ഉത്തരമില്ലാതെ പത്താം ദിനം: രാത്രി ഡ്രോൺ പരിശോധന നടന്നില്ല, പുഴയിൽ അടിയൊഴുക്ക്
ഷിരൂർ∙ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള രക്ഷാദൗത്യം പത്താം ദിനവും വ്യക്തമായ ഉത്തരമില്ലാതെ അവസാനിച്ചു. രാത്രി നടക്കേണ്ട ഡ്രോൺ പരിശോധന തടസ്സപ്പെട്ടതോടെയാണ് രക്ഷാപ്രവർത്തനം അനിശ്ചിതത്വത്തിലായത്.
ഷിരൂർ∙ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള രക്ഷാദൗത്യം പത്താം ദിനവും വ്യക്തമായ ഉത്തരമില്ലാതെ അവസാനിച്ചു. രാത്രി നടക്കേണ്ട ഡ്രോൺ പരിശോധന തടസ്സപ്പെട്ടതോടെയാണ് രക്ഷാപ്രവർത്തനം അനിശ്ചിതത്വത്തിലായത്.
ഷിരൂർ∙ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള രക്ഷാദൗത്യം പത്താം ദിനവും വ്യക്തമായ ഉത്തരമില്ലാതെ അവസാനിച്ചു. രാത്രി നടക്കേണ്ട ഡ്രോൺ പരിശോധന തടസ്സപ്പെട്ടതോടെയാണ് രക്ഷാപ്രവർത്തനം അനിശ്ചിതത്വത്തിലായത്.
ഷിരൂർ∙ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള രക്ഷാദൗത്യം പത്താം ദിനവും വ്യക്തമായ ഉത്തരമില്ലാതെ അവസാനിച്ചു. രാത്രി നടക്കേണ്ട ഡ്രോൺ പരിശോധന തടസ്സപ്പെട്ടതോടെയാണ് രക്ഷാപ്രവർത്തനം അനിശ്ചിതത്വത്തിലായത്. ഗംഗാവലി പുഴയിലെ നീരൊഴുക്ക് വർധിച്ചതോടെ നാവികസേനാ ഡൈവിങ് സംഘം തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. പുഴയിൽനിന്ന് 20 അടി താഴ്ചയിൽ കണ്ടെത്തിയ ലോഹഭാഗങ്ങൾ അർജുൻ ഓടിച്ചിരുന്ന ലോറിയുടേതു തന്നെയാണെന്ന് ദൗത്യ സംഘം സ്ഥിരീകരിച്ചു. എന്നാൽ, ഏറ്റവും ഒടുവിൽ നടത്തിയ ഡ്രോൺ പരിശോധനയിലും പുഴയ്ക്കടിയിൽ മനുഷ്യസാന്നിധ്യം സ്ഥിരീകരിക്കാൻ ദൗത്യ സംഘത്തിന് സാധിച്ചിട്ടില്ല.
ഓറഞ്ച് അലർട്ടുള്ള ഷിരൂരിൽ ശക്തമായ മഴയാണ് ഇടവിട്ട് പെയ്തത്. ഇതോടെയാണ് പുഴയിലെ നീരൊഴുക്ക് വലിയ രീതിയിൽ വർധിച്ചതെന്ന് ദൗത്യ സംഘത്തിന് നേതൃത്വം നൽകുന്ന മലയാളി റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ നമ്പ്യാർ പറഞ്ഞു. 2 നോട്ട് വരെ ശക്തിയുള്ള അടിയൊഴുക്കിലൂടെയാണ് നാവികസേനാ ഡൈവർമാർക്ക് മുങ്ങിത്തപ്പാൻ സാധിക്കുക. ചിലസമത്ത് ജീവൻ പണയം വച്ച് മൂന്ന് നോട്ട് അടിയൊഴുക്കിലും നാവികസേന രക്ഷാപ്രവർത്തനത്തിന് ഇറങ്ങാറുണ്ട്. എന്നാൽ നിലവിൽ ഗംഗാവലി പുഴയിൽ 6 – 8 വരെ നോട്ടാണ് അടിയൊഴുക്കിന്റെ ശക്തി. ഇതിൽ ഡൈവർമാർ ഇറങ്ങുന്നത് ആത്മഹത്യാപരമാണെന്നും ഇന്ദ്രബാലൻ നമ്പ്യാർ പറഞ്ഞു.
