‘വിജയത്തിനായി സാധ്യമായതെല്ലാം ചെയ്യും’: കമലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഒബാമയും മിഷേലും
Mail This Article
വാഷിങ്ടൺ∙ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിന് കമല ഹാരിസിനു പിന്തുണ പ്രഖ്യാപിച്ച് മുൻ പ്രസിഡന്റ് ബറാക് ഒബാമയും ഭാര്യ മിഷേൽ ഒബാമയും. കമല ഹാരിസിന്റെ വിജയത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് ബറാക് ഒബാമയും മിഷേലും ഫോണിലൂടെ കമല ഹാരിസിനെ അറിയിച്ചു. ‘‘നിങ്ങളിൽ അഭിമാനമുണ്ട്. ഇതൊരു ചരിത്രമായി മാറാൻ പോകുകയാണ്’’–മിഷേൽ പറഞ്ഞു. ഇരുവരോടും കമല ഹാരിസ് നന്ദി അറിയിച്ചു. ഡെമോക്രാറ്റിക് പാർട്ടിയിലെ ഏറ്റവും ജനസമ്മതനായ നേതാവാണ് ബറാക് ഒബാമ. കമലയ്ക്ക് ബറാക് ഒബാമ പിന്തുണ പ്രഖ്യാപിക്കാത്തത് ചർച്ചയായിരുന്നു.
ആരോഗ്യകാരണങ്ങളാൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മത്സരരംഗത്തുനിന്നു പിൻമാറിയതിനെ തുടർന്നാണ് അദ്ദേഹം കമലയുടെ പേര് നിർദേശിച്ചത്. മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് എതിരാളി. മത്സരത്തിൽനിന്ന് പിന്മാറാനുള്ള തീരുമാനം യുഎസ് ജനാധിപത്യത്തിന്റെ ഭാവിയെ കരുതിയാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. 2025 ജനുവരി 20 വരെയാണ് ബൈഡന്റെ ഭരണകാലാവധി. ബൈഡൻ പിന്മാറിയ ശേഷം തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി വോട്ടർമാർക്കിടയിൽ നടത്തിയ റോയിട്ടേഴ്സ്– ഇപ്സോസ് അഭിപ്രായ സർവേയിൽ ട്രംപിനെ(42% )ക്കാൾ നേരിയ മുൻതൂക്കം കമലയ്ക്കാണ് (44%).