്ന നരസിംഹമൂർത്തിയുടെ നിത്യപൂജയ്ക്കുള്ള സാമഗ്രികളാണ് ‘ഇ’ നിലവറയിൽ. ശ്രീപത്മനാഭന്റെ നിത്യപൂജയ്ക്കുള്ള സാമഗ്രികളാണ് എഫ് നിലവറയിൽ. അമിക്കസ് ക്യൂറിയുടെ നിർദേശ പ്രകാരം 2 അറകൾ കൂടി പുതുതായി തയാറാക്കി, ജിയും എച്ചും. ശ്രീകോവിലിന്റെ വടക്കുള്ള മുതൽപ്പടി മുറികൾക്കാണ് ജി, എച്ച് എന്നു പേരിട്ടത്. ഉത്സവത്തിനാവശ്യമായ വെള്ളിമുടി, പല്ലക്ക്, തലയണ, കുട, ചന്ദനക്കിണ്ണം, 35 കിലോയോളം ഭാരമുള്ള വെള്ളിക്കട്ടകൾ, ചാമരംകുറ്റികൾ തുടങ്ങിയവ ഈ രണ്ട് അറകളിലാണ് സൂക്ഷിച്ചിരിക്കുന്നത്.

English Summary:

Puri Jagannath's Ratna Bhandaram Opens After 46 Years