നിലവിൽ ലോഹഭാഗം കണ്ടെത്തിയ നാല് സ്ഥലങ്ങളിലാണ് വെള്ളിയാഴ്ച ദൗത്യസംഘം പരിശോധന നടത്തുക. 30 മീറ്റർ പുഴയിലേക്ക് മാറി, 20 അടി താഴ്‌ചയിലാണ് ലോറി കണ്ടെത്തിയിരിക്കുന്നത്. ഇതിൽ നിലവിലെ സാഹചര്യത്തിൽ മുങ്ങിത്തപ്പി രക്ഷാപ്രവർത്തനം ദുഷ്കരമാണ്. മണ്ണിടിഞ്ഞ സമയത്ത് വീണ റോഡിന്റെ സേഫ്റ്റി റെയിൽ, ടവർ ഭാഗം, അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഭാഗം, മറ്റൊരു ഗ്യാസ് ടാങ്കർ എന്നിവയാണ് നിലവിൽ കണ്ടെത്തിയിരിക്കുന്നത്.
അർജുന്റെ ലോറിയിൽ ഉണ്ടായിരുന്ന 400 തടികളെ കുറിച്ചും ഏകദേശ ധാരണ ദൗത്യസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിൽ കുറെയേറെ തടിഭാഗങ്ങൾ പുഴയോരത്തെ നിരവധി വീട്ടുകാർക്ക് ലഭിച്ചിരുന്നു. ലോറി പുഴയിലേക്ക് മറിഞ്ഞ ഘട്ടത്തിൽ തടികൾ പുഴയിലേക്ക് വീണില്ലെന്നും പിന്നീടാണ് ലോറിയിൽ ഇത് വേർപെട്ടതെന്നുമാണ് ദൗത്യസംഘത്തിന്റെ നിഗമനം. കുറച്ച് നേരമെങ്കിലും തടിയോടുകൂടി ലോറി പുഴയിൽ ഒഴുകി നീങ്ങിയിരിക്കാനാണ് സാധ്യതയെന്നും പറയുന്നു. അർജുൻ കാബിനകത്ത് തന്നെയാണോ അതോ പുറത്തിറങ്ങിയിരുന്നോ എന്ന കാര്യത്തിലും വ്യക്തത കൈവന്നിട്ടില്ല. ലോറിക്കുള്ളിൽ മനുഷ്യസാന്നിധ്യമുണ്ടെന്ന് സ്ഥിരീകരിക്കാനും ഇതുവരെയും സാധിച്ചിട്ടില്ല.
അർജുൻ ഉണ്ടായിരുന്ന കാബിൻ ലോറിയിൽനിന്ന് വിട്ടുപോകാൻ സാധ്യതയില്ലെന്നാണ് കമ്പനി അധികൃതർ അറിയിച്ചതെന്ന് ദൗത്യസംഘം വിശദീകരിച്ചു. ലോറി കണ്ടെത്തിയ ഭാഗത്തെ അടിയൊഴുക്ക് കുറയ്ക്കാനാണ് നിലവിൽ ഡ്രഡ്ജ് ചെയ്ത് ശ്രമിക്കുന്നതെന്ന് ഉത്തര കന്നഡ കലക്ടർ ലക്ഷ്മിപ്രിയ പറഞ്ഞു. പുഴയുടെ അരിക് വശത്താണ് ഡ്രഡ്ജ് ചെയ്യുന്നത്. ഇത് വഴി ലോറി കണ്ടെത്തിയ പുഴയുടെ മധ്യഭാഗത്തെ അടിയൊഴുക്ക് കുറയ്ക്കുകയാണ് ലക്ഷ്യം.
രാത്രിയും ശക്തമായ മഴയാണ് ഷിരൂരിൽ പെയ്യുന്നത്. ഇത് വെള്ളിയാഴ്ച നടക്കാനിരിക്കുന്ന രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചേക്കാം. അടുത്ത മൂന്ന് ദിവസം ഉത്തര കന്നഡയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡ്രോൺ പരിശോധന രാത്രി നടക്കാത്തതിനാൽ കാലാവസ്ഥ അനുകൂലമാകുന്നത് വരെ കാത്തിരിക്കണമെന്നാണ് ഉത്തര കന്നഡ ജില്ലാ കലക്ടർ അറിയിച്ചിരിക്കുന്നത്.