ADVERTISEMENT

തിരുവനന്തപുരം ∙ മാലിന്യം നീക്കം ചെയ്യാൻ റോബട്ടുകളെ ഉപയോഗിക്കണമെന്ന് ജെൻറോബട്ടിക്സ് സിഇഒ വിമൽഗോവിന്ദ്. ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയി എന്ന തൊഴിലാളിക്കു വേണ്ടിയുള്ള തിരച്ചിലിൽ ഉപയോഗിച്ച റോബട്ടിനെ നിർമിച്ചത് ടെക്നോപാർക്ക് ആസ്ഥാനമായ ജെൻറോബട്ടിക്സ് ഇന്നവേഷൻ എന്ന കമ്പനിയാണ്. ‘‘കാലം മാറുകയാണ്. തോട്ടിലിറങ്ങി മാലിന്യം വാരുന്നത് മനുഷ്യൻ ചെയ്യേണ്ട ജോലിയല്ല. റോബട്ടുകളെ ഇതിനായി ഉപയോഗിക്കണം. ഒരു സാമൂഹിക വിഷയമായാണ് ഇതിനെ കാണുന്നത്. സംസ്ഥാന സർക്കാരോ നഗരസഭയോ മുന്നിട്ടിറങ്ങിയാൽ മാലിന്യ നിർമാർജനത്തിനായി റോബട്ടുകളെ നിർമിക്കാൻ തയാറാണ്. തിരുവനന്തപുരത്ത് റെയിൽവേയ്ക്കും ഈ സംവിധാനം ഉപയോഗിക്കാം’’ – വിമൽ ഗോവിന്ദ് മനോരമ ഓൺലൈനിനോട് പറഞ്ഞു. 

തിരുവനന്തപുരം വിമാനത്താവളത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായി, അവിടെ മാലിന്യം വാരാൻ ജൻറോബോട്ടിക്സ് നിർമിച്ച റോബട്ടിനെ വൈകാതെ ലഭ്യമാക്കുമെന്ന് വിമൽ ഗോവിന്ദ് പറഞ്ഞു. യാതൊരു സാമ്പത്തിക സഹായവും പ്രതീക്ഷിക്കാതെയാണ് തിരുവനന്തപുരത്ത് ജോയിയെ രക്ഷിക്കാനായി ഇറങ്ങിത്തിരിച്ചത്. വാരാന്ത്യ അവധിക്കു നാട്ടിൽ പോയവർ ഉൾപ്പെടെ മടങ്ങിയെത്തിയാണ് രക്ഷാദൗത്യത്തിൽ പങ്കാളികളായത്. മാൻഹോളിൽ ഇറങ്ങി മാലിന്യം വാരി പുറത്തെത്തിക്കാൻ ശേഷിയുള്ള ഈ റോബട്ടിൽ ഘടിപ്പിച്ചിട്ടുള്ള ക്യാമറ വഴി മുകളിലെ മോണിറ്ററിലൂടെ മാൻഹോളിന്റെ ഉൾബാഗം നിരീക്ഷിക്കാൻ കഴിയും. ഭാവിയിൽ സ്കൂബ ഡൈവർമാർക്കും അഗ്നിരക്ഷാസേനയ്ക്കും ഈ സംവിധാനം ഉപയോഗിക്കാമെന്നും വിമൽ ഗോവിന്ദ് പറഞ്ഞു.

ജോയിക്കു വേണ്ടിയുള്ള തിരച്ചിലിൽ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കാൻ ജെൻറോബട്ടിക്സിന്റെ ബാൻഡികൂട്ട് എന്ന റോബട് അധികൃതർക്കു വലിയ സഹായമായി. രണ്ടാംദിവസമായ ഇന്ന് ക്യാമറ ഘടിപ്പിച്ച ഡ്രാകോ എന്ന റോബട്ടിനെയും ഉപയോഗിച്ചിരുന്നു. വിമൽ ഗോവിന്ദ് സംസാരിക്കുന്നു.

കലക്ടറേറ്റിൽനിന്നു വിളി...

ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് കലക്ടറേറ്റിൽനിന്നു ഫോൺ വിളിയെത്തുന്നത്. ഇങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ അറിഞ്ഞിരുന്നില്ല. ഉടൻ ഓൺലൈനിൽ‌ വാർത്ത വായിച്ചശേഷം റോബട്ടുമായി തമ്പാനൂരിലേക്ക് കുതിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലെ സ്ലാബ് നീക്കി റോബട്ടിനെ മാൻഹോളിലേക്കു കടത്തി. പുലർച്ചെ 3 മണിവരെ റോബട് മാലിന്യം നീക്കി. പുലർച്ചെയോടെ ഫയർഫോഴ്സിന് ഉള്ളിലിറങ്ങി പരിശോധിക്കാനും ഇത് സഹായിച്ചു.

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ കരാർ തൊഴിലാളി ജോയിക്കായുള്ള തിരച്ചിൽ. ചിത്രം: ശ്രീലക്ഷ്മി ശിവദാസ്, മനോരമ
ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ കരാർ തൊഴിലാളി ജോയിക്കായുള്ള തിരച്ചിൽ. ചിത്രം: ശ്രീലക്ഷ്മി ശിവദാസ്, മനോരമ

ആദ്യം 2018 ൽ

‘‘2015 ൽ കോഴിക്കോട് നഗരത്തിൽ അഴുക്കുചാലിലെ മാൻഹോൾ വൃത്തിയാക്കുന്നതിനിടയിൽ വിഷവാതകം ശ്വസിച്ചു രണ്ട് അതിഥിത്തൊഴിലാളികളും അവരെ രക്ഷിക്കാനെത്തിയ നൗഷാദ് എന്ന ഓട്ടോഡ്രൈവറും മരിച്ച സംഭവമാണ് ബാൻഡികൂട്ട് എന്ന റോബട്ടിനെ നിർമിക്കാൻ പ്രചോദനമായത്. 2018 ൽ സ്റ്റാർട്ടപ് സംരംഭമായ ജൻറോബട്ടിക്സ് നിർമിച്ച ബാൻഡികൂട്ട് മാൻഹോളുകൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്നുണ്ട്.

എന്താണ് ഡ്രാക്കോ?

ബാൻഡികൂട്ടിനെ മാലിന്യം വാരാനാണ് ഉപയോഗിച്ചതെങ്കിൽ ജോയിയെ കണ്ടെത്താനുള്ള തിരച്ചിലിനാണ് ഡ്രാക്കോയെ ഉപയോഗിച്ചത്. മൂന്നു നൈറ്റ് വിഷൻ ക്യാമറകൾ ഘടിപ്പിച്ചിട്ടുള്ള റോബട്ടിന്റെ പ്രവർത്തനം പുറത്തുനിന്ന് മോണിറ്റർ ചെയ്യാം. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ റിഫൈനറികളിൽ പരീക്ഷണാർഥം ഇത് ഉപയോഗിക്കുന്നുണ്ട്. ഒന്നരവർഷം മുൻപ് കിൻഫ്രയിലാണ് യന്ത്രഭാഗങ്ങൾ വികസിപ്പിച്ചത്.

ഉച്ചയ്ക്ക് കണ്ടത് ?

ഇന്ന് ഉച്ചയോടെ ജോയിയെ റോബട് കണ്ടെത്തിയെന്ന തരത്തിലുള്ള വാർത്ത വന്നിരുന്നു. എന്നാൽ മനുഷ്യരെ തിരിച്ചറിയാനുള്ള സംവിധാനം ഡ്രാക്കോയിൽ ഇല്ല. കട്ടിയുള്ള വസ്തുക്കൾ കണ്ടെത്താൻ സാധിക്കും. ചാക്കിൽ നിക്ഷേപിച്ച മാലിന്യമാണ് മനുഷ്യശരീരമാണെന്നു ഡ്രാക്കോ തെറ്റിദ്ധരിച്ചത്.

English Summary:

The Future of Waste Management: Robots Cleaning Our Garbage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT